‘ആദ്യമേ ഉള്ള ആഗ്രഹം, കൊട്ടിക്കയറിയപ്പോള്‍ ആവേശംകൂടി’; വെള്ളറക്കാട് തെരു ഗണപതി ക്ഷേത്രത്തില്‍ തന്റെ രണ്ട് മക്കളോടൊപ്പം ചെണ്ടമേളത്തില്‍ അരങ്ങേറ്റം കുറിച്ച് പാലക്കുളം സ്വദേശിനി ഷിജില രജീഷ്


കൊയിലാണ്ടി: ‘ആദ്യമേ ഉള്ള ആഗ്രഹമായിരുന്നു, മക്കള്‍ പഠിക്കാന്‍ തുടങ്ങിയപ്പോള്‍ പിന്നെ ഒന്നും നോക്കിയില്ല ഞാനും പഠിച്ചു’.വെള്ളറക്കാട് തെരു ഗണപതി ക്ഷേത്രത്തില്‍ തന്റെ രണ്ട് മക്കളോടൊപ്പം ചെണ്ടമേളത്തില്‍ അരങ്ങേറ്റം കുറിച്ചതിന്റെ സന്തോഷത്തിലാണ് ഷിജില രജീഷ്. പലയിടങ്ങളിലും സ്ത്രീകള്‍ ചെണ്ടമേളത്തില്‍ അരങ്ങേറ്റംകുറിച്ചിട്ടുണ്ടെങ്കിലും മക്കളോടൊപ്പം ഒരേവേദിയില്‍ അരങ്ങേറ്റംകുറിക്കുന്നത് ഇത് അപൂര്‍വ്വമാണ്.

വെള്ളറക്കാട് സ്വദേശിയായ ഷിജിലയും മക്കളായ നിവേദും നീരജുമാണ് താരങ്ങള്‍. ഇന്നലെയാണ് ഇവരടക്കം ആറ് പേര്‍ പഞ്ചാരിമേളത്തോടെ അരങ്ങേറ്റംകുറിച്ചത്. വെള്ളറക്കാട് തെരു ശ്രീ ഭാസ്‌കരന്‍ ഗുരുക്കളുടെ ശിക്ഷണത്തിലായിരുന്നു അരങ്ങേറ്റം. ഏഴ്മാസത്തോളം നീണ്ട പരിശീലനത്തിന് ശേഷമാണ് അരങ്ങേറ്റം.

വൈകീട്ട് ആറ് മണിയ്ക്ക് ആരംഭിക്കുന്ന പരിശീലനം ഒരുമണിക്കൂറിലധികം നീളും. ഷിജിലയുടെ വീട്ടില്‍ നിന്നുമാണ് പരിശീലനം. സമീപത്തെ കുട്ടികളായ ദേബാഷിഷ് പി.എം, ആല്‍വിന്‍.എസ്, ആദിദേവ് എ.ആര്‍. എന്നിവരും പരിശീലനത്തിന് ഉണ്ട്. എട്ടിലും നാലിലുമാണ് നീരജും നിവേദും പഠിക്കുന്നത്. മക്കളാണ് ആദ്യം പഠിക്കണമെന്ന് വാശിപിടിച്ചത് പിന്നീട് തന്റെ ആഗ്രഹവും പൊടിതട്ടിയെടുക്കുകയായിരുന്നു. ഗുരുവിനോട് ചോദിച്ചപ്പോള്‍ സമ്മതംമൂളിയതോടെ പിന്നെ ഒന്നും നോക്കിയില്ല.

ആനക്കുളത്തെ ഒരു സ്വകാര്യ സ്ഥാപനത്തില്‍ ജോലി ചെയ്യുകയാണ് ഷിജില. പണികളെല്ലാം പെട്ടെന്ന് തീര്‍ത്ത് ചെണ്ടപഠിക്കാനായി ഓടിയെത്തും. ആദ്യമൊക്കെ കൈ വേദന തുടങ്ങിയ പ്രയാസങ്ങള്‍ ഉണ്ടായിരുന്നെങ്കലും ചെണ്ടമേളം പഠിക്കണമെന്ന അതിയായ ആഗ്രഹം കാരണം തളര്‍ന്നില്ല.

അരങ്ങേറ്റത്തിന് കയറുന്നതിന് തൊട്ടുമുന്‍പ് വരെ വലിയ ടെന്‍ഷനിലായിരുന്നു പിന്നെ കൊട്ടികയറിയപ്പോള്‍ ആവേശം കൂടുകയായിരുന്നെന്ന് ഷിജില ഓര്‍ത്തുകൊണ്ട് പറഞ്ഞു. മക്കളും വലിയ സന്തോഷത്തിലായിരുന്നെന്നും താന്‍ അരങ്ങേറ്റം കുറിച്ചത്. അരങ്ങേറ്റം കണ്ട് പലരും ചെണ്ടമേളം പഠിക്കാന്‍ ആഗ്രഹം പറഞ്ഞത് വലിയ സന്തോഷമായെന്നും ഷിജില പറയുന്നു. ഭര്‍ത്താവ് രജീഷ് ആണ് കട്ടയ്ക്ക് കൂടെ നില്‍ക്കുന്നത്. ഇനിയും കൂടുതല്‍ പഠിക്കണമെന്നാണ് ആഗ്രഹമെന്നും അടുത്തമാസം മുതല്‍ അതിനായുള്ള തയ്യാറെടുപ്പിലാണെന്നും ഷിജില കൂട്ടിച്ചേര്‍ത്തു.