‘ഇങ്ങനെയൊരുഭാഗ്യം എനിയ്ക്ക് എങ്ങനെകിട്ടിയെന്ന് ഇപ്പോഴും അറിയില്ല’; കുടുബശ്രീയുടെയും കീഴരിയൂര്‍ പഞ്ചായത്ത് പന്ത്രണ്ടാം വാര്‍ഡ് വികസന സമിതിയുടെയും നേതൃത്വത്തില്‍ നടത്തിയ വിമാന യാത്രയില്‍ പങ്കെടുത്ത 73 കാരി തറോല്‍ മാണിക്യം പേരാമ്പ്ര ന്യൂസ് ഡോട്‌ കോമിനോട് അനുഭവം പങ്കുവെയ്ക്കുന്നു


[toop1]

കീഴരിയൂര്‍: ‘ഇങ്ങനെയൊരുഭാഗ്യം എനിയ്ക്ക് എങ്ങനെകിട്ടിയെന്ന് ഇപ്പോഴും അറിയില്ല, വളരെ സന്തോഷം, ഓര്‍ക്കുമ്പോള്‍ വീണ്ടും വീണ്ടും മനസിനൊരു സുഖമാണ്‌’. ഒരു കൊച്ചു കുട്ടിയെപ്പോടെ വിമാനത്തില്‍ കയറിയതിന്റെ ആവേശം പങ്കുവെച്ച് 73കാരി തറോല്‍ മാണിക്യം പേരാമ്പ്ര ന്യൂസ് ഡോട്‌ കോമിനോട് സംസാരിച്ചു. കീഴരിയൂര്‍ ഗ്രാമപഞ്ചായത്ത് 12ാം വാര്‍ഡ് വികസന സമിതിയും കുടുംബശ്രീയും ചേര്‍ന്ന് കുടുംബശ്രീയുടെ 25ാം വാര്‍ഷികത്തോടനുബന്ധിച്ചായിരുന്നു വിമാന യാത്ര നടത്തിയത്.

ഇനി മരിച്ചാലും സന്തോഷമേയുള്ളു. സ്വപ്‌നത്തില്‍ പോലും വിചാരിക്കാത്ത കാര്യങ്ങളാണ് സാധിച്ചിരിക്കുന്നത്. സുരേഷ് മാഷിന്റെ ധൈര്യത്തിലാണ് ഞാന്‍ യാത്ര പോവാന്‍ തീരുമാനിച്ചത്. കുറേ സ്ഥലങ്ങളില്‍ പോയിട്ടുണ്ട്. നല്ല രസകരമായിരുന്നു എല്ലാവരോടുമൊപ്പം യാത്ര ചെയ്യാന്‍. പ്രായത്തിന്റെ മറതിയുണ്ട്. യാത്ര കഴിഞ്ഞ് വീട്ടില്‍ തിരിച്ചെത്തി വിശേഷങ്ങള്‍ ചോദിച്ചപ്പോള്‍ പലസ്ഥലങ്ങളും ഓര്‍മ്മയില്ല. എന്നാലും വിവേകാനന്ദപ്പാറയും ബോട്ടിലുള്ള യാത്രയും കന്യാകുമാരിയുമൊന്നും ഞാന്‍ മറന്നിട്ടേയില്ല. ഇപ്പോള്‍ സമപ്രായക്കാരായ എന്റെ കുറച്ച് സുഹൃത്തുക്കളുണ്ട് അവരോടൊക്കെ പറയുമ്പോള്‍ അവരെയൊന്നും ആരും കൊണ്ടുപോവാനില്ലല്ലോ എന്ന പരിഭവമാണവര്‍ക്ക്. ഇനിയും അവസരം കിട്ടിയാല്‍ പോവണം എന്നു തന്നെയാണ് ആഗ്രഹമെന്നും മാണിക്യം പറയുന്നു.

വാര്‍ഡ് മെമ്പര്‍ മാലത്ത് സുരേഷിന്റെ നേതൃത്വത്തില്‍ മുപ്പതു പേരടങ്ങിയ സംഘമാണ് കീരാംകുന്നില്‍ നിന്നും യാത്രയിലുണ്ടായിരുന്നത്. ഇതില്‍ തറോല്‍ മാണിക്യം, കണ്ണോത്ത് ദാമോദരന്‍ നായര്‍, കളയംകുളത്ത് ലക്ഷ്മി അമ്മ, സരിഗ സരോജിനി എന്നിവരായിരുന്നു ഏറ്റവും പ്രയം കൂടിയവര്‍.

കൊയിലാണ്ടിയില്‍ നിന്നു ട്രെയിനില്‍ ആരംഭിച്ച യാത്ര പിറ്റേദിവസം രാവിലെയോടെ തിരുവനന്തപുരത്ത് എത്തി. അവിടെ ആറ്റുകാല്‍ ക്ഷേത്രം, പത്മനാഭസ്വാമി ക്ഷേത്രം, കുതിരമാളിക, ചിത്രാലയം മ്യൂസിയം, പത്മനാഭപുരം കൊട്ടാരം, കന്യാകുമാരി, വിവേകാനന്ദപ്പാറ, ശുചീന്ദ്രക്ഷേത്രം, പൂവാറില്‍ ബോട്ട് യാത്ര, കോവളം ബീച്ച് എന്നിവിടങ്ങള്‍ സന്ദര്‍ശിച്ചു. പിന്നീടി കൊച്ചിയില്‍ ലുലുമാളിലും കയറി. മനസ്സു നിറയെ യാത്ര ആസ്വദിച്ച ശേഷം സംഘം തങ്ങളുടെ സ്വപ്‌ന യാത്രയിലേക്ക് പ്രവേശിക്കുകയായിരുന്നു. തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും കണ്ണൂര്‍ വിമാനത്താവളത്തിലേക്ക്.

അതുവരെ നിര്‍ത്താതെസംസാരിച്ചവര്‍ വിമാനത്തിനകത്തെത്തി എയര്‍ ഹോസ്റ്റസിന്റെ ആംഗ്യ ഭാഷ ശ്രദ്ധിച്ച് സീറ്റ് ബെല്‍റ്റ് മുറുക്കി ശ്വാസമടക്കിയിരുന്നു. ഒരു മണിക്കൂറിലേറെ സമയമെടുത്ത് വിമാനം കണ്ണൂര്‍ എയര്‍ പോര്‍ട്ടില്‍ ലാന്റ് ചെയ്തു. നിരവധി തവണ വിമാനത്തില്‍യാത്ര ചെയ്യാന്‍ കഴിഞ്ഞ എനിക്ക് അമ്മമാരോടൊപ്പമുള്ള ഈയാത്ര വേറിട്ട അനുഭവമായി എന്ന് വാര്‍ഡ് മെമ്പര്‍ സുരേഷ് പറഞ്ഞു. ഒട്ടും പ്രതീക്ഷിക്കാതെ വിമാനയാത്ര ചെയ്യാനായതിന്റെ ആവേശത്തിലാണ് എല്ലാവരും. മറ്റ് പലയാത്രകള്‍ക്കും ഇത്പ്രചോദനമേകുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.