കണ്ണൂരില്‍ വീട്ടില്‍ സൂക്ഷിച്ച 60 കിലോ കഞ്ചാവുമായി ഒരാള്‍ പിടിയില്‍; വീട്ടുടമ ഓടി രക്ഷപെട്ടു


കണ്ണൂര്‍: കണ്ണൂരില്‍ വീട്ടില്‍ സൂക്ഷിച്ചിരുന്ന 60 കിലോ കഞ്ചാവ് പോലീസ് പിടികൂടി. പരിശോധനയ്ക്കിടെ വീട്ടുടമ ഓടി രക്ഷപ്പെട്ടെങ്കിലും കൂട്ടാളി പിടിയിലാവുകയായിരുന്നു.

ചൊവ്വയിലെ വൈദ്യര്‍ പീടിക സമീപത്തുള്ള ഒളിതാവളത്തില്‍ നിന്നാണ് ഉളിക്കല്‍ സ്വദേശി റോയ്‌യെ പോലീസ് അറസ്റ്റ് ചെയ്തത്. വീട്ടുടമസ്ഥനായ സുഹൃത്ത് ഷാഗില്‍ പോലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപെട്ടു. കഞ്ചാവിനൊപ്പം 50000 രൂപയും പരിശോധനയ്ക്കിടെ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ കണ്ണൂര്‍ ടൗണ്‍ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ പി.എ ബിനു മോഹന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയിലാണ് കഞ്ചാവ് പിടികൂടിയത്. പോലീസിനെ കണ്ടപ്പോള്‍ ഓടി രക്ഷപ്പെട്ട പ്രതിക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്.

കണ്ണൂര്‍ നഗരത്തിലും പരിസരപ്രദേശങ്ങളിലും കഞ്ചാവ് വില്‍പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് പ്രതികള്‍. ഏതാനും നാളുകളായി വീട്ടില്‍ നിന്നും കഞ്ചാവ് പാക്ക് ചെയ്തത് ജില്ലയില്‍ വില്‍പന നടത്തിവരികയായിരുന്നു ഇരുവരും. റോയിയെ ചോദ്യം ചെയ്തതില്‍ നിന്നും കഞ്ചാവ് കടത്തിനെ സംബന്ധിച്ച് ചില നിര്‍ണായക വിവരങ്ങള്‍ പോലീസിനെ ലഭിച്ചിട്ടുണ്ട്.

എസ്.ഐ മഹിജന്‍, എ.എസ്.ഐ എം. അജയന്‍, സി.പി.ഒമാരായ അജിത്ത്, മഹേഷ്, മിഥുന്‍, ഷിജി എന്നിവരും പൊലീസ് സംഘത്തിലുണ്ടായിന്നു.

summary: in kannur, a man was arrested with 60 kg of cannabis stored in house and the house owner ran away