നടിയെ ആക്രമിച്ച കേസിൽ നിർണ്ണായക വിധി; എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ കോടതി അനുമതി നൽകി


കൊച്ചി: കേരളത്തിൽ കോളിളക്കം സൃഷ്ടിച്ച നടി ആക്രമിക്കപ്പെട്ട കേസിൽ നിർണായക വിധി. എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കാൻ കോടതി അനുമതി നൽകി. വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ സമർപ്പിച്ച ഹർജിയിൽ ഹൈക്കോടതിയാണ് ഇന്ന് വിധി പറഞ്ഞത്. ജസ്റ്റിസ് കൗസർ എടപ്പഗതാണ് ഹർജി പരിഗണിച്ചത്.

12 സാക്ഷികളെ വിസ്തരിക്കണമെന്നായിരുന്നു പ്രോസിക്യൂഷന്‍ ഹര്‍ജി. ഇതില്‍ എട്ട് പേരെ വിസ്തരിക്കാമെന്ന് ഹൈക്കോടതി വ്യക്തമാക്കി. അഞ്ച് പുതിയ സാക്ഷികളെയും നേരത്തെ വിസ്തരിച്ച മൂന്ന് സാക്ഷികളെയും വിസ്തരിക്കാനാണ് അനുമതി. കേസിലെ പ്രധാനപ്പെട്ട ഫോൺ രേഖകള്‍ കോടതി വിളിച്ചു വരുത്തണമെന്ന് ഹര്‍ജിയും ഹൈക്കോടതി അംഗീകരിച്ചു. കേസിൽ എട്ട് സാക്ഷികളെ വീണ്ടും വിസ്തരിക്കണമെന്ന പ്രോസിക്യൂഷൻ ആവശ്യം തള്ളിയതിനെതിരെയാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്.

സാക്ഷികളെ വീണ്ടും വിസ്തരിക്കുന്നതിന് മതിയായ കാരണം വേണമെന്നും പ്രോസിക്യൂഷൻ വീഴ്ച്ചകൾ മറികടക്കാനാകരുത് വീണ്ടും സാക്ഷികളെ വിസ്തരിക്കുന്നതെന്നും വാദത്തിനിടെ സിംഗിൾ ബഞ്ച് സർക്കാരിനെ ഓർമ്മിപ്പിച്ചിരുന്നു. മാസങ്ങൾക്ക് ശേഷം വീണ്ടും വിസ്താരം ആവശ്യപ്പെടുന്നതിൽ കോടതി സംശയവും പ്രകടിപ്പിച്ചിരുന്നു.

പ്രോസിക്യൂഷൻ കേസിന് അനുകൂലമായി സാക്ഷിമൊഴികൾ ഉണ്ടാക്കിയെടുക്കാനാണോ പുതിയ നീക്കമെന്ന ചോദ്യവും ഹർജി പരിഗണിക്കവെ കോടതിയുയർത്തിയിരുന്നു.

മുന്‍ പ്രോസിക്യൂട്ടര്‍ രാജി വെച്ച സാഹചര്യത്തില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ പത്ത് ദിവസത്തിനുള്ളില്‍ നിയമിക്കണമെന്നും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. നേരത്തെ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹൈക്കോടതിയുടെ ഭാഗത്ത് നിന്നും പ്രോസിക്യൂഷന് നേരെ ചോദ്യങ്ങളുയര്‍ന്നിരുന്നു. എന്നാലിപ്പോള്‍ പ്രോസിക്യൂഷന് അനുകൂലമായ വിധിയാണ് കോടതിയില്‍ നിന്നും ഉണ്ടായിരിക്കുന്നത്.

16 പേരുടെ പട്ടികയില്‍ ഏഴു പേര്‍ നേരത്തെ സാക്ഷി പറഞ്ഞവരാണ്. ഇവരില്‍ നിന്ന് കൂടുതല്‍ വിവരങ്ങള്‍ തേടേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഒമ്പത് പേരില്‍ നിന്ന് പുതുതായി വിശദീകരണം തേടണമെന്നും പ്രോസിക്യൂഷന്‍ ആവശ്യപ്പെട്ടു. ഈ ആവശ്യം വിചാരണ കോടതി തള്ളിയതിനെത്തുടര്‍ന്നാണ് ഹൈക്കോടതിയെ സമീപിച്ചത്. മൂന്ന് പേരുടെ പുനര്‍വിസ്താരത്തിന് മാത്രമായിരുന്നു വിചാരണ കോടതി അനുമതി നല്‍കിയത്.