കീഴരിയൂര്‍ ബോംബ് കേസ് സ്മാരക മന്ദിരം ചരിത്ര മ്യൂസിയമാക്കും; പഞ്ചായത്ത് ഭരണ സമിതി തീരുമാനത്തിനെതിരെ പ്രതിഷേധവുമായി യു.ഡി.എഫ്


കീഴരിയൂര്‍: ടി.പി രാമകൃഷ്ണന്‍ എം.എല്‍.എയുടെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച തുക വിനിയോഗിച്ച് വിപുലീകരിച്ച കീഴരിയൂര്‍ പഞ്ചായത്തിലെ കീഴരിയൂര്‍ ബോംബ് കേസ് സ്മാരക മന്ദിരം ചരിത്ര മ്യൂസിയമാക്കാന്‍ പഞ്ചായത്ത് ഭരണസമിതി തീരുമാനിച്ചു. 55 ലക്ഷം രൂപ വിനിയോഗിച്ചാണ് മന്ദിരം വിപുലീകരിച്ചത്. മന്ദിരം ബോംബു കേസ് ചരിത്ര മ്യൂസിയമാക്കുന്നതിനാവശ്യമായ സഹായം ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാറിനോട് ആവശ്യപ്പെടാനും ഭരണ സമിതി തീരുമാനിച്ചു.

ക്വിറ്റ് ഇന്ത്യാ സമരവുമായി ബന്ധപ്പെട്ട് ചരിത്രത്തില്‍ രേഖപ്പെടുത്തിയ മലബാറിലെ പ്രധാന കേന്ദ്രമാണിത്. കീഴരിയൂര്‍ ബോംബു കേസിന് അനുയോജ്യമായ ഒരു സ്മാരകം ഒരുക്കുന്നതിന്റെ ഭാഗമായാണ് ഭരണസമിതി ഇത്തരം ഒരു തീരുമാനമെടുത്തതെന്ന് പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു. ചരിത്ര വിദ്യാര്‍ത്ഥികള്‍ക്കും ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കും ഉപയോഗിക്കാന്‍ പറ്റുന്ന രൂപത്തില്‍ റഫറന്‍സ് ലൈബ്രറി, ഡിജിറ്റല്‍ ചരിത്ര മ്യൂസിയം ഉള്‍പ്പെടെയുള്ളവ പുരാവസ്തു വകുപ്പിന്റെ സഹായത്തോടെ ലഭ്യമാക്കി പദ്ധതി യാഥാര്‍ത്യമാക്കാനാണ് ഉദ്ദേശിക്കുന്നത്. കൂടാതെ ഭിന്നശേഷിക്കാര്‍ക്കും വയോജനങ്ങള്‍ക്കും ഒത്തുചേരാവുന്ന രൂപത്തില്‍ പകല്‍ വീട്, പാര്‍ക്കിങ്ങ് സൗകര്യത്തോടു കൂടിയ വിശാലമായ കമ്മ്യൂണിറ്റി ഹാള്‍ തുടങ്ങിയവ പതിനാലാം പഞ്ചവസര പദ്ധതിയില്‍ ഉള്‍പ്പെടുത്തി നടപ്പിലാക്കുമെന്നും പഞ്ചായത്ത് പ്രസിഡന്റ് വ്യക്തമാക്കി.

കീഴരിയൂര്‍ ബോംബ് കേസ് സ്മാരക കമ്മ്യൂണിറ്റി ഹാള്‍ മ്യൂസിയമാക്കാനുള്ള തീരുമാനത്തിനെതിരെ പ്രതിഷേധിച്ച് യു.ഡി.എഫ് രംഗത്തുവന്നു. മുന്‍ എംപി മുല്ലപ്പള്ളി രാമചന്ദ്രന്റെ ആസ്തി വികസന ഫണ്ടില്‍ നിന്നനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ച് നിര്‍മിച്ച കെട്ടിടം കഴിഞ്ഞ ആറ് വര്‍ഷമായി കീഴരിയൂരിലെ പൊതുപരിപാടികള്‍ക്ക് കമ്യൂണിറ്റി ഹാളായി ഉപയോഗിച്ചു വരികയാണ്. 2021 ലാണ് ടി.പി.രാമകൃഷ്ണന്‍ എം.എല്‍.എ ആസ്തിവികസന ഫണ്ടില്‍ നിന്നും 40 ലക്ഷം രൂപ അനുവദിച്ചത്. തുടര്‍ന്നാണ് കമ്യൂണിറ്റി ഹാളിന്റെ മുകള്‍ നില പണിതത്.

കീഴരിയൂര്‍ ബോംബ് കേസ് സ്മാരക കമ്മ്യൂണിറ്റി ഹാള്‍ നിലനിര്‍ത്തിയായിരിക്കണം നവീകരിച്ച മുകള്‍നിലയിലെ ഹാളില്‍ ബോംബ് കേസിന്റെ മ്യൂസിയം സ്ഥാപിക്കേണ്ടതെന്നാണ് യുഡിഎഫ് മെമ്പര്‍മാര്‍ പഞ്ചായത്ത് ഭരണസമിതി യോഗത്തില്‍ ആവശ്യപ്പെട്ടത്. യു.ഡി.എഫ് പഞ്ചായത്ത് മെംബര്‍മാരായ കെ.സി. രാജന്‍, ഇ.എം.മനോജന്‍, സവിത നിരത്തിന്റെ മീത്തല്‍, കെ.ജലജ, ഗോപാലന്‍ കുറ്റിയായത്തില്‍ എന്നിവര്‍ ഭരണ സമിതി തീരുമാനത്തിനെതിരെ വിയോജന കുറിപ്പ് രേഖപ്പെടുത്തി.

ബോംബ് കേസ് സ്മാരക കമ്മ്യൂണിറ്റി ഹാള്‍ ഇല്ലാതാക്കാനുള്ള പഞ്ചായത്ത് ഭരണസമിതിയുടെ തീരുമാനത്തില്‍ കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മറ്റി പ്രതിഷേധം രേഖപ്പെടുത്തി. പൊതുപരിപാടികള്‍ നടത്തുന്നതിനു വേണ്ടി നാടിന്റെ ചരിത്ര സംഭവമായ ബോംബ് കേസിന്റെ സ്മരണയില്‍ എം.പി.ഫണ്ട് ഉപയോഗിച്ച് സ്ഥാപിക്കപ്പെട്ട കമ്മൂണിറ്റി ഹാള്‍ നിലനിര്‍ത്തിക്കൊണ്ടായിരിക്കണം മുകളിലെത്തെ നിലയില്‍ ബോംബ് കേസ് ചരിത്രമ്യൂസിയം സ്ഥാപിക്കേണ്ടതെന്ന് കീഴരിയൂര്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് ഇടത്തില്‍ ശിവന്‍ ആവശ്യപ്പെട്ടു.