സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനത്തിന് അപേക്ഷിക്കാം; കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (03/02/2022)


കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.

ജില്ലയിലെ കോവിഡ് ആശുപത്രികളിൽ 1,132 കിടക്കകൾ ഒഴിവ്

ജില്ലയിലെ 60 കോവിഡ് ആശുപത്രികളിൽ 2,086 കിടക്കകളിൽ 1,132 എണ്ണം ഒഴിവുണ്ട്. 127 ഐ.സി.യു കിടക്കകളും 81 വെന്റിലേറ്ററുകളും ഓക്സിജൻ ലഭ്യതയുള്ള 489 കിടക്കകളും ഒഴിവുണ്ട്. 11 ഗവൺമെന്റ് കോവിഡ് ആശുപത്രികളിലായി 164 കിടക്കകൾ, 48 ഐ.സി.യു, 38 വെന്റിലേറ്റർ, 192 ഓക്സിജൻ ഉള്ള കിടക്കകളും ബാക്കിയുണ്ട്.

ഒരു സി.എഫ്.എൽ.ടി.സിയിൽ 50 കിടക്കകളിൽ 22 എണ്ണം ബാക്കിയുണ്ട്. മൂന്ന് സി.എസ്.എൽ. ടി.സികളിലായി 370 എണ്ണം ഒഴിവുണ്ട്.

വിദഗ്ധ പാനലിൽ അംഗമാകാം

ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നവരും നിയമവുമായി പൊരുത്തപ്പെടാത്തവരുമായ കുട്ടികളുടെ മാനസിക ആരോഗ്യനില നിർണ്ണയിക്കുന്നതിന് ജുവനൈൽ ജസ്റ്റിസ് ബോർഡുകൾക്ക് അനുബന്ധമായി സർക്കാർ ഉത്തരവു പ്രകാരം രൂപീകരിക്കുന്ന വിദ്ഗ്ധ പാനലിൽ അംഗമാകാൻ അവസരം. ക്ലിനിക്കിൽ സൈക്കോളജിസ്റ്റ്, സൈക്കോ സോഷ്യൽ വർക്കർ, മറ്റ് വിദഗ്ധർ എന്നിവരടങ്ങുന്ന വിദഗ്ധ പാനൽ ആണ് ഉണ്ടായിരിക്കുക.

ക്ലിനിക്കിൽ സൈക്കോളജിസ്റ്റിന് എം. ഫിൽ ഇൻ ക്ലിനിക്കൽ സൈക്കോളജിയും ആർ.സി.ഐ അംഗീകാരവും കുട്ടികളുടെ മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും സൈക്കോ സോഷ്യൽ വർക്കർ അംഗത്തിന് എം.എസ്.ഡബ്ല്യൂ എം.എ സോഷ്യോളജിയും അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവുമാണ് യോഗ്യത. മറ്റ് വിദഗ്ധ അംഗത്തിന് പ്രയാസമനുഭവിക്കുന്ന കുട്ടികളുടെ മേഖലയിൽ അഞ്ച് വർഷത്തെ പ്രവൃത്തി പരിചയവും അതത് മേഖലയിലുള്ള വിദ്യാഭ്യാസ യോഗ്യതയും വേണം.

താൽപര്യമുള്ളവർ യോഗ്യതകൾ തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 18 ന് വൈകീട്ട് നാലിനകം ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ, ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റ്, ബി ബ്ലോക്ക്, രണ്ടാം നില സിവിൽ സ്റ്റേഷൻ,കോഴിക്കോട് -673020 എന്ന വിലാസത്തിൽ അപേക്ഷ സമർപ്പിക്കണം.
ഫോൺ: 0495 2378920.

കണ്ടിജൻസി, പ്രീ സ്കൂൾ കിറ്റ് വിതരണം

കോഴിക്കോട് ഐസിഡിഎസ് അർബൻ 2 ശിശു വികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിനു കീഴിലെ 140 അങ്കണവാടികളിൽ കണ്ടിജൻസി, പ്രീ സ്കൂൾ കിറ്റ് എന്നിവ വിതരണം ചെയ്യുന്നതിന് വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ദർഘാസ് ക്ഷണിച്ചു. അവസാന തീയതി ഫെബ്രുവരി 16 ഉച്ചക്ക് രണ്ടു മണി. കൂടുതൽ വിവരം അർബൻ 2 ഐസിഡിഎസ് ഓഫീസിൽ നിന്നും പ്രവൃത്തി സമയങ്ങളിൽ ലഭിക്കും. ഫോൺ: 0495 2373566.

