തിരൂരില്‍ മര്‍ദനമേറ്റ മൂന്നുവയസ്സുകാരന്‍ മരിച്ചു; രണ്ടാനച്ഛന്‍ മുങ്ങി


മലപ്പുറം: തിരൂരില്‍ മൂന്ന് വയസ്സുകാരന്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ചു. മര്‍ദനമേറ്റ നിലയില്‍ ആശുപത്രിയില്‍ എത്തിച്ച കുട്ടിയാണ് മരിച്ചത്.

പശ്ചിമബംഗാള്‍ ഹുഗ്ലി സ്വദേശി മുംതാസ് ബീവിയുടെ മകന്‍ ഷെയ്ഖ് സിറാജാണ് മരിച്ചത്. കുട്ടിയെ തിരൂര്‍ ജില്ലാ ആശുപത്രിയിലെത്തിച്ച രണ്ടാനച്ഛന്‍ അര്‍മാന്‍, കുട്ടി മരിച്ചെന്നറിഞ്ഞതോടെ ആശുപത്രിയില്‍ നിന്ന് മുങ്ങി. അമ്മ മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

കുട്ടിയുടെ ദേഹത്ത് മര്‍ദനമേറ്റ പാടുകളുണ്ട്. കുടുംബം ഇല്ലത്തപ്പാടത്തെ ക്വാര്‍ട്ടേഴ്‌സില്‍ താമസം തുടങ്ങിയിട്ട് ഒരാഴ്ചയായി. ബുധനാഴ്ച മുംതാസ് ബീവിയും രണ്ടാം ഭര്‍ത്താവ് അര്‍മാനും തമ്മില്‍ തര്‍ക്കമുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറഞ്ഞു. തിരൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. കുട്ടിയുടെ മാതാവിനെ പൊലീസ് ചോദ്യം ചെയ്തുവരുകയാണ്. പൊലീസ് ഇവര്‍ താമസിച്ചിരുന്ന മുറിയിലും പരിശോധന നടത്തി. അര്‍മാന്‍ ട്രെയിനില്‍ മുങ്ങിയതാണെന്ന് പൊലീസ് സംശയിക്കുന്നു.

മുംതാസ് ബീവിയുടെ ആദ്യഭര്‍ത്താവായ ഷെയ്ക്ക് റഫീക്കിന്റെ മകനാണ് മരിച്ച ഷെയ്ക്ക് സിറാജ്. ഒരു വര്‍ഷം മുമ്പ് റഫീക്കുമായുള്ള വിവാഹബന്ധം വേര്‍പ്പെടുത്തിയതിന് ശേഷം അര്‍മാന്‍ എന്നയാളെ മുംതാസ് ബീവി വിവാഹം കഴിച്ചിരുന്നു.