കുടവയറാണോ പ്രശ്നം? ഭക്ഷണകാര്യത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുടവയർ കുറയ്ക്കാം, നോക്കാം വിശദമായി


ഇന്ന് പലരുടെയും പ്രധാന പ്രശ്നമാണ് കുടവയർ. അമിത വണ്ണവും കുടവയറും പല ആരോഗ്യപ്രശ്നങ്ങള്‍ക്കും കാരണമാകുമെന്നാണ് ആരോഗ്യവിദഗ്ദർ പറയുന്നത്. ഭൂരിഭാഗം ആളുകളിലും കാണുന്ന കുടവയർ ഉണ്ടാകാനുള്ള കാരണങ്ങള്‍ പലതാണ്. അതേപേലെ ശരിയായ രീതിയില്‍ ആഹാരം കഴിച്ചില്ലെങ്കിലും അത് അമിതവണ്ണത്തിലേയ്ക്കും കുടവയര്‍ വരുന്നതിനും കാരണമാകുന്നുണ്ട്. കുടവയര്‍ ഇന്ന് പുരുഷന്മാരില്‍ മാത്രമല്ല, സ്ത്രീകളിലും അമിതമായി വന്നുകൊണ്ടിരിക്കുകയാണ്.

ആഹാരകാര്യത്തിലെ അശ്രദ്ധകള്‍ ഒഴിവാക്കിയാല്‍ തന്നെ നല്ല ആരോഗ്യകരമായ തടിയും അതുപോലെ, നല്ല വയറും നിങ്ങള്‍ക്ക് സ്വന്തമാക്കാന്‍ സാധിക്കുന്നതാണ്. എന്തെല്ലാം കാര്യങ്ങളാണ് ഇതിന് വേണ്ടി ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം. ​

പ്രഭാതഭക്ഷണം​

ഒരിക്കലും രാവിലത്തെ ഭക്ഷണം കഴിക്കാതിരിക്കരുത്. രാത്രി മുഴുവന്‍ കഴിക്കാതിരുന്ന് നീണ്ട ഇടവേളയ്ക്ക് ശേഷം ശരീരത്തിലേയ്ക്ക് എത്തുന്ന ആഹാരമാണ് പ്രഭാതഭക്ഷണം. അതിനാല്‍ തന്നെ പ്രഭാതഭക്ഷണം ഹെല്‍ത്തി ആക്കിയാല്‍ ഇതിലെപോഷകങ്ങളെല്ലാം ശരീരത്തിലേയ്ക്ക് കൃത്യമായി എത്തുകയും ചെയ്യും.

ദഹനം കൃത്യമായി നടക്കുന്നതിനും ഇതിലൂടെ രക്തത്തിലേയ്ക്ക് കയറുന്ന പഞ്ചസ്സാരയുടെ അളവ് നിയന്ത്രിക്കാനും ഇത് സഹായിക്കുന്നുണ്ട്. ഇത് തടി കുറയ്ക്കാനും ശരീരത്തില്‍ കൊഴുപ്പ് അടിഞ്ഞ് കൂടാതിരിക്കാനും സഹായിക്കുന്നുണ്ട്.

അതുപോലെ, നല്ല ഫൈബര്‍ അടങ്ങിയ ആഹാരങ്ങള്‍ പ്രഭാത ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ വിശപ്പ് അനുഭവപ്പെടുന്നതും കുറയ്ക്കാന്‍ സഹായിക്കുന്നതാണ്.

​കൃത്യസമയം​

എല്ലാ ദിവസവും ഒരേ സമയത്ത് ആഹാരം കഴിച്ച് നോക്കൂ. നിങ്ങള്‍ക്ക് അമിതമായി തടി വെക്കുകയില്ല എന്നത് മാത്രമല്ല, ദഹന പ്രശ്‌നങ്ങളും നിങ്ങള്‍ക്ക് കുറവായിരിക്കും. അതുപോലെ, മൂന്ന് നേരം കൃത്യമായി കഴിക്കാനും നിങ്ങള്‍ മറക്കരുത്.

ഇത്തരത്തില്‍ എന്നും കൃത്യസമയത്ത് ആഹാരം കഴിക്കാന്‍ ആരംഭിച്ചാല്‍ നിങ്ങള്‍ക്ക് അമിതമായി വിശപ്പ് അനുഭവപ്പെടാതിരിക്കാന്‍ ഇത് സഹായിക്കും. കൂടാതെ, ശരീരഭാരം നിയന്ത്രിക്കാനും ഇത് സഹായിക്കും. ​

നിങ്ങള്‍ കഴിക്കാന്‍ എടുക്കുന്ന പാത്രം എല്ലായ്‌പ്പോഴും ചെറുതായിരിക്കാന്‍ ശ്രദ്ധിക്കുക. ഇത് ആഹാരം കുറച്ച് എടുക്കുന്നതിന് സഹായിക്കും. കുറച്ച് ആഹാരം കഴിച്ചാല്‍ അത് കൃത്യമായി ദഹിക്കുകയും അതുപോലെ, പോഷകങ്ങള്‍ കൃത്യമായി ശരീരത്തില്‍ എത്തുന്നതിനും ഇത് സഹായിക്കുന്നു.