ഗസ്റ്റ് ലക്ചറര്‍ നിയമനം

ഐ.എച്ച്.ആര്‍.ഡിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന വടകര മോഡല്‍ പോളിടെക്‌നിക് കോളേജില്‍ ലക്ചറര്‍ ഇന്‍ ഇലക്ട്രിക്കല്‍ ആന്റ് ഇലക്ട്രോണിക്‌സ് എഞ്ചിനീയറിംഗ്, ലക്ചറര്‍ ഇന്‍ ബയോ-മെഡിക്കല്‍ എഞ്ചിനീയറിംഗ് തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. ബന്ധപ്പെട്ട വിഷയത്തില്‍ ഒന്നാം ക്ലാസ് ബി.ടെക്/ ബി.ഇ ബിരുദമാണ് അടിസ്ഥാന യോഗ്യത. നിശ്ചിത യോഗ്യത പൂര്‍ത്തിയാക്കി സര്‍ട്ടിഫിക്കറ്റുകള്‍ കൈവശമുള്ളവരെ മാത്രമേ ഇന്റ്റര്‍വ്യുവിനു പരിഗണിക്കുകയുള്ളു. താല്പര്യമുള്ളവര്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സലും പകര്‍പ്പും സഹിതം ഫെബ്രുവരി ഏഴിന് രാവിലെ 11 മണിയ്ക്ക് കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. വിശദ വിവരങ്ങള്‍ക്ക് 0496 2524920.

ഗതാഗതം നിരോധിച്ചു

പെരിങ്ങളം-കുരിക്കത്തൂര്‍-പെരുവഴിക്കടവ് റോഡില്‍ ബി.എം & ബി.സി പ്രവൃത്തി നടക്കുന്നതിനാല്‍ പെരിങ്ങളം മുതല്‍ പെരുവഴിക്കടവ് വരെയുള്ള ഭാഗത്ത് ഫെബ്രുവരി അഞ്ചു മുതല്‍ പ്രവൃത്തി അവസാനിക്കുന്നതുവരെ വാഹന ഗതാഗതം നിരോധിച്ചതായി എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. വാഹനങ്ങള്‍ ഇഷ്ടിക ബസാര്‍- ചാത്തമംഗലം- ചെത്തുകടവ് -വരട്ട്യാക്ക് -ചാത്തങ്കാവ് വഴി പോകണം.

ഗതാഗതം നിരോധിച്ചു

ബാലുശ്ശേരി റോഡിൽ തടമ്പാട്ടുതാഴം കൽവർട്ട് നിർമ്മാണം നടക്കുന്നതിനാൽ പ്രവൃത്തി തീരുന്നതുവരെ ഈ റോഡിലൂടെയുള്ള ഗതാഗതം നിരോധിച്ചതായി എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

പൊതുമരാമത്ത് പരിശോധനാ സംഘത്തിന്റെ യോഗം നാളെ (ഫെബ്രുവരി 4) കോഴിക്കോട്

തകരാറില്ലാത്ത റോഡില്‍ അറ്റകുറ്റപ്പണി നടത്തുന്നതും ഗുണനിലവാരം ഉറപ്പാക്കാതെയുള്ള പണികള്‍ നടത്തുന്നതും കണ്ടെത്താന്‍ പൊതുമരാമത്ത് വകുപ്പ് രൂപീകരിച്ച പ്രത്യേക സംഘത്തിന്റെ യോഗം നാളെ (ഫെബ്രുവരി 4) കോഴിക്കോട്ട് ചേരും. രാവിലെ 11 മണിക്ക് കോഴിക്കോട് ഗസ്റ്റ് ഹൗസിലാണ് യോഗം. ഇതുവരെ നടത്തിയ കണ്ടെത്തലുകള്‍ അവലോകനം ചെയ്യാനും പരിശോധനകള്‍ കൂടുതല്‍ ശക്തിപ്പെടുത്തുന്നതിനെക്കുറിച്ച് ആലോചിക്കാനുമാണ് അടിയന്തരമായി യോഗം ചേരുന്നത്. ഈയിടെ രൂപീകരിച്ച പ്രത്യേക സംഘം സംസ്ഥാനത്തിന്റെ പല ഭാഗങ്ങളില്‍ ഇതിനകം പരിശോധന നടത്തിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി കൊല്ലം, കോഴിക്കോട്, കണ്ണൂര്‍ ജില്ലകളില്‍ ഗുരുതരമായ ക്രമക്കേടുകള്‍ കണ്ടെത്തുകയും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ സസ്പെന്‍ഷന്‍ അടക്കമുള്ള നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി ഉത്തരവിടുകയും ചെയ്തിരുന്നു.

മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വത്തിന് അവസരം

മത്സ്യമേഖലയില്‍ അനുബന്ധ തൊഴില്‍ മുഖ്യതൊഴിലായി ഉപജീവനം നയിക്കുന്ന തൊഴിലാളികള്‍ക്ക്
സംസ്ഥാന മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗത്വമെടുക്കാന്‍ അവസരം. താല്‍പര്യമുള്ളവര്‍ ഫെബ്രുവരി 28നകം അപേക്ഷ സമര്‍പ്പിക്കണമെന്ന് ക്ഷമനിധി ബോര്‍ഡ് റീജ്യണല്‍ എക്‌സിക്യൂട്ടീവ് അറിയിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു

കോഴിക്കോട് തുറമുഖ പരിധിയിലുള്ള കസ്റ്റംസ് റോഡിലെ തുറമുഖ ഗോഡൗണിന്റെ കിഴക്കേ അറ്റത്തുള്ള മുറി ഒരു വര്‍ഷത്തേക്ക് പ്രതിമാസ ലൈസന്‍സ് ഫീസടിസ്ഥാനത്തില്‍ നല്‍കുന്നതിന് കോഴിക്കോട് പോര്‍ട്ട് ഓഫീസര്‍ ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷന്‍ ഫെബ്രുവരി 15ന് ഉച്ചക്ക് 12 വരെ ബേപ്പൂര്‍ പോര്‍ട്ട് ഓഫീസില്‍ സ്വീകരിക്കും. ഫോണ്‍- 0495 2414863.

എം.ബി.ബി.എസ് അലോട്ട്‌മെന്റ് ലഭിച്ചവര്‍ ഹാജരാകണം

കോഴിക്കോട് ഗവ.മെഡിക്കല്‍ കോളേജില്‍ 2021 വര്‍ഷത്തില്‍ എം.ബി.ബി.എസിന് അലോട്ട്‌മെന്റ് ലഭിച്ചവരില്‍ റാങ്ക് 1 മുതല്‍ 200 വരെയുള്ളവര്‍ ഫെബ്രുവരി 4നും റാങ്ക് 201 മുതല്‍ 400 വരെയുള്ളവര്‍ 5നും റാങ്ക് 400നു മുകളിലുള്ളവര്‍ 7നും രക്ഷിതാവിനോടൊപ്പം രാവിലെ 10 മണിയ്ക്ക് ലക്ചര്‍ തിയേറ്റര്‍ കോംപ്ലക്‌സില്‍ ഹാജരാകണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. വിശദവിവരം https://www.govtmedicalcollegekozhikode.ac.in/news ല്‍ ലഭിയ്ക്കും.

സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം

പി.എസ്.സി മത്സര പരീക്ഷകൾ എഴുതാൻ ഉദ്ദേശിക്കുന്നവർക്കായി സംസ്ഥാന സർക്കാർ സ്ഥാപനമായ കോഴിക്കോട് പ്രീ- എക്സാമിനേഷൻ ട്രെയിനിംഗ് സെന്ററിന്റെ ആഭിമുഖ്യത്തിൽ സൗജന്യ കോച്ചിംഗ് ക്ലാസ്സുകൾ നടത്തുന്നു. പട്ടികജാതി, വർഗ്ഗക്കാർക്കും ഒരു ലക്ഷത്തിൽ താഴെ വാർഷിക കുടുംബ വരുമാനമുള്ള ഒ.ബി.സി , ഒ.ഇ.സി വിഭാഗത്തിൽപ്പെട്ടവർക്കും അപേക്ഷിക്കാം. പട്ടികജാതി, വർഗ്ഗവിഭാഗ ത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് സ്റ്റൈപ്പെൻ്റ് ലഭിക്കും. പരിശീലന കാലാവധി ആറ് മാസം. താൽപര്യമുള്ളവർ ജാതി, വരുമാനം രോഗ്യത എന്നിവ തെളിയിക്കുന്നതിനുള രേഖകൾ, ഫോൺനമ്പർ, പൂർണ്ണ വിലാസം എന്നിവ സഹിതമുള്ള അപേക്ഷ ഫെബ്രുവരി 19 നു മുമ്പായി പ്രിൻസിപ്പാൾ, പ്രീ എക്സാമിനേഷൻ ട്രെയിനിംഗ് സെന്റർ, യൂത്ത് ഹോസ്റ്റലിനു സമീപം, ഈസ്റ്റ്ഹിൽ, കോഴിക്കോട് 5 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖാന്തിരമോ സമർപ്പിക്കണം. അപൂർണ്ണമായ അപേക്ഷകൾ സ്വീകരിക്കുന്നതല്ല. അപേക്ഷാ ഫോമിനും മറ്റു വിവരങ്ങൾക്കും 9809550520 എന്ന നമ്പറിലേക്ക് “Form’ എന്ന് വാട്സ്ആപ് ചെയ്യണമെന്ന് പ്രിൻസിപ്പാൾ അറിയിച്ചു.

