ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ എസ്.എഫ്.ഐ സ്ഥാനാർത്ഥിയായി തുടക്കം; രണ്ടാം തവണ ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ എം.എൽ.എ പദവി; കാനത്തിൽ ജമീലയുടെ രാഷ്ട്രീയ ജീവിതം


ടിസ്ഥാന തലം തൊട്ട് പൊതുരംഗത്ത് പ്രവര്‍ത്തിച്ച അനുഭവ സമ്പത്തുമായാണ് കാനത്തില്‍ ജമീല കൊയിലാണ്ടി എം.എല്‍.എ പദവിയിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്. ഗ്രാമപഞ്ചായത്ത് ബ്ലോക്ക് പഞ്ചായത്ത് ജില്ലാ പഞ്ചായത്ത് രംഗത്ത് പ്രസിഡന്റ്  പദവിയിലിരിക്കെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ കാഴ്ചവെച്ചാണ് ജമീലയെന്ന പൊതുരംഗത്ത് വ്യക്തിമുദ്രപതിപ്പിച്ചത്.

അടിയന്തരാവസ്ഥ കാലത്ത് പാര്‍ട്ടിക്കായി മുന്‍നിരയിലുണ്ടായിരുന്ന കുറ്റ്യാടിയിലെ ടി.കെ.കെ കുടുംബത്തിലെ ടി. കെ ആലിയുടെ മകളാണ് കാനത്തില്‍ ജമീല. ഒമ്പതാം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ എസ്.എഫ്.ഐ സ്ഥാനാര്‍ഥിയായി മത്സരിച്ചതാണ് ആദ്യ തിരഞ്ഞെടുപ്പ് അനുഭവം. 1995 ലെ തദ്ദേശ തിരഞ്ഞെടുപ്പിലാണ് ആദ്യമായി ജനവിധി തേടിയത്. തലക്കുളത്തൂരില്‍ നിന്നും പഞ്ചായത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ട് അത്തവണ പഞ്ചായത്ത് പ്രസിഡന്റുമായി. തലക്കുളത്തൂര്‍ പഞ്ചായത്ത് സ്ഥിരം സമിതി ചെയര്‍പേഴ്‌സണ്‍, ചേളന്നൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ്, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 2005 മുതല്‍ 2010 വരെ ചേളന്നൂര്‍ ബ്ലോക്ക് പ്രസിഡന്റായിരുന്ന ജമീല 2010ലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റാവുന്നത്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ 2011ല്‍ തുടക്കമിട്ട സ്‌നേഹസ്പര്‍ശം പദ്ധതി കാനത്തില്‍ ജമീല നേതൃത്വം നല്‍കിയ ഭരണസമിതിയുടെ വലിയ നേട്ടങ്ങളിലൊന്നായിരുന്നു. വൃക്ക രോഗികളുടെ ചികിത്സയ്ക്കും പരിപാലനത്തിനുമായി തുടങ്ങിയ പദ്ധതിയായിരുന്നു അത്. ജില്ലാ പഞ്ചായത്തിന്റെ ഫണ്ടിന് പുറമേ ജനകീയമായി സഹായങ്ങള്‍ സ്വീകരിച്ചുമായിരുന്നു മാതൃകാ ഇടപെടല്‍. ഡയാലിസിസിന് കാത്തിരിക്കുന്ന നൂറുകണക്കിന് പേര്‍ക്കാണ് ഈ പദ്ധതിയുടെ ഗുണം ലഭിച്ചത്.

മെച്ചപ്പെട്ട വിദ്യാലയങ്ങള്‍ എന്ന സ്വപ്‌നം നടപ്പാക്കാനും പദ്ധതികള്‍ ആവിഷ്‌കരിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ തുടങ്ങിയ കമ്പ്യൂട്ടര്‍ ലാബുകളും ഡിജിറ്റല്‍ സംവിധാനവും കോവിഡ് കാലത്തെ ഓണ്‍ലൈന്‍ ക്ലാസിന് വിദ്യാര്‍ഥികള്‍ക്ക് പ്രയോജനമായി.

1997 ലാണ് കാനത്തില്‍ ജമീല സി.പി.എം അംഗം ആയത്. നിലവില്‍ ജില്ലാ കമ്മിറ്റി അംഗവും അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറിയും കോഴിക്കോട് ജില്ലാ പ്രസിഡന്റും ആണ്.

