വാവ സുരേഷിന്റെ ആരോഗ്യ നില തൃപ്തികരം; വിഷം ശരീരത്തില്‍ നിന്ന് പൂര്‍ണമായും നീങ്ങി


തിരുവനന്തപുരം: മൂര്‍ഖന്റെ കടിയേറ്റ് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്ന വാവ സുരേഷ് ആരോഗ്യം വീണ്ടെടുത്തു. സുരേഷിന്റെ ശരീരത്തില്‍ നിന്നും വിഷം പൂര്‍ണമായും മാറി. പാമ്പ് കടിച്ചുണ്ടായ മുറിവുകള്‍ ഉണങ്ങുന്നതിനുള്ള മരുന്നുകള്‍ മാത്രമാണ് ഇപ്പോള്‍ നല്‍കുന്നത്.

സുരേഷ് ഓര്‍മശക്തിയും സംസാര ശേഷിയും പൂര്‍ണ്ണമായി വീണ്ടെടുത്തു. ഇന്നലെയും ഇന്ന് പുലര്‍ച്ചെയുമായി നടന്നു. സ്വന്തമായി ആഹാരം കഴിക്കാനും തുടങ്ങി.

നിലവില്‍ ജീവന്‍രക്ഷാ ഉപാധികള്‍ ഒന്നും ഉപയോഗിക്കുന്നില്ല. വെന്റിലേറ്ററില്‍ കിടന്നതിന്റെ ക്ഷീണം മാത്രമാണ് സുരേഷിന് ഇപ്പോഴുള്ളത്.

നിലംപേരൂരില്‍ വെച്ചായിരുന്നു വാവ സുരേഷിനെ മൂര്‍ഖന്‍ പാമ്പ് കടിച്ചത്. പിടികൂടിയ പാമ്പിനെ ചാക്കില്‍ കയറ്റുന്നതിനിടെ തുടയില്‍ കടിയേല്‍ക്കുകയായിരുന്നു. ഗുരുതരാവസ്ഥയിലായ അദ്ദേഹത്തെ കോട്ടയത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു. ന്യൂറോ കാര്‍ഡിയാക് വിദഗ്ധന്മാര്‍ അടങ്ങുന്ന ആറംഗ വിദഗ്ധ സംഘമാണ് വാവ സുരേഷിന്റെ ചികിത്സയ്ക്ക് മേല്‍നോട്ടം വഹിച്ചത്.

മൂന്നുദിവസത്തിനകം സുരേഷിന് ആശുപത്രി വിടാന്‍ കഴിയുമെന്നാണ് ഡോക്ടര്‍മാരുടെ പ്രതീക്ഷ.