ചാലിയം ബീച്ച് ടൂറിസം: പത്തു കോടിയുടെ പദ്ധതിയുമായി ടൂറിസം വകുപ്പ്

ചാലിയം ബീച്ച് ടൂറിസം വികസനത്തിനായി പത്തു കോടിയുടെ പദ്ധതിയുമായി ടൂറിസം വകുപ്പ്. പദ്ധതി രണ്ട് ഘട്ടങ്ങളിലായാണ് നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്നതെന്ന് ചാലിയം ബീച്ച് സന്ദര്‍ശിച്ച ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് വ്യക്തമാക്കി.

കേരളത്തിലെ ബീച്ചുകളില്‍ വാട്ടര്‍ സ്പോര്‍ട്സിനും സാഹസിക ടൂറിസത്തിനും ഏറെ അനുയോജ്യമായ പ്രദേശമാണ് ചാലിയമെന്നും തദ്ദേശീയവാസികളുടെയും മത്സ്യതൊഴിലാളികളുടെയും ജീവിതസാഹചര്യം മാറ്റുന്ന തരത്തിലുള്ള ഉത്തരവാദിത്ത ടൂറിസമാണ് വകുപ്പ് ലക്ഷ്യമിടുന്നതെന്നും മന്ത്രി പറഞ്ഞു.

രണ്ടു വര്‍ഷത്തിനകം കേരളത്തിലെ ഏറ്റവും മനോഹരമായ ടൂറിസ്റ്റ് കേന്ദ്രമാക്കി ചാലിയത്തെ മാറ്റുകയാണ് ഈ പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. കലാ സാംസ്കാരിക സംവാദങ്ങൾക്കും ഒത്തുചേരലുകൾക്കും വേദിയായി കൾച്ചറൽ കോർണർ സ്ഥാപിക്കും. മുഴുവൻ പദ്ധതിയും ഭിന്നശേഷി സൗഹൃദമായിരിക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചാലിയം ബീച്ച് ടൂറിസം മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുന്നതിന്റെ ഭാഗമായാണ് മന്ത്രി ബീച്ച് സന്ദര്‍ശിച്ചത്.

കടലുണ്ടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി. അനുഷ, നോര്‍ക്കറൂട്സ് ഡയറക്ടര്‍ ബാദുഷ കടലുണ്ടി, പോര്‍ട്ട് ഓഫീസര്‍ അശ്വനി പ്രതാപ്, ടൂറിസം ഡെപ്യൂട്ടി ഡയറക്ടര്‍ കെ. പി. മനോജ്, ഡി.ടി.പി.സി സെക്രട്ടറി നിഖില്‍ ദാസ്, ബേപ്പൂര്‍ ഡെവലപ്പ്മെന്റ് മിഷന്‍ പ്രതിനിധി രാധ ഗോപി, ആര്‍ക്കിടെക്ട് മുഹമ്മദ് റിയാസ് തുടങ്ങിയവര്‍ പങ്കെടുത്തു.

നഗര സൗന്ദര്യവത്കരണ പദ്ധതി: മന്ത്രി മുഹമ്മദ് റിയാസ് രാമനാട്ടുകര സന്ദര്‍ശിച്ചു

നഗര സൗന്ദര്യവത്കരണ പദ്ധതിയുടെ ഭാഗമായി പ്രവൃത്തി പുരോഗമിക്കുന്ന രാമനാട്ടുകരയില്‍ ടൂറിസം വകുപ്പു മന്ത്രി പി.എ. മുഹമ്മദ് റിയാസ് സന്ദര്‍ശനം നടത്തി. അന്തിമ ഘട്ടത്തിലെത്തിയ അഴുക്കുചാലിന്റെയും നടപ്പാതയുടെയും നിര്‍മാണം മന്ത്രി വിലയിരുത്തി.

രാമനാട്ടുകര മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബുഷറ റഫീഖ്, പി.ഡബ്ല്യൂ.ഡി. അസിസ്റ്റന്റ് എന്‍ജിനീയര്‍ റീന തുടങ്ങിയവര്‍ പങ്കെടുത്തു.

