ഇത് കൂട്ടായ്മയുടെ ഉത്സവം; കൊയിലാണ്ടിയിൽ നാട്ടുകാർ ഒത്തൊരുമിച്ചുള്ള ജൈവകൃഷിക്ക് ആരംഭം


കൊയിലാണ്ടി: നാട്ടുകാർ ഒന്നിച്ചു, കൊയിലാണ്ടിയിൽ ജൈവകൃഷിക്ക് ആരംഭം. ഫ്ലൈഔവറിന് സമീപം ഒരെക്കറോളം വരുന്ന സ്ഥലത്താണ് പ്രദേശവാസികളുടെ നേതൃത്വത്തിൽ ജൈവിക രീതിയിലുള്ള പച്ചക്കറി കൃഷി ആരംഭിച്ചത്. കൂട്ടായ്മയിലെ മുതിര്‍ന്ന അംഗം സി.കെ.ജയദേവന്‍ തൈകള്‍ നട്ട് പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.

ഇതിനും മുൻപൊരു തവണ ഇത്തരത്തിൽ കൃഷി ചെയ്തപ്പോഴും ഈ കൂട്ടായ്മ സമൂഹത്തിനു ഒരു മാതൃകയായിരുന്നു. തങ്ങളുടെ പ്രദേശത്തുള്ളവർക്ക് വിളവെടുത്ത ഉൽപ്പന്നങ്ങൾ മുഴുവൻ സൗജന്യമായാണ് ഇവർ നൽകിയത്.

‘പുതു തലമുറക്ക് കൃഷി വിജ്ഞാനം പകരുവാനും ജോലിക്കിടയിലും കൃഷി പരിപാലനം സാദ്ധ്യമാകും എന്ന അവബോധം വളർത്തുവാനുമാണ് തങ്ങൾ ഇത്തരത്തിലൊരു ഉദ്യമം ആരംഭിച്ചതെന്ന് കൂട്ടായ്മയുടെ ഭാരവാഹികളിലൊരാളായ സതീശന്‍ മണമല്‍ പറഞ്ഞു. ഇതിനു പുറമെ കൃഷി പരിപാലനം നല്ലൊരു വ്യായമ മാര്‍ഗം കൂടിയാണെന്നതില്‍ എല്ലാവരും ഇതുമായി സഹകരിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.