കല്ലാച്ചിയില്‍ ക്ഷേത്രോത്സവത്തിനിടെ സംഘര്‍ഷം; എസ്‌ഐ ഉൾപ്പെടെ രണ്ട് പോലീസുകാർക്ക് പരിക്ക്, പോലീസ് ​വാഹനത്തിന്റെ ​ഗ്ലാസ് തകർത്തു


നാദാപുരം: കല്ലാച്ചിയില്‍ ക്ഷേത്രോത്സവത്തിനിടയില്‍ ഉണ്ടായ സംഘർഷത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. ആക്രമണത്തിൽ പോലീസ് വാഹനത്തിന്റെ ​ഗ്ലാസും തകർത്തു. നാദാപുരം കണ്‍ട്രോള്‍ റൂം എസ്‌ഐ കൃഷ്ണൻ, എസ്.സി.പി.ഒ രമേശൻ എന്നിവർക്കാണ് പരിക്കേറ്റത്. സംഭവത്തിൽ രണ്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു.

കല്ലാച്ചി വലിയപറമ്പത്ത് മുത്തപ്പന്‍ മടപ്പുര തിരുവപ്പന മഹോത്സവത്തിനിടയില്‍ ഇന്നലെ അര്‍ധരാത്രിയോടെയാണ് ആക്രമണ സംഭവങ്ങൾ അരങ്ങേറിയത്. യുവാക്കള്‍ തമ്മിലുള്ള വാക്കേറ്റം സംഘര്‍ഷത്തിനിടയാക്കുകയായിരുന്നു എന്നാണ് വിവരം. നിയന്ത്രിക്കാനെത്തിയ പോലീസുകാർക്കാണ് മർദ്ദനമേറ്റത്. സംഭവത്തിൽ കല്ലാച്ചി സ്വദേശികളായ മഹേഷ്, ഷിജില്‍ എന്നിവരെ പോലീസ് അറസ്റ്റുചെയ്തു. ആക്രമണത്തിൽ പോലീസ് വാഹനത്തിന്റ പിൻ ഭാ​ഗത്തെ ​ഗ്ലാസും തകർത്തു.

ഔദ്യോഗിക കൃത്യനിര്‍വഹണം തടസപ്പെടുത്തിയതിനും പൊതുമുതല്‍ നശിപ്പിച്ചതിനുമാണ് പ്രതികൾക്കെതിരെ കേസെടുത്തതെന്ന് നാദാപുരം പോലീസ് വടകര ഡോട്ട് ന്യൂസിനോട് പറഞ്ഞു.

Summary: Clash during temple festival in Kalachi; Two policemen including an SI were injured and the glass of the police vehicle was broken