ധീരജിന്റെ ഭൗതിക ശരീരം എട്ടരയോടെ കൊയിലാണ്ടിയിലെത്തും; പൊതുദര്‍ശനം പഴയ ബസ് സ്റ്റാന്റ് പരിസരത്ത്


കൊയിലാണ്ടി: ഇടുക്കി എഞ്ചിനിയറിങ് കോളേജില്‍ വച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കുത്തേറ്റ് മരിച്ച എസ്.എഫ്.ഐ പ്രവര്‍ത്തകന്‍ ധീരജിന്റെ ഭൗതിക ശരീരം അല്‍പ്പ സമയത്തിനകം കൊയിലാണ്ടിയിലെത്തും. കൊയിലാണ്ടി പഴയ ബസ് സ്റ്റാന്റ് പരിസരത്ത് മൃതദേഹം അല്‍പ്പ സമയം പൊതു ദര്‍ശനത്തിന് വയ്ക്കും. നേരത്തേ ധീരജിന്റെ മൃതദേഹം ഇന്ന് വൈകീട്ട് നാലരയ്ക്ക് കൊയിലാണ്ടിയിൽ പൊതുദർശനത്തിന് വയ്ക്കാനായിരുന്നു തീരുമാനമെങ്കിലും വിവിധ ഇടങ്ങളിലെ പൊതുദർശനത്തിന് വലിയ ജനപ്രവാഹമുണ്ടായതോടെ വൈകുകയായിരുന്നു.

ഇടുക്കി മുതല്‍ ധീരജിന്റെ കണ്ണൂരിലെ പാലക്കുളങ്ങരയിലെ വസതി വരെ വിവിധയിടങ്ങളില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ചു കൊണ്ടാണ് വിലാപയാത്ര വരുന്നത്. രാവിലെ സി.പി.എം ഇടുക്കി ജില്ലാ കമ്മിറ്റി ഓഫീസിലാണ് മൃതദേഹം ആദ്യം എത്തിച്ചത്. കോഴിക്കോട് ജില്ലയില്‍ കോഴിക്കോട് ബൈപ്പാസ്, കൊയിലാണ്ടി, വടകര എന്നിവിടങ്ങളിലാണ് പൊതുദര്‍ശനമുണ്ടാവുക.

കുയിലിമലയിലെ കോളേജില്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് പുരോഗമിക്കവെ ഇന്നലെ ഉച്ചയോടെ നടന്ന അക്രമത്തിലാണ് കണ്ണൂര്‍തളിപ്പറമ്പ് പാലക്കുളങ്ങര അദ്വൈതത്തില്‍ രാജേന്ദ്രന്റെ മകന്‍ ധീരജിനെ കുത്തി കൊലപ്പെടുത്തിയത്.

സംഭവവുമായി  രണ്ട് പേര്‍ അറസ്റ്റില്‍. ജില്ലാ സെക്രട്ടറി നിഖില്‍ പൈലി, നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് ജെറിന്‍ ജോജോ എന്നിവരാണ് അറസ്റ്റിലായത്. സംഭവത്തില്‍ ഒരാള്‍ കൂടി പിടിയില്‍. കെഎസ്.യു കോളേജ് യൂണിറ്റ് സെക്രട്ടറി അലക്സ് റാഫേലാണ് പിടിയിലായത്. കൊലപാതക ശേഷം അലക്സ് പറവൂരിലേയ്ക്ക് മുങ്ങുകയായിരുന്നു. കസ്റ്റഡിയിയിലുള്ള മറ്റു പ്രതികള്‍ സജീവ കെ.എസ്.യു പ്രവര്‍ത്തകരും നേതാക്കളുമാണ്.

അഭിജിത്ത് അമല്‍ എന്നീ വിദ്യാര്‍ഥികള്‍ക്ക് കൂടി പരിക്കേറ്റിട്ടുണ്ട്. ഇവരെ ഇടുക്കി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഏഴാം സെമസ്റ്റര്‍ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ഥിയാണ് കൊല്ലപ്പെട്ട ധീരജ്.