മദ്യപിച്ചെത്തി അമ്മയെ ക്രൂരമായി മർദിച്ച് തോട്ടിൽ മുക്കി കൊലപ്പെടുത്തി; കോട്ടയത്ത് പ്രതി അറസ്റ്റിൽ


കോട്ടയം: മദ്യപിച്ചെത്തി അമ്മയെ തോട്ടില്‍ മുക്കി കൊന്ന കേസിൽ പ്രതി അറസ്റ്റിൽ. ഇന്നലെ വൈകിട്ട് മൂന്നു മണിയോടെയാണ് സംഭവം. പ്രതി വഴക്കിടുകയും അമ്മയെ ക്രൂരമായി മര്‍ദിക്കുകയും ചെയ്തു. തുടര്‍ന്ന്​ കൈകള്‍ പിന്നിലേക്ക് കെട്ടി വലിച്ചിഴച്ച്‌​ സമീപത്തെ തോട്ടിലെ വെള്ളത്തില്‍ ചവിട്ടിത്താഴ്ത്തുകയായിരുന്നു.

ഉദയനാപുരം വൈക്കപ്രയാര്‍ കൊച്ചുതറ താഴെവീട്ടില്‍ പരേതനായ സുരേന്ദ്രന്‍റെ ഭാര്യ മന്ദാകിനിയെയാണ്​ (65) മകന്‍ ബൈജു (38) വീടിനുസമീപത്തെ തോട്ടില്‍ മുക്കിക്കൊന്നത്.

മന്ദാകിനിയുടെ നിലവിളി കേട്ട് സമീപത്തെ പറമ്പിലുണ്ടായിരുന്ന തൊഴിലുറപ്പ് തൊഴിലാളികള്‍ എത്തിയെങ്കിലും ബൈജു അരിവാള്‍ വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചതിനാല്‍ അവര്‍ക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ല. കൂടുതല്‍ നാട്ടുകാര്‍ എത്തിയതോടെ ഇയാള്‍ തോട്ടില്‍നിന്ന്​ വീട്ടിലേക്ക് കയറിപ്പോയി.

ഈ സമയത്ത് നാട്ടുകാർ മന്ദാകിനിയെ ആശുപത്രിയില്‍ എത്തിച്ചത്. ആദ്യം വൈക്കം താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശ്വാസകോശത്തില്‍ ചളി നിറഞ്ഞ് അതിഗുരുതരാവസ്ഥയില്‍ മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. അവിടെ എത്തിക്കുമ്ബോ​ഴേക്കും മരിച്ചു.

വഴിത്തര്‍ക്കവുമായി ബന്ധപ്പെട്ട് ബൈജുവും മന്ദാകിനിയും പ്രശ്‌നങ്ങളുണ്ടായിരുന്നു. കൂടാതെ ഇയാള്‍ സ്ഥിരമായി മദ്യപിച്ചെത്തി അമ്മയെ മര്‍ദിക്കുകയും ചെയ്യുമായിരുന്നു.

ബൈജു മാനസികാസ്വാസ്ഥ്യം ഉള്ളയാളാണെന്ന് ബന്ധുക്കള്‍ പറയുന്നു. ഇതുസംബന്ധിച്ച്‌​ അന്വേഷിക്കുകയാണെന്ന്​ പൊലീസ് പറഞ്ഞു. ജില്ല പൊലീസ് മേധാവി ഡി. ശില്‍പ അടക്കമുള്ള ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി. മന്ദാകിനിയുടെ മൃതദേഹം മെഡിക്കല്‍ കോളജ് ആശുപത്രി മോര്‍ച്ചറിയില്‍. ബിജു ആണ് മറ്റൊരു മകന്‍.

[vote]