നിയമം നടപ്പാക്കുവാനെത്തിയ നിയമപാലകരെ പോലും ആക്രമിക്കുന്നു; ക്വാറി പ്രവർത്തിക്കുന്നത് എല്ലാവിധ അനുമതികളോടെയുമെന്ന് കീഴരിയൂർ ആനപ്പാറ ക്വാറി ഉടമകൾ



കൊയിലാണ്ടി: വിവിധ സര്‍ക്കാര്‍ വകുപ്പുകളില്‍ നിന്നുളള എല്ലാവിധ അനുമതികളോടും കൂടി പ്രവര്‍ത്തിക്കുന്ന സ്ഥാപനമാണ് ആനപ്പാറയിലെ ക്വാറിയെന്ന് നടുവത്തൂര്‍ സ്റ്റോണ്‍ ക്രഷർ പാര്‍ട്ണര്‍ അബ്ദുള്‍ ലത്തിഫ്. ക്വാറിക്കെതിരായ വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധമെന്ന് പറഞ്ഞ് കൊണ്ടുള്ള പത്രക്കുറുപ്പിലാണ് അബ്ദുൽ ലത്തീഫ് ഇത് ചൂണ്ടിക്കാട്ടിയത്.

നിയമപരമായി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തില്‍ അതിക്രമിച്ചു കയറുകയും സ്ത്രീകളെയും കുട്ടികളെയും അനാവശ്യമായി പോലീസ് കേസുകളിലേക്ക് തള്ളിവിടുകയും ചെയ്യുന്ന നടപടിയാണ് ചിലരുടെ നേതൃത്വത്തില്‍ ഇപ്പോള്‍ നടന്നു വരുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. നിയമം നടപ്പാക്കുവാനെത്തിയ നിയമപാലകരെ പോലും ആക്രമിക്കുന്ന സാഹചര്യമാണ് കീഴരിയൂരില്‍ ഉണ്ടായത്.

ഇത്തരത്തിൽ മുൻപും പ്രശ്നങ്ങളുണ്ടായപ്പോൾ ഹൈക്കോടതിയെ സമീപിക്കുകയും ഉത്തരവ് ലഭിച്ചിരുന്നതായും അദ്ദേഹത്തിൻറെ കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നു. ‘രണ്ട് വര്‍ഷം മുമ്പ് ക്വാറിയുടെ പ്രവര്‍ത്തനം തടസ്സപ്പെടുത്തുന്ന സാഹചര്യമുണ്ടായപ്പോള്‍ ഹൈക്കോടതിയില്‍ നിന്ന് 2020 ഡിസംബര്‍ 21ന് പോലീസ് സംരക്ഷണം അനുവദിച്ച് ഉത്തരവ് ലഭിച്ചതാണ്.’ മിക്ക പത്ര, ദൃശ്യ, ഓണ്‍ലൈന്‍ മാധ്യമങ്ങളിലും ക്വാറിക്കെതിരെ വരുന്ന വാര്‍ത്തകള്‍ വസ്തുതാ വിരുദ്ധവും തെറ്റിദ്ധാരണാജനകവുമാണെന്ന് അദ്ദേഹം പറഞ്ഞു.

2006-ലാണ് ക്വാറി ഇപ്പോഴത്തെ മാനേജ്‌മെന്റിനു കൈമാറിയത്. ഇപ്പോള്‍ പ്രവര്‍ത്തിച്ച് കൊണ്ടിരിക്കുന്ന ക്വാറി കൂടാതെ രണ്ട് ക്വാറി കൂടി മുമ്പ് അവിടെ പ്രവര്‍ത്തിച്ചിരുന്നു.പിന്നീട് ഈ ക്വാറികളുടെ പ്രവര്‍ത്തനം നിലച്ചപ്പോള്‍ ക്രഷര്‍ മാനേജ്‌മെന്റ് ആ സ്ഥലം കൂടി വിലക്ക് വാങ്ങിയെങ്കിലും ആ ക്വാറികള്‍ ഒന്നും തന്നെ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല എന്ന് സൂചിപ്പിച്ചാണ് പത്രക്കുറിപ്പ് അവസാനിപ്പിക്കുന്നത്.

സ്ത്രീകളും കുട്ടികളുമടക്കം മുമുന്പന്തിയിലേറങ്ങിയ സംഘർഷഭരിതമായ സാഹചര്യമാണിപ്പോൾ കീഴരിയൂരിൽ. നിരവധി ഉദ്യോഗസ്ഥർ ഇടപെട്ട് പ്രശ്ന പരിഹാരത്തിന് ശ്രമിച്ചെങ്കിലും പൂർണ്ണമായി ക്വാറി പ്രവർത്തനം നിർത്താതെ പിന്നോട്ടില്ലെന്ന നിലപാടിലാണ് സമര സമിതി അംഗങ്ങൾ.

