ഈ വിഷമരുന്നിന്റെ വേരറുക്കണ്ടെ? ലഹരിയുടെ അടിമത്വത്തിൽ നിന്ന് മോചനം നേടുവാൻ അവബോധവുമായി വടകര തീരദേശ പോലീസ് സ്റ്റേഷൻ
കൊയിലാണ്ടി: ലഹരിയുടെ നീരാളി പിടുത്തത്തിൽ നിന്നും തീരദേശം ഉൾപ്പെടെയുള്ള സമൂഹത്തെ മോചിപ്പിക്കാൻ അവബോധവുമായി വടകര തീരദേശ പോലീസ്. പുത്തൻ അത്യാധുനിക ലഹരി വസ്തുക്കളെ തിരിച്ചറിയാനും ദൂഷ്യ വശങ്ങളെ പറ്റി ബോധവാന്മാരാക്കി ശക്തമായ പ്രതിരോധം സൃഷ്ടിക്കാനും എല്ലാവരുമൊന്നായി നിൽക്കണമെന്ന് പോലീസ് സംഘടിപ്പിച്ച ലഹരി വിരുദ്ധ സെമിനാർ ആവശ്യപ്പെട്ടു.
നമ്മുടെ നാടിന്റെ ഭാവി വാഗ്ദാനങ്ങളായ കുട്ടികളെയും യുവജനങ്ങളെയും ആണ് പുത്തൻ ലഹരിവസ്തുക്കൾ അടിമകളാക്കി നാശത്തിന്റെ പടുകുഴികളിലേക്ക് തള്ളിയിട്ട് കൊണ്ട് രാഷ്ട്രപുരോഗതിക്ക് തടസ്സം നിൽക്കുന്നത്. ഇതിനെതിരെ രക്ഷിതാക്കൾ മാത്രമല്ല മുഴുവൻ സമൂഹവും ബോധവാന്മാരാവണമെന്നും തിക്കോടി കോടിക്കൽ ബിച്ച്, കൊയിലാണ്ടി ഹാർബർ എന്നിവടങ്ങളിൽ വച്ച് നടത്തിയ യോഗം ആവശ്യപ്പെട്ടു.
ലഹരി വിരുദ്ധ സെമിനാറിൽ വടകര നാർക്കോട്ടിക് സെൽ സബ്ബ് ഇൻസ്പെക്ടർ ടി.വി. സത്യൻ വിഷയാവതരണം നടത്തി. വടകര തീരദേശ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ർ ദീപു. സി.എസ് അദ്ധ്യക്ഷത വഹിച്ചു. സീനിയർ സിവിൽ പൊലീസ് ഓഫീസർ ദീപക്, ശശി കയ്യാടത്ത്, ഹാർബർസുരക്ഷാ സമിതിയംഗം രാജൻ ഉപ്പലക്കണ്ടി എന്നിവർ സംസാരിച്ചു. അസി. സബ്ബ് ഇൻസ്പെക്ടർ പ്രശാന്ത് പി.വി സ്വാഗതം പറഞ്ഞു.