മലയോര ഹൈവേ സമയബന്ധിതമായി പൂര്‍ത്തിയാക്കും: മന്ത്രി മുഹമ്മദ് റിയാസ്

ജില്ലയില്‍ മലയോരഹൈവേ നിര്‍മ്മാണ പ്രവൃത്തികള്‍ സമയബന്ധിതമായി പൂര്‍ത്തിയാക്കുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. പ്രവൃത്തി പുരോഗതി വിലയിരുത്താന്‍ കലക്ടറേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ജനങ്ങള്‍ക്ക് ബുദ്ധിമുട്ട് സൃഷ്ടിക്കുന്ന രീതിയിലേക്ക് കാര്യങ്ങള്‍ മാറരുതെന്നും മഴക്കാലം ആരംഭിക്കുന്നതിന് മുന്‍പ് പ്രവൃത്തികള്‍ പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി. കോടഞ്ചേരി-കക്കാടം പൊയില്‍, തലയാട്- കോടഞ്ചേരി, 28-ാം മൈല്‍ – തലയാട്, പുല്ല് വയല്‍ – തൊട്ടില്‍പ്പാലം, നിരവില്‍പുഴ – മൂന്നാംകൈ- തൊട്ടില്‍പാലം റോഡുകളിലെ വിവിധ റീച്ചുകളിലായുള്ള പ്രവൃത്തികള്‍ മന്ത്രി വിലയിരുത്തി.

കോടഞ്ചേരി-കക്കാടം പൊയില്‍ റോഡില്‍ റീ അലൈന്‍മെന്റ് ആവശ്യമുള്ള ആറ് കിലോമീറ്ററില്‍ ഫെബ്രുവരി 28നകം സര്‍വ്വേ പൂര്‍ത്തീകരിക്കാന്‍ അദ്ദേഹം നിര്‍ദ്ദേശം നല്‍കി. മെയ് 20ന് മുന്‍പ് ഈ സ്ട്രെച്ചിന്റെ പ്രവൃത്തി പൂര്‍ത്തീകരിക്കാനും സെപ്തംബറില്‍ മുഴുവന്‍ റോഡുകളുടെയും പ്രവൃത്തി പൂര്‍ത്തീകരിക്കാനുമാണ് നിര്‍ദ്ദേശം. തലയാട്- കോടഞ്ചേരി റോഡില്‍ ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട സാങ്കേതിക അനുമതി ഫെബ്രുവരി ഒന്‍പതിനകം ലഭ്യമാക്കും. പ്രോജക്ട് റിപ്പോര്‍ട്ട് ഉടന്‍ നവീകരിക്കും. സാമ്പത്തിക അനുമതി ലഭ്യമാക്കുന്നതിലെ തടസ്സം പരിഹരിക്കാനും നിര്‍ദ്ദേശിച്ചു.

പുല്ല് വയല്‍ – തൊട്ടില്‍പ്പാലം റോഡില്‍ 28 കിലോമീറ്ററില്‍ 14 കിലോമീറ്റര്‍ ടെണ്ടര്‍ ചെയ്തു. ബാക്കി 14 കിലോമീറ്ററിലെ ഭൂമിപ്രശ്നം സംബന്ധിച്ച എസ്റ്റിമേറ്റ് ഫെബ്രുവരി 15നകം തയ്യാറാക്കാനും മന്ത്രി നിര്‍ദ്ദേശിച്ചു. നിരവില്‍പുഴ – മൂന്നാംകൈ – തൊട്ടില്‍പാലം റോഡിന്റെ ഡി.പി.ആര്‍ ഫെബ്രുവരി 28നകം തയ്യാറാക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്.

ഓണ്‍ലൈനായി നടന്ന യോഗത്തില്‍ വനംവകുപ്പ് മന്ത്രി എ.കെ ശശീന്ദ്രന്‍, എം.എല്‍.എമാരായ ടി.പി രാമകൃഷ്ണന്‍, ഇ.കെ വിജയന്‍, ലിന്റോ ജോസഫ്, കാനത്തില്‍ ജമീല, കെ.കെ രമ, ജില്ലാകലക്ടര്‍ ഡോ.എന്‍.തേജ് ലോഹിത് റെഡ്ഢി, പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ആനന്ദ് സിംഗ്, പൊതുമരാമത്ത് വകുപ്പ് ജോയ്ന്റ് സെക്രട്ടറി സാംബശിവ റാവു, ദേശീയപാത അതോറിറ്റി, പൊതുമരാമത്ത്, കിഫ്ബി ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.