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദത്തില്‍ ഒരു തവണ പൂര്‍ത്തിയാക്കി വീണ്ടും അതേ പദവിയില്‍ തുടരവെയാണ് പാര്‍ട്ടി ജമീലയെ കൊയിലാണ്ടി മണ്ഡലത്തിലെ നിയമസഭാ സ്ഥാനാര്‍ത്ഥിയായി മത്സരിക്കാനുള്ള ദൗത്യം ഏല്‍പ്പിക്കുന്നത്. മുന്‍ എം.എല്‍.എ കെ.ദാസനെതിരെ കൊയിലാണ്ടിയില്‍ ശക്തമായ മത്സരം കാഴ്ചവെച്ചതിന്റെ അനുഭവ സമ്പത്തുമായി മത്സരത്തിനിറങ്ങിയ യു.ഡി.എഫിന്റെ എന്‍. സുബ്രഹ്‌മണ്യനായിരുന്നു പ്രധാന എതിരാളി. ഒരുതവണ ജനങ്ങളിലേക്ക് ഇറങ്ങിയ പരിചയ സമ്പത്തോ, കൊയിലാണ്ടിയിലെ ജനങ്ങള്‍ക്ക് പരിചിതനായ ആള്‍ എന്ന പ്രത്യേകതയോ സുബ്രഹ്‌മണ്യനെ തുണച്ചില്ല. കൊയിലാണ്ടിക്കാരിയല്ലായിരുന്നിട്ടും കാനത്തില്‍ ജമീലയെന്ന സ്ത്രീയുടെ കഴിവില്‍ കൊയിലാണ്ടിക്കാര്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. അവരുടെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാനുള്ള ശ്രമങ്ങളും എം.എല്‍.എയായി ചുരുങ്ങിയ കാലത്തിനുള്ളില്‍ അവര്‍ നടത്തിയിട്ടുമുണ്ട്.


എം.എല്‍.എയായതിനുശേഷം ഇതിനകം പന്ത്രണ്ട് കോടിയുടെ വികസന പ്രവര്‍ത്തനങ്ങള്‍ അവര്‍ മണ്ഡലത്തില്‍ തുടക്കമിട്ടിട്ടുണ്ട്. അതില്‍ പല പദ്ധതികള്‍ക്കും ഭരണാനുമതിയായിട്ടുണ്ട്. മൂന്നരക്കോടി രൂപ ചെലവില്‍ നിര്‍മ്മിക്കുന്ന തീപ്പെട്ടിക്കമ്പനി, എളാട്ടേരി- നടക്കല്‍ റോഡ്, കോതമംഗലം എല്‍.പി സ്‌കൂളിനും കൊയിലാണ്ടി ബോയ്‌സ് ഹൈസ്‌കൂളിനും പയ്യോളി ഹയര്‍സെക്കണ്ടറി സ്‌കൂളിനും പുതിയ കെട്ടിടങ്ങള്‍ക്കുഫണ്ട്, തിക്കോടി ടൂറിസം പദ്ധതിയ്ക്കുവേണ്ടി 93 ലക്ഷം രൂപയുടെ പ്രൊജക്ട് തുടങ്ങിയ അതില്‍ എടുത്തുപറയാവുന്നതാണ്.

Sky ടൂര്‍സ് ആന്റ് ട്രാവല്‍സ് കൊയിലാണ്ടി അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താതാരം പരിപാടിയില്‍ ആദ്യഘട്ട വോട്ടിങ്ങിനായുള്ള പട്ടികയില്‍ കാനത്തില്‍ ജമീല ഇടംനേടിയിട്ടുണ്ട്.

കൊയിലാണ്ടിയുടെ വാർത്താ താരമായി കാനത്തില്‍ ജമീലയെ
തെരഞ്ഞെടുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുവെങ്കിൽ ഇവിടെ ക്ലിക്ക് ചെയ്ത് വോട്ട് ചെയ്യൂ. 


വാര്‍ത്താ താരം മത്സരാര്‍ഥികളുടെ പ്രൊമോ കാര്‍ഡുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ….