നാടിന്റെയും നാട്ടുകാരുടെയും പാര്‍ട്ടി പ്രവര്‍ത്തകരുടെയും കണ്ണീരില്‍ കുതിര്‍ന്ന അന്ത്യാഭിവാദ്യം ഏറ്റുവാങ്ങി ധീരജ്; തളിപ്പറമ്പില്‍ അന്ത്യവിശ്രമം


കണ്ണൂര്‍: ഇടുക്കി എഞ്ചിനിയറിംഗ് കോളേജില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരാല്‍ കൊല്ലപ്പെട്ട എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന് തളിപ്പറമ്പില്‍ അന്ത്യവിശ്രമം. രാവിലെ ഇടുക്കിയില്‍ നിന്ന് ആരംഭിച്ച വിലാപയാത്ര പുലര്‍ച്ചെ ഒരു മണിയോടെയാണ് തളിപ്പറമ്പിലെ ജന്മനാട്ടിലെത്തിയത്.

ധീരജിനെ ഒരുനോക്കു കാണാന്‍ അന്ത്യാഭിവാദ്യമര്‍പ്പിക്കാനായി രാത്രി വൈകിയും നാടും നാട്ടുകാരും പാര്‍ട്ടി പ്രവര്‍ത്തകരും കാത്തിരുന്നു. തളിപ്പറമ്പ് തൃച്ചംബരം പാലക്കുളങ്ങരയിലെ വീട്ടിലേക്ക് മൃതദേഹം എത്തിച്ചപ്പോള്‍ മുദ്രാവാക്യം വിളികളോടെയാണ് പ്രവര്‍ത്തകര്‍ സ്‌നേഹം പ്രകടിപ്പിച്ചത്. മകന്റെ അപ്രതീക്ഷിതമായ വിയോഗത്തിന്റെ നടുക്കും വിട്ടുമാറാത്ത കുടുംബത്തെ ആശ്വസിപ്പിക്കാന്‍ എല്ലാവരും ഏറെ ബുദ്ധിമുട്ടി.

ഇടുക്കിയില്‍ നിന്ന് ഉച്ചയോടെ തിരിച്ച വിലാപയാത്ര പ്രതീക്ഷിച്ചതിലും അഞ്ച് മണിക്കൂറിലേറെ വൈകിയാണ് ജന്മനാട്ടിലെത്തിയത്. പൊതുദര്‍ശനത്തിനും അന്ത്യാഭിവാദ്യങ്ങള്‍ക്കും ഒടിവില്‍ രാത്രി രണ്ട് മണിയോടെ തളിപ്പറമ്പില്‍ വീടിനു സമീപത്തെ പറമ്പിലായിരുന്നു ധീരജിന്റെ സംസ്‌കാരം. മന്ത്രി എം വി ഗോവിന്ദന്‍, മുന്‍ മന്ത്രി ഇ പി ജയരാജന്‍, എം വി ജയരാജന്‍, കെ വി സുമേഷ്, ടി വി രാജേഷ് തുടങ്ങി നിരവധി നേതാക്കള്‍ സംസ്‌കാര ചടങ്ങുകള്‍ക്ക് സാക്ഷിയായി.

ധീരജിന്റെ വീട്ടിന് അരികിലായി പാര്‍ട്ടി വാങ്ങിയ എട്ട് സെന്റ് ഭൂമിയിലായിരുന്നു ധീരജിന് തളിപ്പറമ്പില്‍ അന്ത്യവിശ്രമമൊരുക്കിയത്. ഇനി ധീരജ് സ്മാരകത്തിലൂടെ നാടിനും നാട്ടുകാര്‍ക്കും വായിക്കാനും പഠിക്കാനുമുള്ള പഠനകേന്ദ്രമായി ധീരജ് ഓര്‍മ്മയില്‍ നിലനില്‍ക്കും.

കഴിഞ്ഞ ദിവസം കോളേജ് ഇലക്ഷനുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടയിലാണ് ധീരജ് കൊല്ലപ്പെട്ടത്. യൂത്ത് കോണ്‍ഗ്രസ്-കെ എസ് യു പ്രവര്‍ത്തകരായിരുന്നു ധീരജിനെ കുത്തി കൊലപ്പെടുത്തിയത്. നെഞ്ചിനേറ്റ മുറിവാണ് മരണത്തിലേക്ക് നയിച്ചതെന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. ഇടത് നെഞ്ചിന് താഴെ കത്തികൊണ്ട് മൂന്നു സെന്റിമീറ്റര്‍ ആഴത്തില്‍ കുത്തേറ്റിട്ടുണ്ട്. ഒരു മുറിവ് മാത്രമാണ് ശരീരത്തിലുള്ളത്. ശരീരത്തില്‍ മര്‍ദ്ദനത്തിലേറ്റ ചതവുകളുമുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.

കൊലപാതകവുമായി ബന്ധപ്പെട്ട് പിടിയിലായ യൂത്ത് കോണ്‍ഗ്രസ് നേതാക്കളായ നിഖില്‍ പൈലിയുടേയും ജെറിന് ജോജോയുടെയും അറസ്റ്റ് പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. കെഎസ്.യു യൂണിറ്റ് സെക്രട്ടറി അലക്‌സ് റാഫേല്‍ ഉള്‍പ്പെടെ രണ്ടുപേര്‍ കൂടി കസ്റ്റഡിയിലുണ്ട്.