കണ്ണൂരില്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ജീവനക്കാരിക്ക് കുത്തേറ്റു; പ്രതി പിടിയില്‍


കണ്ണൂര്‍: കണ്ണൂരില്‍ ഡ്രൈവിംഗ് സ്‌ക്കൂള്‍ ജീവനക്കാരിയെ ഓഫീസില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. ചെറുപുഴ അമ്പലം റോഡില്‍ പ്രവര്‍ത്തിക്കുന്ന മേരിമാതാ ഡ്രൈവിങ് സ്‌ക്കൂളിലെ ജീവനക്കാരിയായ സി.കെ സിന്ധുവിനാണ് പരിക്കേറ്റത്. ഇന്ന് ഉച്ചയ്ക്കാണ് സംഭവം.

തലയ്ക്കും പുറത്തും പരിക്കേറ്റ സിന്ധുവിനെ ചെറുപുഴ സെന്റ് സെബാസ്റ്റ്യന്‍സ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവുമായി ബന്ധപ്പെട്ട് കന്യാകുമാരി സ്വദേശിയായ രാജന്‍ യേശുദാസിനെ പോലീസ് കസ്റ്റഡിയിലെടുത്തു. കര്‍ണാടകയില്‍ ടാപ്പിങ് ജോലി ചെയ്തുവരികയാണ് രാജന്‍. കേസില്‍ കൂടുതല്‍ അന്വേഷണം നടത്തി വരികയാണെന്ന് പോലീസ് പറഞ്ഞു.