സ്വര്‍ണ്ണക്കടത്ത്: ബിഗ് ബോസ് താരമായ പ്രമുഖ തമിഴ്-കന്നഡ നടിയെ കോഴിക്കോട് വച്ച് ഇ.ഡി ചോദ്യം ചെയ്യുന്നു


കോഴിക്കോട്: കൊച്ചി നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിലെ സ്വര്‍ണ്ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് പ്രമുഖ തമിഴ്-കന്നഡ നടി അക്ഷര റെഡ്ഡിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) ചോദ്യം ചെയ്യുന്നു. കോഴിക്കോട് ഇ.ഡി ഓഫീസില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്.

ഇന്ന് രാവിലെയാണ് അക്ഷര റെഡ്ഡി ചോദ്യം ചെയ്യലിനായി കോഴിക്കോട് എത്തിയത്. വടകര സ്വദേശി ഫായിസ് ഉള്‍പ്പെട്ട 2013 ലെ നെടുമ്പാശ്ശേരി വിമാനത്താവളം വഴിയുള്ള സ്വര്‍ണ്ണക്കടത്തുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിക്കവെ 20 കിലോഗ്രാം സ്വര്‍ണ്ണമാണ് 2013 ല്‍ കസ്റ്റംസ് പിടികൂടിയത്. പ്രമുഖ ജ്വല്ലറികളിലേക്ക് ഉള്‍പ്പെടെ ഈ സ്വര്‍ണ്ണം എത്തിച്ചുവെന്നാണ് കസ്റ്റംസ് കണ്ടെത്തിയത്.

കേസിലെ മുഖ്യ പ്രതിയായ വടകര സ്വദേശി ഫായിസിന്റെ ഉന്നത ബന്ധങ്ങളും നേരത്തെ വിവാദമായിരുന്നു. ഇതുമായി ബന്ധപ്പെട്ടാണ് നടിയെ ചോദ്യംചെയ്യുന്നത്. മോഡല്‍ കൂടെയായ അക്ഷര റെഡ്ഡി നേരത്തെ തമിഴ് ബിഗ് ബോസിലും പങ്കെടുത്തിരുന്നു.