ബൈക്കില്‍ നിന്ന് വീണ് എഴുന്നേല്‍ക്കാന്‍ ശ്രമിക്കവെ അമിതവേഗത്തിലെത്തിയ കാര്‍ തട്ടിത്തെറിപ്പിച്ചു; പിന്നാലെയെത്തിയ കാര്‍ ദേഹത്ത് കയറിയിറങ്ങി; കണ്ണൂരില്‍ യുവാക്കള്‍ക്ക് ദാരുണാന്ത്യം


കണ്ണൂര്‍: കിളിയന്തറയിലുണ്ടായ വാഹനാപകടത്തില്‍ രണ്ട് യുവാക്കള്‍ മരിച്ചു. കിളിയന്തര സ്വദേശികളായ അനീഷ്, അസീസ് എന്നിവരാണ് മരിച്ചത്. കിളിയന്തര ചെക്ക് പോസ്റ്റിന് സമീപമായിരുന്നു അപകടം.

നിയന്ത്രണംവിട്ട ബൈക്കില്‍ നിന്നും വീണ അനീഷിന്റെയും അസീസിന്റെയും മേല്‍ അമിതവേഗതയിലെത്തിയ കാര്‍ കയറിയിറങ്ങുകയായിരുന്നു. ബൈക്കില്‍ നിന്നും വീണ ഇവര്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു. ഇതിനിടെ അമിതവേഗത്തിലെത്തിയ കാര്‍ ഇരുവരെയും ഇടിച്ച് തെറിപ്പിച്ചു. തൊട്ടുപിന്നാലെയെത്തിയ കാര്‍ ഇവരുടെ മേല്‍ കയറി ഇറങ്ങുകയായിരുന്നു. ഇരുവരും സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചു.

ശനിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. 28കാരനായ അനീഷ് കിളിയന്തറ സ്വദേശിയാണ്. വളപ്പാറ സ്വദേശിയാണ് നാല്‍പ്പതുകാരനായ അസീസ്. മൃതദേഹങ്ങള്‍ പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

ഇടിച്ചിട്ടശേഷം നിര്‍ത്താതെ പോയ ആദ്യത്തെ കാറിനുവേണ്ടി ഇരിട്ടിപൊലീസ് അന്വേഷണം തുടങ്ങി. ഇവരുടെ മേല്‍ കയറിയിറങ്ങിയ കാര്‍ സംഭവസ്ഥലത്തുനിന്നും കസ്റ്റഡിയിലെടുത്തിട്ടുണ്ട്.