ഫെബ്രുവരി 21 മുതല്‍ സ്‌കൂളുകളില്‍ മുഴുവന്‍ കുട്ടികള്‍ക്കും വൈകുന്നേരം വരെ ക്ലാസുകള്‍; പൊതുഅവധിയല്ലാത്ത ശനിയാഴ്ചകളിലും സ്‌കൂളുകള്‍ പ്രവര്‍ത്തിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


തിരുവനന്തപുരം: ഫെബ്രുവരി 21 മുതല്‍ ഒന്നുമുതല്‍ പന്ത്രണ്ട് വരെ ക്ലാസുകള്‍ മുഴുവന്‍ കുട്ടികളെയും ഉള്‍പ്പെടുത്തി കോവിഡ് കാലത്തിന് മുമ്പുള്ള രീതിയില്‍ പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചതായി പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി അറിയിച്ചു. ക്ലാസുകള്‍ വൈകുന്നേരം വരെയാക്കാനും തീരുമാനിച്ചിട്ടുണ്ട്. അതത് സ്‌കൂളുകളുടെ സാധാരണ നിലയിലുള്ള ടൈംടേബിള്‍ അനുസരിച്ച് ക്ലാസുകള്‍ ക്രമീകരിക്കാനാണ് തീരുമാനം.

നേരത്തെ ഈമാസം അവസാന ആഴ്ച മുതല്‍ മുഴുവന്‍ സമയം ക്ലാസുകള്‍ തുടങ്ങാനായിരുന്നു ആലോചനയെങ്കിലും കുട്ടികള്‍ക്ക് പഠനത്തിന് കൂടുതല്‍ സമയം ലഭ്യമാക്കാനാണ് ഒരാഴ്ച മുമ്പേ ക്ലാസുകള്‍ സാധാരണ നിലയിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു. ഇനി മുതല്‍ പൊതു അവധിയല്ലാത്ത എല്ലാ ശനിയാഴ്ചയും സ്‌കൂളുകള്‍ക്ക് പ്രവൃത്തിദിനമായിരിക്കുമെന്നും മന്ത്രി വ്യക്തമാക്കി.

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് കഴിഞ്ഞമാസം 21 മുതലാണ് സ്‌കൂളുകള്‍ ഭാഗികമായി അടച്ചത്. ഒന്നുമുതല്‍ ഒമ്പതുവരെയുള്ള ക്ലാസുകള്‍ അടച്ചിടുകയും പത്ത്, പതിനൊന്ന്, പന്ത്രണ്ട് ക്ലാസുകള്‍ തുടരുകയുമായിരുന്നു.