മുഖവും തുടയും അടിച്ചു തകര്‍ത്തു, സ്വത്തിനു വേണ്ടി സഹോദരിയെ കൊലപ്പെടുത്തി; തിരുവനന്തപുരം നഗരസഭ ജീവനക്കാരന്‍ അറസ്റ്റില്‍


തിരുവനന്തപുരം: മാനസിക വെല്ലുവിളികള്‍ നേരിടുന്ന സഹോദരിയെ സ്വത്തിനായി തലയ്ക്കടിച്ച് കൊലപ്പെടുത്തി സഹോദരന്‍. തിരുവനന്തപുരം നഗരസഭയിലെ ക്ലാര്‍ക്കായ സുരേഷ് (41) ആണ് അറസ്റ്റിലായത്. ഇയാളുടെ സഹോദരി നിഷയെ (37) കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൂജപ്പുര വിദ്യാധിരാജ നഗറിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.  ഒരുമാസം മുന്‍പാണ് ഇവര്‍ ഇവിടെ താമസിക്കാനെത്തിയത്.

മാനോദൗര്‍ബല്യമുള്ള നിഷയെ ഇയാള്‍ ഉപദ്രവിക്കുന്നത് പതിവാണ്. ഒന്‍പതാം തിയതി ക്രൂരമായി മര്‍ദിച്ചതിനെ തുടര്‍ന്ന് നിഷയെ അടുത്ത ദിവസം ഇയാള്‍ ജനറല്‍ ആശുപത്രിയിലെത്തിച്ചു. വീട്ടിലെ കുളിമുറിയില്‍ വീണ് പരിക്കേറ്റെന്നാണ് ആശുപത്രി അധികൃതരോടു പറഞ്ഞിരുന്നത്. പ്രാഥമിക ചികിത്സയ്ക്കുശേഷം തിരികെ വീട്ടിലെത്തിച്ചെങ്കിലും വെള്ളിയാഴ്ച നിഷയെ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

വെള്ളിയാഴ്ച രാവിലെ സഹോദരിയെ ആശുപത്രിയില്‍ എത്തിക്കണമെന്നു പറഞ്ഞ് ഇയാള്‍ സുഹൃത്തുക്കളെ വീട്ടിലേക്കു വിളിച്ചുവരുത്തി. രാവിലെ വീട്ടില്‍ ബഹളം കേട്ടിരുന്നതായി അയല്‍വാസികളും പറഞ്ഞു. സുഹൃത്തുക്കള്‍ ആംബുലന്‍സുമായി എത്തുമ്പോള്‍ നിഷ ബോധമില്ലാതെ തറയില്‍ കിടക്കുന്നതാണ് കണ്ടത്. സംശയത്തെ തുടര്‍ന്ന് ഇവരാണ് വിവരം പോലീസിനെ അറിയിക്കുന്നത്. പൊലീസെത്തി പരിശോധിച്ച്‌ ഇവരുടെ മരണം സ്ഥിരീകരിക്കുകയും സുരേഷിനെ കസ്റ്റഡിയിലെടുക്കുകയുമായിരുന്നു. സുരേഷ് സ്ഥിരം മദ്യപാനിയാണെന്ന് പോലീസ് പറയുന്നു

തലയ്ക്ക് അടിയേറ്റതാണ് മരണകാരണം എന്നാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്. മുഖവും തുടയും അടിച്ചുതകര്‍ത്തതായും റിപ്പോര്‍‍ട്ടില്‍ പറയുന്നു. ഇതിനു പിന്നാലെ സുരേഷിനെ വിശദമായി ചോദ്യം ചെയ്തതോടെയാണ് കൊലപാതകമെന്ന് ഇയാള്‍ സമ്മതിച്ചത്. തടിക്കഷണം ഉപയോഗിച്ച്‌ നിഷയുടെ തലയ്ക്കടിച്ച്‌ കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൂജപ്പുര പോലീസ് പറയുന്നു.