തിരുവങ്ങൂരില്‍ ആളില്ലാത്ത വീട്ടില്‍ വന്‍ മോഷണം; ഇരുപതിനായിരം രൂപയും സ്വര്‍ണ്ണാഭരണങ്ങളും നഷ്ടമായി


കൊയിലാണ്ടി: തിരുവങ്ങൂരില്‍ ആളില്ലാത്ത വീട്ടില്‍ വന്‍ മോഷണം. പരത്തോട്ടത്തില്‍ ലത്തീഫിന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇരുപതിനായിരം രൂപയും 16 പവന്‍ സ്വര്‍ണ്ണാഭരണങ്ങളും നഷ്ടമായി.

ശനിയാഴ്ച രാവിലെ വീട്ടുകാര്‍ എല്ലാവരും ബന്ധുവീട്ടില്‍ പോയി ഞായറാഴ്ച രാത്രിയോടെയാണ് തിരിച്ചെത്തിയത്. ഇതിനിടയിലാണ് മോഷണം നടന്നത്. ഇന്ന് രാവിലെ നോക്കിയപ്പോഴാണ് മോഷണം നടന്ന വിവരം അറിയുന്നത്.

വീടിന്റെ പിന്നിലെ ഗ്രില്‍ പൊളിച്ചാണ് കള്ളന്‍ അകത്ത് കടന്നത്. കിടപ്പുമുറിയുടെ അലമാരയില്‍ സൂക്ഷിച്ചിരുന്ന പണവും ആഭരണങ്ങളുമാണ് നഷ്ടമായത്. ഏതാണ്ട് ആറേമുക്കാല്‍ ലക്ഷം രൂപയുടെ നഷ്ടമാണ് കണക്കാക്കുന്നത്.

പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തിയതായി കൊയിലാണ്ടി സി.ഐ എന്‍.സുനില്‍ കുമാര്‍ കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. ഡോഗ് സ്‌ക്വാഡ്, വിരലടയാള വിദഗ്ധര്‍ എന്നിവരും സ്ഥലത്തെത്തി പരിശോധന നടത്തി. എസ്.ഐ എം.എല്‍.അനൂപിന്റെ നേതൃത്വത്തിലുള്ള സംഘത്തിനാണ് അന്വേഷണ ചുമതലയെന്നും അദ്ദേഹം പറഞ്ഞു.