ബംഗളൂരുവില്‍ മരിച്ച കാപ്പാട് സ്വദേശി ഫാദിലിന്റെ മൃതദേഹം ഖബറടക്കി


കൊയിലാണ്ടി: ബംഗളൂരുവില്‍ വാഹനാപകടത്തില്‍ മരിച്ച കാപ്പാട് സ്വദേശി മുഹമ്മദ് ഫാദിലിന്റെ (24) മൃതദേഹം ഖബറടക്കി. ബംഗളൂരുവില്‍ ഇലക്ട്രോണിക് സിറ്റിക്ക് സമീപം നൈസ് റോഡിലുണ്ടായ വാഹനാപകടത്തില്‍ മുഹമ്മദ് ഫാദില്‍ ഉള്‍പ്പടെ നാലുപേരാണ് മരിച്ചത്.

ഇന്നലെ രാത്രി 10 മണിയോടെയാണ് മൃതദേഹം ഉമ്മയുടെ വീടായ തലക്കുളത്തൂര്‍ പറമ്പത്ത് റഹാത്ത് പിലാക്കിയില്‍
എത്തിച്ചത്. പതിനൊന്നു മണിയോടെ പറമ്പത്ത് ജുമാമസ്ജിദില്‍ ഖബറടക്കി.

വെള്ളിയാഴ്ച രാത്രിയാണ് നാല് സുഹൃത്തുക്കളുടെ ജീവനെടുത്ത അപകടം നടന്നത്. തമിഴ്‌നാട് രജിസ്‌ട്രേഷന്‍ ചരക്കുലോറി അമിതവേഗതയില്‍ അശ്രദ്ധമായി മുന്നിലുണ്ടായിരുന്ന കാറില്‍ ഇടിക്കുകയായിരുന്നു. ഫാദിലിനെ കൂടാതെ പാലക്കാട് സ്വദേശിയായ ശില്‍പ, തിരുവനന്തപുരം സ്വദേശി ടി.വി ജീന, പാലക്കാട് ചെര്‍പ്പുളശേരി സ്വദേശി അഭിലാഷ് എന്നിവരാണ് മരിച്ചത്.

മഹാദേവപുരം ഐ.ടി കമ്പനിയിലെ ജീവനക്കാരനാണ് ഫാദില്‍. പിതാവ് കാപ്പാട് മുണ്ട്യാടി റഹിം. മാതാവ്: ജസീറ. സഹോദരങ്ങള്‍: ഹഫീസ്, ഹന ഫാത്തിമ.