താക്കോല്‍ വാങ്ങി കുഞ്ഞുമായി ഹോട്ടല്‍ മുറിയിലേക്ക്; കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ നിന്ന് നീതു കുഞ്ഞിനെ തട്ടിക്കൊണ്ട് പോകുന്ന സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത് (വീഡിയോ കാണാം)


കോട്ടയം: കോട്ടയം മെഡിക്കൽ കോളേജിൽ നിന്ന് തട്ടിയെടുത്ത നവജാത ശിശുവുമായി നീതു ഹോട്ടലിലേക്ക് വരുന്ന ദൃശ്യങ്ങള്‍ പുറത്ത്. ഇന്നലെ വൈകിട്ട് 3.23 നാണ് നീതു കുഞ്ഞുമായി ഓട്ടോയില്‍ ഹോട്ടലില്‍ എത്തിയത്. സ്വന്തം മകനും നീതുവിനൊപ്പമുണ്ടായിരുന്നു. റിസപ്ഷനില്‍ നിന്ന് കീ വാങ്ങിയതിന് പിന്നാലെ യാതൊരു ഭാവവ്യത്യാസവും ഇല്ലാതെ കുഞ്ഞുമായി മുറിയിലേക്ക് പോകുന്ന ദൃശ്യങ്ങളാണ് സിസിടിവിയിലുള്ളത്. നാലാം തിയതി വൈകിട്ട് 6.30 നാണ് നീതു ഹോട്ടലില്‍ മുറി എടുത്തത്. മകനുമൊപ്പം കാറില്‍ ഹോട്ടലിലേക്ക് വരുന്നതിന്‍റെ ദൃശ്യങ്ങളുമുണ്ട്.

ഇന്നലെയായിരുന്നു മൂന്ന് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെ നീതു മോഷ്ടിച്ചത്. കുട്ടിയെ മോഷ്ടിച്ച് ഒരു മണിക്കൂറിനുള്ളില്‍ തന്നെ പൊലീസ് കണ്ടെത്തി. കാമുകനായ ഇബ്രാഹിം ബാദുഷയുമായുള്ള ബന്ധം നഷ്ടപ്പെടാതിരിക്കാനാണ് എംബിഎ ബിരുദധാരിയായ നീതു ഈ കടുംകൈ ചെയ്തത്. ഇബ്രാഹിമിന്‍റെ കുട്ടിയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ബന്ധം തുടരാനായിരുന്നു നീക്കം. കുട്ടിയെ തട്ടിയെടുത്ത് ഹോട്ടലിലെത്തിയ നീതു കുട്ടിക്കൊപ്പമുള്ള ഫോട്ടോ കാമുകന് അയയ്ക്കുകയും ചെയ്തു. കൂടാതെ വീഡിയോ കോളിലും സംസാരിച്ചു.

ടിക് ടോക്കിൽ പരിചയപ്പെട്ട കളമശ്ശേരി സ്വദേശിയായ ഇബ്രാഹിമുമായി രണ്ട് വർഷമായി നീതു ബന്ധത്തിലായിരുന്നു. തുടർന്ന് ഗർഭിണി ആവുകയും ചെയ്തു. പക്ഷേ ഗർഭം അലസി. എന്നാൽ ഇക്കാര്യം കാമുകനെ അറിയിച്ചില്ല. പറഞ്ഞാൽ അയാൾ വിട്ടുപോകും എന്നായിരുന്നു നീതുവിന്റെ ഭയം.

വിവാഹ മോചിത ആണെന്നാണ് കാമുകനെ അറിയിച്ചിരുന്നത്. ഇബ്രാഹിമിന്റെ വീട്ടുകാരുമായും നീതു പരിചയത്തിൽ ആയിരുന്നു. ഇബ്രാഹിമും വീട്ടുകാരും നിരന്തരം പ്രസവകാര്യം തിരക്കിയപ്പോൾ കുട്ടിയെ തട്ടി എടുക്കാമെന്ന തന്ത്രം ഒരുക്കി. ഡോക്ടറുടെ വസ്ത്രങ്ങളും സ്റ്റെതസ്കോപ്പും ധരിച്ചായിരുന്നു പ്രസവ വാർഡ് സന്ദർശിച്ചത്.

ആദ്യ ശ്രമത്തിൽ തന്നെ അശ്വതിയുടെ കുട്ടിയെ തട്ടിയെടുക്കാൻ കഴിഞ്ഞു. സ്വന്തം കുട്ടിയെപ്പോലെ വളർത്താൻ തന്നെയായിരുന്നു നീതുവിന്റെ തീരുമാനം. ആദ്യം പരസ്പര വിരുദ്ധമായ കാര്യങ്ങൾ മൊഴിനൽകിയ നീതു പിന്നീട് തന്റെ ഉദ്ദേശം പൊലീസിനോട് വ്യക്തമാക്കി. ജീവിതത്തിൽ താൻ ഒരിക്കലെങ്കിലും ജയിക്കട്ടെ എന്നാണ് ചോദ്യംചെയ്യലിന്റെ ഒരു ഘട്ടത്തിൽ നീതു എസ്പിയോട് തുറന്ന് പറഞ്ഞത്. നീതുവിൽ നിന്ന് 30 ലക്ഷം രൂപയും സ്വർണവും തട്ടിയെടുത്ത കാമുകന്‍ ഇബ്രാഹിം ബാദുഷക്കെതിരെ മറ്റൊരു കേസെടുക്കാനാണ് പൊലീസിന്‍റെ തീരുമാനം.

വീഡിയോ കാണാം: