ഇന്ന് മുതല്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ജനറല്‍ ഒ.പി മാത്രം; കോവിഡ് ലക്ഷണങ്ങളുള്ളവര്‍ അത്യാവശ്യഘട്ടങ്ങളില്‍ മാത്രം ആശുപത്രിയില്‍ എത്തിയാല്‍ മതിയെന്ന് നിര്‍ദേശം


കൊയിലാണ്ടി: കോവിഡ് വ്യാപന സാഹചര്യത്തില്‍ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ ഇന്ന് മുതല്‍ ജനറല്‍ ഒ.പി മാത്രം. ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ ജനറല്‍ ഒ.പി മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കോവിഡ് വ്യാപന സാഹചര്യത്തില്‍ നടന്ന ജില്ലാതലയോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷം കഴിഞ്ഞദിവസമാണ് ഇതുസംബന്ധിച്ച തീരുമാനം കൈക്കൊണ്ടത്.

ആശുപത്രിയിലെ ജീവനക്കാരിലടക്കം രോഗവ്യാപനം ശക്തമാണ്. ഡോക്ടര്‍മാരും മറ്റു ജീവനക്കാരും അടക്കം ഇരുപതോളം പേര്‍ കോവിഡ് പോസിറ്റീവായിരുന്നു. കൂടാതെ ബന്ധുക്കള്‍ പോസിറ്റീവായതിനെ തുടര്‍ന്ന് ജീവനക്കാര്‍ക്ക് ആശുപത്രിയില്‍ ജോലിയ്ക്കായി എത്താന്‍ കഴിയാത്ത സാഹചര്യവുമുണ്ടായിരുന്നു. വരുംദിവസങ്ങളില്‍ ഇത് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. ഇതെല്ലാം കണക്കിലെടുത്താണ് ജനറല്‍ ഒ.പി മാത്രം എന്ന തീരുമാനം എടുത്തത്.

രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ആശുപത്രിയിലേക്ക് എത്തിയാല്‍ മതിയെന്നും അല്ലാത്തവര്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ ഇരിക്കേണ്ടതാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ലക്ഷണങ്ങളായി വരുന്നവരില്‍ വലിയൊരു ശതമാനവും കോവിഡ് രോഗികളാണ്. ഈ സാഹചര്യത്തില്‍ ലക്ഷണങ്ങളുള്ളവര്‍ കോവിഡ് രോഗികളാണെന്ന് സ്വയം തിരിച്ചറിഞ്ഞ് ആശുപത്രിയും സമൂഹത്തിലും വീടുകളിലും പെരുമാറണം. നേരത്തെ പിന്തുടര്‍ന്നുപോന്നിരുന്ന ക്വാറന്റൈന്‍ ശീലങ്ങള്‍ പിന്തുടരുകയും വേണം. ഏഴു ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞശേഷം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. പോസിറ്റീവാണെങ്കില്‍ ക്വാറന്റൈന്‍ തുടരണം. നെഗറ്റീവാണെങ്കില്‍ ഏഴുദിവസം കൂടി കഴിഞ്ഞശേഷമേ പുറത്തിറങ്ങാവൂവെന്നും അധികൃതര്‍ നിര്‍ദേശിച്ചു.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആര്‍.ആര്‍.ടി വളണ്ടിയര്‍മാരില്‍ നിന്നും മരുന്നുകള്‍ വാങ്ങുകയും രോഗലക്ഷണങ്ങള്‍ ഏറെ നാള്‍ നീണ്ടുനില്‍ക്കുകയോ ഗുരുതരമാകുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ഡോക്ടറുടെ സഹായം തേടുകയോ ചെയ്യേണ്ടതാണെന്നും അധികൃതര്‍ അറിയിച്ചു.