വയനാട്ടില്‍ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി


മേപ്പാടി: വഴക്കിനിടെ ഭര്‍ത്താവ് ഭാര്യയെ തലക്കടിച്ചു കൊലപ്പെടുത്തി. കുന്നമ്പറ്റയിലെ സ്വകാര്യ തോട്ടത്തില്‍ ജോലിക്കെത്തിയ നേപ്പാള്‍ സ്വദേശിനിയാണ് കൊല്ലപ്പെട്ടത്. തൂമ്പ ഉപയോഗിച്ച് ഇരുപത്തെട്ടുകാരിയായ ബിമലയെ ഭര്‍ത്താവ് സാലിവന്‍ ജാഗിരി (30) അടിച്ചു കൊലപ്പെടുത്തുകയായിരുന്നു. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. ശനിയാഴ്ച പുലര്‍ച്ചെയായിരുന്നു സംഭവം.

എട്ട് വയസുകാരനായ മകനേയും കൊണ്ട് നേപ്പാള്‍ സ്വദേശിയായ സാലിവന്‍ ജാഗിരി നാടുവിടാനുള്ള ശ്രമത്തിലായിരുന്നു. ഇതിനിടയില്‍ സംശയം തോന്നിയ നാട്ടുകാരാണ് ഇയാളെ തടഞ്ഞുവെച്ച് പൊലീസില്‍ ഏല്‍പ്പിച്ചത്. ഒരാഴ്ച മുമ്പാണ് ഇവരടങ്ങുന്ന സംഘം കാപ്പി തോട്ടത്തില്‍ ജോലിക്ക് എത്തിയത്.

നേപ്പാളിലേക്ക് മടങ്ങി പോകണമെന്ന് ജാഗിരി ആവശ്യപ്പെട്ടതോടെ ബിമല എതിര്‍ത്തു. ഇതേ ചൊല്ലിയുണ്ടായ വഴക്കിനിടയിലാണ് തൂമ്പയുടെ പിടി ഉപയോഗിച്ച് ജാഗിരി വിമലയെ അടിച്ചു കൊലപ്പെടുത്തിയത്. പ്രതി കുറ്റം സമ്മതിച്ചതായി പൊലീസ് അറിയിച്ചു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

ബിമലയുടെ മൃതദേഹം ഞായറാഴ്ച കോഴിക്കോട് മെഡിക്കല്‍ കോളജില്‍ നിന്നു പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം കോഴിക്കോട് പൊതുശ്മശാനത്തില്‍ സംസ്‌കരിക്കും. കുട്ടിയുടെ സംരക്ഷണം അമ്മാവന്‍ ഏറ്റെടുത്തിട്ടുണ്ട്. ഇവര്‍ക്ക് രണ്ട് പെണ്‍കുട്ടികളും ഒരാണ്‍കുട്ടിയും ഉണ്ട്. കുട്ടികള്‍ നേപ്പാളിലാണ്.

ജില്ല പൊലീസ് മേധാവി അരവിന്ദ് സുകുമാര്‍, ഡിവൈ.എസ്.പി എം.ഡി സുനില്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. വിരലടയാള വിദഗ്ധരും തെളിവുകള്‍ ശേഖരിച്ചിരുന്നു.