ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം; കുപ്രസിദ്ധ ഗുണ്ട ലുട്ടാപ്പി സതീഷിനെ വെട്ടി പരിക്കേല്‍പ്പിച്ചു


തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാലയ്ക്കിടെ ഗുണ്ടാ ആക്രമണം. ശ്രീകണ്‌ഠേശ്വരം ഇരുമ്പുപാലത്തിന് സമീപമാണ് പൊങ്കാല ചടങ്ങുകള്‍ക്കിടെ ആക്രമണമുണ്ടായത്. കുപ്രസിദ്ധ ഗുണ്ടയായ ലുട്ടാപ്പി സതീഷിനെ അക്രമികള്‍ വെട്ടി പരിക്കേല്‍പ്പിച്ചു. പൊങ്കാല ചടങ്ങുമായി ബന്ധപ്പെട്ട് നടന്ന അന്നദാനത്തിനിടെയായിരുന്നു ആക്രമണം.

നിരവധി കേസില്‍ പ്രതിയാണ് ലുട്ടാപ്പി സതീഷ്. ഇയാളും ആക്രമകാരികളും തമ്മിലുള്ള മുന്‍വൈരാഗ്യമാണ് അക്രമത്തിലേക്ക് നയിച്ചതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. അന്നദാനത്തിനിടെ ഭക്ഷണം വിളമ്പി നല്‍കുമ്പോഴാണ് ഇവര്‍ സതീഷിനെ വെട്ടിയത്.

ഗുരുതരമായി പരിക്കേറ്റ സതീഷിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സംഭവത്തില്‍ പ്രതികള്‍ക്കായുള്ള തിരച്ചില്‍ ഊര്‍ജിതമാക്കിയതായി പോലീസ് അറിയിച്ചു.