ഇത്തരത്തില്‍ കൃത്യമായി ദഹനം നടക്കുകയും മിതമായ ആളവില്‍ കഴിക്കുന്നത് ശരീരത്തില്‍ കൊഴുപ്പ് അടിയുന്നത് കുറയ്ക്കുന്നു. ഇത് കൂടാതെ, നിങ്ങള്‍ ഇത് സാവധാനത്തില്‍ ചവച്ചരച്ച് കഴിക്കുമ്പോള്‍ വയര്‍ നിറഞ്ഞതായി തലച്ചോറിന് സിഗ്നല്‍ ലഭിക്കുന്നു. അതിനാല്‍ തന്നെ വിശപ്പ് ശമിക്കുകയും ചെയ്യുന്നു. ഇത് വയറും തടിയും കുറയ്ക്കാന്‍ സഹായിക്കും.

നമ്മള്‍ ബ്യൂട്ടി പ്രോഡക്ട്‌സ് വാങ്ങിക്കുമ്പോള്‍ അതിന്റെ പ്രത്യേകതകള്‍ എന്തെല്ലാമാണ് എന്തെല്ലാം ചേര്‍ത്തിട്ടുണ്ട്, എത്ര അളവില്‍ ഉണ്ട് എന്നെല്ലാം ശ്രദ്ധിക്കും. എന്നാല്‍, ആഹാരസാധനങ്ങള്‍ വാങ്ങുമ്പോള്‍ വില മാത്രം ശ്രദ്ധിച്ചാല്‍ പോര, അതില്‍ ചേര്‍ത്തിരിക്കുന്ന ചേരുവകളും ശ്രദ്ധിക്കേണ്ടത് അനിവാര്യമാണ്.

നിങ്ങളുടെ ശരീരത്തിന് ചേരുന്ന വിധത്തില്‍, അല്ലെങ്കില്‍ നിങ്ങളുടെ ഡയറ്റിന് ചേരുന്ന വിധത്തിലുള്ള ചേര്ുവകളാണോ ഇതില്‍ ഉള്ളത് എന്ന് കൃത്യമായി പരിശോധിക്കണം. അതുപോലെ, കലോറി എത്രമാത്രം അടങ്ങിയിട്ടുണ്ട് എന്ന് പരിശോധിക്കുന്നതും നല്ലതാണ്.

ചിലര്‍ ഡയറ്റിന്റെ ഭാഗമായി ചില ആഹാരങ്ങള്‍ ഒഴിവാക്കും. പ്രത്യേകിച്ച് ഇഷ്ടമുള്ള ആഹാരങ്ങ​ള്‍ വരെ ഒഴിവാക്കും. എന്നാല്‍, നിങ്ങളുടെ പ്രിയപ്പെട്ട ആഹാരങ്ങള്‍ അമിതമായി ഒഴിവാക്കാതിരിക്കുന്നതാണ് നല്ലത്. കാരണം, നമ്മള്‍ ഇത് ഒഴിവാക്കുംതോറും ഇത് കഴിക്കാനുള്ള കൊതി കൂടുന്നു. ഇത് അമിതമായി കഴിക്കുന്നതിലേയ്ക്ക് നയിക്കും. അതിനാല്‍, മിതമായ അളവില്‍ നിങ്ങള്‍ക്ക് ഓരോന്നും ഡയറ്റില്‍ ചേര്‍ക്കാവുന്നതാണ്.

വെള്ളം കുടിക്കാന്‍ ഒരിക്കലും മറക്കരുത്. ശരീരത്തിലെ കൊഴുപ്പിനേയും മാലിന്യങ്ങളും കൃത്യമായ രീതിയില്‍ നീക്കം ചെയ്യണമെങ്കില്‍ നന്നായി വെള്ളം കുടിക്കേണ്ടത് അനിവാര്യമാണ്. വെള്ളം എത്തിയാല്‍ മാത്രമാണ് കൃത്യമായി ദഹനം പോലും ശരീരത്തില്‍ നടക്കുകയുള്ളൂ. ദഹനം കൃത്യമായാല്‍ മാത്രമാണ് കൊഴുപ്പ് അടിയാതിരിക്കൂ. അതിനാല്‍ ആഹാരത്തിന് മുന്‍പ് നന്നായി വെള്ളം കുടിക്കുക.