താമരശ്ശേരിയില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു


താമരശ്ശേരി: ചുങ്കം ജംഗ്ഷനോട് ചേര്‍ന്ന് മുക്കം റോഡില്‍ നിയന്ത്രണം വിട്ട ടിപ്പര്‍ ലോറി വീടിന് മുകളിലേക്ക് മറിഞ്ഞു. അത്തായക്കണ്ടത്ത് റഫീഖിന്റെ വീടിന് മുകളിലേക്കാണ് ലോറി മറിഞ്ഞത്. വീട്ടില്‍ താമസക്കാരില്ലായിരുന്നതിനാല്‍ വലിയ അപകടം ഒഴിവായി. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം.

മുക്കം ഭാഗത്ത് നിന്നും ചുങ്കം ചെക്ക് പോസ്റ്റിനു സമീപത്തെ ടാര്‍ മിക്‌സിംങ്ങ് യൂണിറ്റിലേക്ക് വരികയായിരുന്ന കാലി ടിപ്പറാണ് അപകത്തില്‍പ്പെട്ടത്. റോഡ് നവീകരണ കരാറുകാരായ ശ്രീ ധന്യ കണ്‍സ്ട്രക്ഷന്‍ കമ്പനിയുടേതാണ് ലോറി.

അപകടത്തില്‍ വീട് പൂര്‍ണമായും തകര്‍ന്നു. വീട്ടല്‍ വാടകക്ക് താമസിച്ചിരുന്ന കുടുംബം കഴിഞ്ഞ ദിവസം ഇവിടെ നിന്നും താമസം മാറിയതിനാല്‍ വന്‍ ദുരന്തമാണ് ഒഴിവായത്. അപകടത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല എന്നാണ് ലഭിക്കുന്ന വിവരം.