കരട് തീരദേശ പരിപാലന പദ്ധതിയെക്കുറിച്ചുള്ള പരാതികളും നിർദ്ദേശങ്ങളും ജനങ്ങൾക്ക് അറിയിക്കാം; അഭിപ്രായ രൂപീകരണത്തിനായുള്ള വടകര നഗരസഭയുടെ യോഗം മെയ് 22 ന്


വടകര: 2019 ലെ തീരദേശ പരിപാലന വിജ്ഞാപന പ്രകാരം തയ്യാറാക്കിയ കരട് തീരദേശ പരിപാലന പദ്ധതി പ്രസിദ്ധീകരിച്ചു. പദ്ധതിയെെ കുറിച്ച് പൊതുജനങ്ങൾക്ക് പരാതികളും നിർദ്ദേശങ്ങളും ഈ മാസം 24 വരെ സമർപ്പിക്കാം. അറബിക്കടലും കുറ്റ്യാടി പുഴയും തീരദേശ നിയമം ബാധകമായ നിരവധി തോടുകളും ഉൾപ്പെടുന്ന വടകര നഗരസഭയെ സംബന്ധിച്ച് ഏറെ പ്രാധാന്യമുള്ളതാണ് തീരദേശ പരിപാലന പദ്ധതി.

അറബിക്കടലും കുറ്റ്യാടി പുഴയും തീരദേശ നിയമം ബാധകമായ നിരവധി തോടുകളും അടങ്ങിയ വടകരയെ നഗരസഭയ്ക്ക് പുതിയ പരിഷ്കരണം ബാധകമാണ് എന്നതിനാൽ കെട്ടിട നിർമ്മാണ രംഗത്തെ വിദഗ്ധമായി കൂടിയാലോചന നടത്തി അഭിപ്രായ രൂപീകരണം നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്. നഗരസഭയിലെ ലൈസൻസ്ഡ് എൻജിനീയർമാരുടെ യോഗം 22.3.23 ന് വടകര കൗൺസിൽ ഹാളിൽ ചേരുമെന്ന് നഗരസഭാ സെക്രട്ടറി എൻ.കെ ഹരീഷ് അറിയിച്ചു.

തീരദേശ പരിപാലന നിയമപ്രകാരം തീരദേശങ്ങളിൽ ഉള്ള ഇനിയുള്ള എല്ലാ നിർമാണങ്ങളും പുതുക്കിയ പ്ലാൻ പ്രകാരം നിയന്ത്രിക്കപ്പെടും. കോഴിക്കോട് കളക്ടറേറ്റ്, ജില്ലാ പഞ്ചായത്ത് ഓഫീസ്, ജില്ലാ ടൗൺ പ്ലാനിങ് ഓഫീസ്, നഗരസഭ ഓഫീസ് എന്നിവിടങ്ങളിലും https://keralaczma.gov.in/ എന്ന വെബ്സൈറ്റിലും കരട് പ്ലാൻ പരിശോധനയ്ക്കായി ലഭിക്കും.

[email protected] എന്ന വിലാസത്തിൽ ഇമെയിൽ മുഖേന പൊതുജനങ്ങൾക്കുള്ള നിർദ്ദേശങ്ങളും പരാതികളും അറിയിക്കാം. നിർദേശങ്ങളും പരാതികളും സ്വീകരിക്കുന്നത്തിലേക്കായി ജൂണ്‍ 1 ന് രാവിലെ 10.30ന് കോഴിക്കോട് കളക്ടറേറ്റ് കോൺഫ്രൻസ് ഹാളിൽ പബ്ലിക് ഹിയറിംഗും നടത്തും.