മുപ്പതുവര്‍ഷത്തോളമായി ഇവിടെ ക്വാറി പ്രവര്‍ത്തിക്കുന്നുണ്ട്. രണ്ടുവര്‍ഷം മുമ്പാണ് പ്രദേശവാസികള്‍ ഇതിനെതിരെ പ്രതിഷേധവുമായി മുന്നോട്ടുവരാന്‍ തുടങ്ങിയത്. നേരത്തെ വീടുകള്‍ക്കും മറ്റും വിള്ളലുകള്‍ രൂപപ്പെട്ടത് കമ്പനി ഇടപെട്ട് അറ്റകുറ്റപ്പണി നടത്തിക്കൊടുത്തിരുന്നു. അതിനാല്‍ നാട്ടുകാരില്‍ നിന്നും എതിര്‍പ്പുകള്‍ വലിയ തോതില്‍ ഉയര്‍ന്നിരുന്നില്ല. എന്നാല്‍ കുറച്ചുവര്‍ഷമായി ക്വാറി ലീസിന് കൊടുക്കാന്‍ തുടങ്ങിയപ്പോള്‍ ഉഗ്ര സ്ഫോടനവും മറ്റും നടത്തുകയും അത് പ്രദേശവാസികളുടെ ജീവിതത്തിന് ഭീഷണിയാവുകയും ചെയ്തതോടെയാണ് നാട്ടുകാര്‍ ഇതിനെതിരെ രംഗത്തുവന്നത്.

ഏതാണ്ട് ഒമ്പതുമാസം മുമ്പ് വീടുകളില്‍ വിള്ളലുവരുന്നതും ചോര്‍ച്ചവരുന്നതും മറ്റും നാട്ടുകാര്‍ ശ്രദ്ധയില്‍പ്പെടുത്തിയതിനെ തുടര്‍ന്ന് പൊലീസുള്‍പ്പെടെ ഇടപെട്ട് ക്രഷര്‍ ഉടമകളുമായി കൊയിലാണ്ടി സല്‍ക്കാര ഹോട്ടലില്‍വെച്ച് ചര്‍ച്ച നടത്തിയിരുന്നു. വിള്ളലുകള്‍ വന്ന വീടുകള്‍ പരിശോധിച്ച് നടപടിയെടുത്തതിനുശേഷമേ ക്വാറി പ്രവര്‍ത്തനം പുനരാംരഭിക്കൂവെന്ന് അന്ന് ഉടമകള്‍ ഉറപ്പു നല്‍കുകയും ചെയ്തിരുന്നു. എന്നാല്‍ ക്വാറി ലീസിനെടുത്ത മാനേജ്മെന്റ് ഇതിനൊന്നും തയ്യാറാവാതെ ബ്ലാസ്റ്റിങ് അടക്കമുള്ള കാര്യങ്ങളുമായി മുന്നോട്ടുപോയി. ഒന്നുരണ്ട് മാസങ്ങള്‍ കഴിഞ്ഞപ്പോള്‍ വീടുകളില്‍ കേടുപാടുകള്‍ കൂടി വരികയും ചെയ്തതോടെയാണ് നാട്ടുകാര്‍ വീണ്ടും സമരവുമായി മുന്നോട്ട് വന്നത്.

വേനല്‍ക്കാലത്തും സുലഭമായി വെള്ളം ലഭിച്ചുകൊണ്ടിരിക്കുന്ന പ്രദേശത്തെ കിണറുകളെല്ലാം ഇന്ന് വറ്റുന്ന സ്ഥിതി വിശേഷമാണ്. സംഘടനകള്‍ ഇടപെട്ട് പുറമേ നിന്ന് വെള്ളം എത്തിക്കുന്ന സ്ഥിതിവരെയെത്തി കാര്യങ്ങള്‍ എന്നാണ് ആക്ഷന്‍ കമ്മിറ്റി നേതാവ് സുകേഷ് കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോടു പറഞ്ഞത്. ഈ സാഹചര്യത്തില്‍ ക്വാറിയില്‍ സ്ഫോടനം നടത്തുന്നത് പൂര്‍ണമായും നിര്‍ത്തിവെക്കണമെന്നാണ് സമരസമിതിയുടെ ആവശ്യം.