നാളെയും ലോക്ക്ഡൗൺ സമാന സാഹചര്യത്തിന് മാറ്റമില്ല; അനുമതി അവശ്യ സർവീസുകൾക്ക് മാത്രം; ആരാധനാലയങ്ങൾക്കും നിയന്ത്രണം


കോഴിക്കോട്: അതിരൂക്ഷ കോവിഡ് വ്യാപന സാഹചര്യത്തിൽ നാളെയും ലോക്ക്ഡൗൺ സമാന നിയന്ത്രണങ്ങൾ. അവശ്യ സർവീസുകൾക്ക് മാത്രമേ അനുമതിയുള്ളു. എ, ബി, സി കാറ്റഗറി അടിസ്ഥാനത്തിലാണ് നിയന്ത്രണങ്ങൾ.

ആരാധനാലയങ്ങളിൽ ഇരുപതുപേരിൽ കൂടുതൽ പേർക്ക് പങ്കെടുക്കാൻ അനുവാദമില്ല. അതേസമയം, സ്റ്റാഫ് സെലക്ഷൻ കമ്മീഷൻ രാജ്യവ്യാപകമായി നടത്തുന്ന കമ്പൈൻഡ് ഗ്രാഡുവേറ്റ് ലെവൽ പരീക്ഷയെഴുതുന്നവർക്കും പരീക്ഷാ ചുമതലയുള്ള ജീവനക്കാർക്കും യാത്രാ തടസമുണ്ടാകില്ലെന്ന് പൊതുഭരണ വകുപ്പിന്റെ അറിയിപ്പുണ്ട്.

രോഗികള്‍, കൂട്ടിരുപ്പുകാര്‍, വാക്‌സിനേഷനുമായി ബന്ധപ്പെട്ട വ്യക്തികള്‍ എന്നിവര്‍ക്ക് മതിയായ രേഖകൾ കാണിച്ചാൽ ആശുപത്രികളിലേക്കും വാക്‌സിനേഷന്‍ കേന്ദ്രത്തിലേക്കും യാത്ര അനുവദിക്കും.

പഴം, പച്ചക്കറി, പാല്‍, മത്സ്യ-മാംസങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുടങ്ങിയവയ്ക്ക് രാവിലെ 7 മുതല്‍ രാത്രി 9 വരെ പ്രവർത്തിക്കാൻ അനുമതിയുണ്ട്.

അടിയന്തരമായി പ്രവര്‍ത്തിക്കേണ്ട കമ്ബനികള്‍, വ്യവസായ സ്ഥാപനങ്ങള്‍ , മറ്റ് സ്ഥാപനങ്ങള്‍ എന്നിവ പൂർണ്ണ സമയവും പ്രവർത്തിക്കാണാനുമതിയുണ്ട്. ജീവനക്കാര്‍ക്ക് യാത്രക്കായി തിരിച്ചറിയല്‍ കാര്‍ഡ് ഉപയോഗിക്കാവുന്നതുമാണ്. ഐ.ടി മേഖലകള്‍ അവശ്യ ജീവനക്കാരെ മാത്രം ഉപയോഗിച്ച്‌ പ്രവർത്തിക്കണം.

ദീര്‍ഘ ദൂര ബസ് യാത്രകള്‍, ട്രെയിന്‍, വിമാന സര്‍വീസുകള്‍ എന്നിവ അനുവദിച്ചിട്ടുള്ള സാഹചര്യത്തില്‍ ബസ് ടെര്‍മിനലുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍, വിമാനത്താവളം എന്നിവിടങ്ങളിലേക്ക് മതിയായ രേഖകളുമായി യാത്ര ചെയ്യാം.

കടുത്ത നിയന്ത്രണങ്ങളുള്ള സി കാറ്റഗറിയിൽ കൊല്ലം മാത്രമാണ് നിലവിലുള്ളത്. ബി കാറ്റഗറിയിൽ 10 ജില്ലകളുണ്ട്. എ കാറ്റഗറിയിലാണ് കോഴിക്കോടുള്ളത്, ഒപ്പം മലപ്പുറവും. കാസർകോട് ഒരു കാറ്റഗറിയിലും ഉൾപ്പെട്ടിട്ടില്ല.