റെയില്‍പാതയില്‍ ഇടിച്ചിറങ്ങിയ വിമാനത്തെ അതിവേഗത്തിലെത്തിയ തീവണ്ടി ഇടിച്ചു തെറിപ്പിച്ചു; പൈലറ്റിനെ രക്ഷിച്ചത് സാഹസികമായി; ഞെട്ടിക്കുന്ന വീഡിയോ കാണാം


ലോസ് ആഞ്ചലസ്, കാലിഫോര്‍ണിയ: റെയില്‍പാതയിലേക്ക് ഇടിച്ചിറങ്ങിയ വിമാനത്തെ അതിവേഗത്തില്‍ കുതിച്ചെത്തിയ തീവണ്ടി ഇടിച്ച് തെറിപ്പിച്ചു. തീവണ്ടി എത്തുന്നതിന് നിമിഷങ്ങള്‍ക്ക് മുമ്പ് വിമാനത്തില്‍ നിന്ന് പൈലറ്റിനെ പൊലീസ് സാഹസികമായി രക്ഷിച്ചു. അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തെ ലോസ് ആഞ്ചലസിലാണ് സംഭവം.

ലോസ് ആഞ്ചലസിലെ വൈറ്റ്മാന്‍ വിമാനത്താവളത്തിന് സമീപമുള്ള റെയില്‍പാതയിലാണ് വിമാനം ഇടിച്ചിറങ്ങിയത്. വിമാനത്താവളത്തിന് സമാന്തരമായി പോകുന്ന റെയില്‍പാതയിലേക്ക് ചെറുവിമാനം തകര്‍ന്ന് വീഴുകയായിരുന്നു.

ഉടന്‍ വിമാനത്തിനടുത്തേക്ക് പാഞ്ഞെത്തിയ ലോസ് ആഞ്ചലസ് പൊലീസ് പൈലറ്റിനെ ചോരവാര്‍ന്ന നിലയില്‍ പുറത്തെടുത്തു. പൈലറ്റിനെ പുറത്തെടുത്ത് തൊട്ടടുത്ത നിമിഷമാണ് കുതിച്ചെത്തിയ തീവണ്ടി വിമാനത്തെ ഇടിച്ചു തെറിപ്പിച്ചുകൊണ്ട് കടന്ന് പോയത്.

പൈലറ്റിനെ രക്ഷിക്കുന്നതിന്റെയും വിമാനത്തെ തീവണ്ടി ഇടിച്ചു തെറിപ്പിക്കുന്നതിന്റെയും ദൃശ്യങ്ങള്‍ ഒരു പൊലീസുകാരന്റെ ദേഹത്ത് ഘടിപ്പിച്ച ക്യാമറയില്‍ പതിഞ്ഞു. ഈ ദൃശ്യങ്ങള്‍ ലോസ് ആഞ്ചലസ് പൊലീസ് പുറത്തുവിട്ടു. സാമൂഹ്യമാധ്യമങ്ങളില്‍ വീഡിയോ വൈറലായി.

അപകടത്തില്‍പ്പെട്ട വിമാനത്തില്‍ പൈലറ്റ് മാത്രമാണ് ഉണ്ടായിരുന്നത്. ആശുപത്രിയില്‍ ചികിത്സയിലുള്ള പൈലറ്റ് അപകടനില തരണം ചെയ്തതായാണ് റിപ്പോര്‍ട്ട്. സ്വന്തം ജീവന്‍ പോലും അപകടത്തില്‍പ്പെടുത്തി ധീരവും സമയോചിതവുമായ ഇടപെടലിലൂടെ പൈലറ്റിന്റെ ജീവന്‍ രക്ഷിച്ച പോലീസുകാരെ പ്രശംസിച്ച് നിരവധി പേര്‍ ലോസ് ആഞ്ചലിസ് പോലീസിന്റെ ട്വീറ്റിന് താഴെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തി.

‘എല്ലാം വളരെ പെട്ടെന്നായിരുന്നു. ആലോചിച്ച് നില്‍ക്കാന്‍ അധികം സമയമുണ്ടായിരുന്നില്ല. പൈലറ്റിനെ സുരക്ഷിതമായി പുറത്തെത്തിക്കണമെന്ന് മാത്രമാണ് ആ സമയത്ത് ചിന്തിച്ചത്. കുതിച്ചുവരുന്ന ട്രെയിനിനെ തിരിഞ്ഞുനോക്കാന്‍ പോലും തോന്നിയിരുന്നില്ല’- രക്ഷാപ്രവര്‍ത്തന സംഘത്തിലുണ്ടായിരുന്ന പോലീസുകാരനായ ഡാമിയന്‍ കാസ്ട്രോ പറഞ്ഞു.

വീഡിയോ കാണാം: