ഓവുചാല്‍ നിര്‍മ്മാണമുള്‍പ്പെടെ നവീകരണം ഇനിയും പൂര്‍ത്തിയായില്ല; മഴപെയ്യുന്നതോടെ ചെളിക്കുളമായി കുറ്റ്യാടി തൊട്ടില്‍പാലം റോഡ്


കുറ്റ്യാടി: കുറ്റ്യാടി ടൗണ്‍ വനീകരണത്തിന്റെ ഭാഗമായി നടക്കുന്ന ഓവുചാല്‍ നിര്‍മ്മാണ പ്രവൃത്തികള്‍ മഴക്കാലമായിട്ടും പൂര്‍ത്തിയാവാത്തത് നാട്ടുകാര്‍ക്ക് ബുദ്ധിമുട്ടാവുന്നു. നിര്‍മ്മാണം മുടങ്ങിയതിനാല്‍ മഴപെയ്യുന്നതോടെ ടൗണില്‍ ഗതാഗതകുരുക്കും വെള്ളക്കെട്ടും രൂക്ഷമാവുന്ന സ്ഥിതിയാണുള്ളതെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു.

കുറ്റ്യാടിയില്‍ നിന്നും മരുതോങ്കരഭാഗത്തേയ്ക്ക് പോകുന്ന റോഡ് തുടങ്ങുന്ന ഭാഗത്തെ ഓവുചാല്‍ പുനര്‍ നിര്‍മ്മാണത്തിന്റെ ഭാഗമായി മണ്ണ് മാറ്റിയിട്ട് കുറച്ചു ദിവസങ്ങളായി. മഴ പെയ്യുന്നതോടെ ഓവുചാല്‍ നിറഞ്ഞ് വെള്ളം റോഡിലേക്ക് ഒഴുക്കുകയാണ്. ഇതോടെ ഇതുവഴി വാഹനങ്ങള്‍ കടന്ന് പോകാന്‍ കഴിയാത്ത അവസ്ഥയിലാണ്. ടൗണിലെ മറ്റ് ഭാഗങ്ങളില്‍  കൈവരി നിര്‍മ്മാണം പുരോഗമിക്കുകയാണ്.

നാദാപുരം, വയനാട്, കോഴിക്കോട് റോഡുകളിലാണ് ഓവുചാല്‍ നവീകരിച്ച് നടപ്പാതയും കൈവരിയും നിര്‍മ്മിക്കേണ്ടത്. എന്നാല്‍, ഇത്ര കാലമായിട്ടും എവിടെയും ഓവുചാല്‍ നിര്‍മാണം പൂര്‍ത്തിയാക്കിയിട്ടില്ല.

മഴക്കാലമായതോടെ ഇനി ഓവുചാല്‍ നിര്‍മ്മാണം തുടങ്ങിയാല്‍ അത് വാഹനങ്ങള്‍ക്കും കാല്‍നടക്കാര്‍ക്കും പ്രയാസമാവും. കഴിഞ്ഞദിവസം പെയ്ത മഴയില്‍ വയനാട് റോഡില്‍ വെള്ളക്കെട്ടുണ്ടായി ഗതാഗതം സ്തംഭിച്ചു. മഴ കനത്ത് പെയ്താല്‍ കുറ്റ്യാടി തൊട്ടില്‍പാലം റോഡില്‍ കനത്ത വെള്ളപൊക്കം ഉണ്ടാവാനുള്ള സാഹചര്യമാണ്. ഓവുചാലുകളില്‍ വെള്ളം കെട്ടി കിടക്കുന്നത് അറിയാതെ വാഹനങ്ങള്‍ ഉള്‍പ്പെടെ അപകടത്തില്‍ പെടാന്‍ സാധ്യതയുമുണ്ട്.

ജനങ്ങളെ ദുരിതത്തിലാക്കി ഇഴയുന്ന നവീകരണം വേഗത്തില്‍ പൂര്‍ത്തികരിക്കണം. നിര്‍മ്മാണം വേഗത്തിലാക്കാന്‍ അധികൃതര്‍ നടപടിയെടുക്കണം എന്നതാണ് നാട്ടുകാരുടെ ആവശ്യം.