മീ റ്റൂ ആരോപണം: ശ്രീകാന്ത് വെട്ടിയാറിനെ പിന്തുണയ്ക്കില്ലെന്ന് ട്രോള്‍ ഗ്രൂപ്പായ ഐ.സി.യു; ഇരയ്‌ക്കൊപ്പമെന്ന് പ്രഖ്യാപനം


കോഴിക്കോട്: ഹാസ്യ വീഡിയോകളിലൂടെയും ട്രോളുകളിലൂടെയും ശ്രദ്ധേയനായ ശ്രീകാന്ത് വെട്ടിയാറിനെതിരായ മീ റ്റൂ ആരോപണത്തില്‍ പ്രതികരണവുമായി പ്രമുഖ ട്രോള്‍ ഗ്രൂപ്പായ ഐ.സി.യു. ശ്രീകാന്തിനെ ഒരു തരത്തിലും പിന്തുണയ്ക്കില്ലെന്നും ഇരയ്ക്ക് പിന്തുണ നല്‍കുന്നുവെന്നും ഐ.സി.യു ഔദ്യോഗിക പേജിലൂടെ വ്യക്തമാക്കി.

ഐ.സി.യുവിന്റെ അഡ്മിന്‍ പാനലില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് ശ്രീകാന്ത് വെട്ടിയാര്‍. വ്യക്തിപരമായ തിരക്കുകള്‍ കാരണം ശ്രീകാന്ത് സ്വയം അഡ്മിന്‍ സ്ഥാനം ഒഴിയുകയായിരുന്നുവെന്നും ഐ.സി.യു പോസ്റ്റില്‍ പറഞ്ഞു.

വിമെന്‍ എഗയ്ന്‍സ്റ്റ് സെക്ഷ്വല്‍ ഹരാസ്മെന്റ് എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് ശ്രീകാന്ത് വെട്ടിയാറിന് എതിരെയുള്ള മി റ്റൂ ആരോപണം പ്രസിദ്ധീകരിക്കപ്പെട്ടത്.

വര്‍ഷങ്ങളായി സൗഹൃദം നടിച്ചെത്തിയ ശ്രീകാന്ത് ഒരു ഫ്‌ളാറ്റിലെത്തിച്ച് തന്നെ ബലാത്സംഗം ചെയ്തുവെന്നും കരഞ്ഞിട്ടുപോലും വെറുതെ വിട്ടില്ല എന്നും കുറിപ്പില്‍ പറയുന്നു. തുടര്‍ന്നും തന്നെ വൈകാരികമായി ഭീഷണിപ്പെടുത്തിയെന്നും ഇക്കാര്യങ്ങള്‍ തുറന്നുപറഞ്ഞാല്‍ അയാളുടെ സിനിമാ സ്വപ്നങ്ങള്‍ തകരുമെന്നു പറഞ്ഞെന്നും കുറിപ്പിലുണ്ട്.

നിരവധി പെണ്‍കുട്ടികള്‍ ഇത്തരത്തില്‍ ബാധിക്കപ്പെട്ടതായി അറിയാന്‍ കഴിഞ്ഞതിനാലാണ് ഇപ്പോള്‍ ഇക്കാര്യങ്ങള്‍ തുറന്നു പറയാന്‍ ധൈര്യം വന്നതെന്നും ഇനിയും ഒരാളും പറ്റിക്കപ്പെടരുതെന്നും കുറിപ്പില്‍ പറയുന്നു.

ഐ.സി.യുവിന്റെ ഫേസ്ബുക്ക് പോസ്റ്റ് പൂര്‍ണ്ണരൂപത്തില്‍:

ശ്രീകാന്ത് വെട്ടിയാരെ സംബന്ധിച്ച് ഒരു #MeToo ആരോപണം ഉയര്‍ന്നുവന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. മുന്‍പ് ഐസിയു അഡ്മിന്‍ പാനലില്‍ ഉണ്ടായിരുന്ന വ്യക്തിയാണ് ശ്രീകാന്ത് വെട്ടിയാര്‍. പിന്നീട് സ്വന്തം തിരക്കുകള്‍ കൂടിവരവേ ശ്രീകാന്ത് അഡ്മിന്‍ സ്ഥാനം സ്വയം ഒഴിയുകയായിരുന്നു. ഐസിയു ടീമില്‍ അംഗമായിരുന്ന ആളായതുകൊണ്ടുതന്നെ, ഗുരുതരമായ കുറ്റകൃത്യങ്ങളാണ് ശ്രീകാന്തിനെതിരെ ആരോപണത്തിലുള്ളത് എന്നത് ഐസിയു അതീവ ഗൗരവപൂര്‍വ്വം കാണുന്നു. എത്രയും വേഗം നിയമനടപടികളുണ്ടാവേണ്ടുന്ന തരത്തിലുള്ള ഹീനമായ കുറ്റങ്ങളാണ് ഇരയുടെ പ്രസ്താവനയിലുള്ളത്.
എല്ലായ്‌പ്പോഴുമെന്നപോലെ, കുറ്റാരോപിതനായ വ്യക്തിയെ പിന്തുണയ്ക്കുന്ന യാതൊരു വിധ നിലപാടും ഐസിയുവിന് ഈ വിഷയത്തിലുമില്ല. എന്നുമാത്രമല്ല, പ്രസ്തുത വിഷയത്തില്‍ ഐസിയു സമ്പൂര്‍ണ്ണമായും ഇരയോട്/ഇരകളോടൊപ്പം നില്‍ക്കുന്നു, അവര്‍ക്ക് എല്ലാവിധ ഐക്യദാര്‍ഢ്യവും ഉറപ്പുനല്‍കുന്നു.

It has come to our notice a #Metoo allegation against Sreekanth Vettiyar. Sreekanth has been on the admin panel of ICU in the past. So we take seriously the allegations that have now come to light. The victim’s statement contains accusations that have serious legal implications.
As in situations similar to this, ICU doens’t have any inclination towards supporting the accused. We stand in complete oslidarity with the victim/s.
Team ICU.