ഇര്‍ഷാദ് വധക്കേസ്: കുന്നമംഗലം സ്വദേശിയ്‌ക്കെതിരെ കൂടി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ പൊലീസ് ശ്രമം
പേരാമ്പ്ര: പന്തിരിക്കര സൂപ്പിക്കടയില്‍ സ്വര്‍ണക്കടത്തു സംഘം തട്ടിക്കൊണ്ടു പോയ യുവാവ് മരിച്ച സംഭവത്തില്‍ ഒരാള്‍ക്കെതിരെ കൂടി റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ പൊലീസ് ശ്രമം തുടങ്ങി. കുന്നമംഗലം സ്വദേശി ഉനൈസിനെതിരെ റെഡ് കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കുന്നതിന്റെ ഭാഗമായി പേരാമ്പ്ര മജിസ്‌ട്രേട്ട് കോടതിയില്‍ നിന്നു ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.
കേസിലെ ഒന്നും രണ്ടും പ്രതികളായ മുഹമ്മദ് സ്വാലിഹിനും സഹോദരന്‍ ഷംനാദിനുമെതിരെ റെഡ്‌കോര്‍ണര്‍ നോട്ടിസ് പുറപ്പെടുവിക്കാന്‍ നേരത്തേ തന്നെ തീരുമാനിച്ചിരുന്നു. ഇവര്‍ക്കൊപ്പം വിദേശത്തു നിന്ന് ഗൂഢാലോചന നടത്തിയത് ഉനൈസ് ആണെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്.
ഇര്‍ഷാദിന്റെ മരണവുമായി ബന്ധപ്പെട്ട സംഭവങ്ങളുടെ അന്വേഷണ പുരോഗതി വിലയിരുത്താന്‍ കണ്ണൂര്‍ റേഞ്ച് ഡി.ഐ.ജി രാഹുല്‍ ആര്‍.നായരുടെ നേതൃത്വത്തില്‍ വടകര റൂറല്‍ ജില്ലാ പൊലീസ് ആസ്ഥാനത്ത് യോഗം ചേര്‍ന്നു.
മെയ് 13നാണ് ഇര്‍ഷാദ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണവുമായി ഇറങ്ങിയത്. ഇര്‍ഷാദില്‍ നിന്നും ഷമീറാണ് ഈ സ്വര്‍ണം ഏറ്റുവാങ്ങിയത്. കെമിക്കല്‍ രൂപത്തിലാക്കി കൊണ്ടുവന്ന സ്വര്‍ണം നാദാപുരം പാറക്കടവിലുള്ള സ്വര്‍ണപ്പണിക്കാരനാണ് വേര്‍തിരിച്ചെടുത്തതെന്നും റിപ്പോര്‍ട്ടുണ്ട്.
ഇത് ഇവര്‍ പാനൂരിലെ സ്വര്‍ണക്കടയില്‍ നല്‍കി പണം കൈപ്പറ്റുകയായിരുന്നു. സ്വാലിഹിന്റെ സംഘം തിരഞ്ഞുവരാതിരിക്കാന്‍ ഷമീര്‍ വൈത്തിരിയിലെ ലോഡ്ജില്‍ ഇര്‍ഷാദിനെ താമസിപ്പിക്കുകയും ചെയ്തു. ചെലവിന് ഷമീറും നിജാസും ഗൂഗിള്‍ പേ വഴി ഇടയ്ക്കിടെ പണം അയച്ചുകൊടുത്തതിന് തെളിവുണ്ടെന്ന് ഇര്‍ഷാദിന്റെ സഹോദരന്‍ പറഞ്ഞിരുന്നു. ഇവിടെ നിന്നാണ് ഇര്‍ഷാദിനെ തട്ടിക്കൊണ്ടുപോകുന്നത്.
ജൂലൈ പതിനേഴിന് രാവിലെയാണ് തിക്കോടി കോടിക്കല്‍ ബീച്ചില്‍ ഇര്‍ഷാദിന്റെ മൃതദേഹം കണ്ടെത്തിയത്. മേപ്പയ്യൂര്‍ സ്വദേശി ദീപക്കിന്റേതെന്ന് ധരിച്ച് സംസ്‌കരിച്ച മൃതദേഹം ഡി.എന്‍.എ പരിശോധനയിലൂടെയാണ് ഇര്‍ഷാദിന്റേതാണെന്ന് സ്ഥിരീകരിച്ചത്. തുടര്‍ന്ന് കൊലപാതകത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചത്.
Summary: Panthirikkara native Irshad murder case: Police attempt to issue red corner notice against Kunnamangalam resident