തൊഴില്‍ തേടി മടുത്തോ? നിങ്ങള്‍ക്കായി ഇതാ ‘മെഗാ ജോബ് ഫെയര്‍’; ജോബ് പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാന്‍ മറക്കല്ലേ


കൊയിലാണ്ടി: ജില്ലാ ഭരണകൂടത്തിന്റെയും  സ്‌കില്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഫെബ്രുവരി 20 ന് നടത്തുന്ന മെഗാ ജോബ് ഫെയറിനുള്ള രജിസ്ട്രേഷൻ  തുടങ്ങി.  തൊഴില്‍ദാതാക്കള്‍ക്ക് ജനുവരി 26 വരെയും തൊഴിലന്വേഷകര്‍ക്ക് ഫെബ്രുവരി 1 മുതല്‍ 13 വരെയും www.ststejobportal.kerala.gov.in സ്റ്റേറ്റ് ജോബ് പോര്‍ട്ടലില്‍  രജിസ്റ്റര്‍ ചെയ്ത് മേളയില്‍ പങ്കാളികളാവാം.

കേരള അക്കാദമി ഫോര്‍ സ്‌കില്‍ എക്‌സലന്‍സിന്റെ മേല്‍നോട്ടത്തില്‍
സങ്കല്പ്പ് പദ്ധതിയുടെ ഭാഗമായി കോഴിക്കോട് ഗവ.  എഞ്ചിനീയറിംഗ്  കോളേജിലാണ് മേള സംഘടിപ്പിക്കുന്നത്.

മെഗാ ജോബ് ഫെയറുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടറുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ആലോചനാ യോഗത്തില്‍ ജില്ലയിലെ പ്രമുഖ വ്യവസായ അസോസിയേഷൻ പ്രതിനിധികള്‍ പങ്കെടുത്തു.

തൊഴില്‍ അന്വേഷിക്കുന്ന യുവതി യുവാക്കള്‍ക്കും ട്രാന്‍സ്‌ജെന്‍ഡേഴ്‌സിനും
ഭിന്നശേഷിക്കാര്‍ക്കും തൊഴില്‍ മേളയില്‍ പങ്കെടുക്കാം. കൂടുതല്‍ ഭിന്നശേഷിക്കാര്‍ക്ക് തൊഴിലവസരം നല്‍കുന്ന തൊഴില്‍ ദാതാവിന് പ്രത്യേക പുരസ്‌കാരം നല്‍കുമെന്ന് ജില്ലാ കളക്ടര്‍  അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്: 7306402567,  9400779123.