ഉപ്പിലിട്ട പഴങ്ങളില്‍ ബാറ്ററി വെള്ളം, ചീയാതിരിക്കാന്‍ അസറ്റിക് ആസിഡ്; കോഴിക്കോട്ടെ പെട്ടിക്കടകളിൽ ഹാനികരമായ രാസവസ്തുക്കളുണ്ടെന്ന മുന്നറിയിപ്പ് നൽകിയിട്ടും അവഗണിച്ചുവെന്ന് ആരോപണം; പരിശോധന ശക്തം


കോഴിക്കോട്: മാങ്ങയും ക്യാരറ്റും പേരക്കയും തൊട്ട് ആപ്പിൾ വരെ ഉപ്പിലിട്ടത് കോഴിക്കോട് ബീച്ചിലെ മെനു കാർഡിൽ എന്നും താരമാണ്. എന്നാൽ കടലോരങ്ങളിലെ ഹരമായ ഉപ്പിലിട്ട പഴങ്ങൾ ഒരു പകൽ കൊണ്ട് പേടി സ്വപ്നമാകുമെന്നു ആരും കരുതിയിട്ടുണ്ടാവില്ല. ഇന്നലെ വരക്കല്‍ ബീച്ചിൽ ഉപ്പിലിട്ടത് കഴിച്ച് എരിഞ്ഞപ്പോൾ വെള്ളമെന്ന് കരുതി ഒരു കുട്ടി ആസിഡ് കുടിച്ച്‌ പൊള്ളലേറ്റതിന്‍റെ പശ്ചാത്തലത്തിലാണ് സംഭവങ്ങൾ മാറി മറിയുന്നത്.

അന്വേഷണത്തിൽ ഉപ്പിലിട്ട പഴങ്ങളിൽ സത്തുപിടിപ്പിക്കാന്‍ ബാറ്ററി വെള്ളം ഉപയോഗിക്കുന്നുണ്ടെന്നും അവ ചീയാതിരിക്കാന്‍ അസറ്റിക് ആസിഡ് ഒഴിക്കുന്നുമുണ്ടെന്ന റിപ്പോർട്ടുകളാണ് ഇപ്പോൾ പുറത്തു വരുന്നത്. അതിനിടയില്‍ കോഴിക്കോട്ടെ തട്ടുകടകളില്‍ ഭക്ഷ്യ സുരക്ഷാ വിഭാ​ഗം പരിശോധന കര്‍ശനമാക്കാന്‍ തീരുമാനിച്ചിട്ടുണ്ട്. കോര്‍പ്പറേഷന്‍ ആരോഗ്യവിഭാഗവുമായി ചേര്‍ന്നാകും പരിശോധന നടത്തുക.

പൊള്ളലേറ്റ വിവരം പുറത്ത് വന്ന ഉടനെ തന്നെ ഭക്ഷ്യ സുരക്ഷാ വിഭാഗവും ആരോഗ്യ വിഭാഗവും കടകളില്‍ മിന്നല്‍ പരിശോധന നടത്തിയിരുന്നു. ഭക്ഷ്യസുരക്ഷ ഗുണ നിലവാര നിയമ പ്രകാരം 3.75 ശതമാനം മാത്രമേ അസറ്റിക്ക് ആസിഡ് ഉപയോഗിക്കാനാകൂ. എന്നാൽ കടകളിൽ വീര്യം കുറയ്ക്കാതെയുള്ള ആസിഡാണോ ഉപയോഗിക്കുന്നതെന്ന് സംശയമുണ്ട്.

കടകളില്‍ നിന്ന് ശേഖരിച്ച സാമ്പിളുകള്‍ പരിശോധിച്ച ശേഷം അനുവദനീയമായതിനേക്കാള്‍ വീര്യത്തില്‍ ആസിഡ് ഉപയോഗിച്ചിട്ടുണ്ടെങ്കില്‍ വ്യാപാരികള്‍ക്കെതിരെ കര്‍ശന നടപടിയെടുക്കും എന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.

എന്നാൽ കോഴിക്കോട് ബീച്ചിലെ പെട്ടിക്കടകളില്‍ ഹാനികരമായ രാസവസ്തുക്കള്‍ ഉപയോഗിക്കുന്നത് സംബന്ധിച്ച്‌ പൊലീസ് കമ്മിഷണര്‍ മുന്നറിയിപ്പ് നൽകിയെങ്കിലും ബന്ധപ്പെട്ടവർ അവഗണിക്കുകയായിരുന്നു എന്ന ആക്ഷേപവും ഉയർന്നിട്ടുണ്ട്. രണ്ട് മാസം മുന്‍പ് തന്നെ ആരോഗ്യവിഭാഗത്തിനാണ് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് കൈമാറിയത്.