അതിഥി തൊഴിലാളികൾക്കായി ബംഗാളില്‍ നിന്നും കഞ്ചാവ് എത്തിക്കും; യുവാവിനെ തൊണ്ടി സഹിതം പൊക്കി ബേപ്പൂർ പോലീസ്


കോഴിക്കോട്: അതിഥി തൊഴിലാളികൾക്ക് ബം​ഗാളിൽ നിന്നും കഞ്ചാവ് എത്തിച്ചു നൽകുന്ന യുവാവ് അറസ്റ്റിൽ. ബംഗാൾ സ്വദേശി സുമൽ ദാസ് (22) ആണ് അറസ്റ്റിലായത്. ബംഗാളിൽ നിന്നു ലഹരി വസ്തുക്കൾ എത്തിച്ച് അതിഥി തൊഴിലാളികൾക്ക് വിതരണം ചെയ്തു വരുകയായിരുന്നു ഇയാളെന്ന് ബേപ്പൂർ പൊലീസ് പറഞ്ഞു. 200 ഗ്രാം കഞ്ചാവുമായാണ് ഇയാൾ പിടിയിലായത്.

ബേപ്പൂരിലെയും പരിസരങ്ങളിലെയും ലോഡ്ജുകൾ കേന്ദ്രീകരിച്ച് അതിഥി മത്സ്യത്തൊഴിലാളികൾക്ക് വ്യാപകമായി കഞ്ചാവ് എത്തിക്കുന്നതായി പൊലീസിനു വിവരം ലഭിച്ചിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ സുമൽദാസ് കഞ്ചാവ് വിൽക്കുന്നതായി എസ്ഐ കെ.ഷുഹൈബിന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിൽ സ്ഥിരീകരിച്ചു. പിന്നീട് ഇയാളുടെ നീക്കങ്ങൾ പൊലീസ് നിരീക്ഷിച്ച വരികയായിരുന്നു. കഴിഞ്ഞ ദിവസം കഞ്ചാവുമായി വില്‍പ്പനയ്ക്കെത്തിയ പ്രതിയെ ബേപ്പൂർ ഹാർബർ റോഡ് ജംക്ഷനിൽ നിന്നാണ് വലയിലാക്കിയത്.