‘ജയിലിലടച്ചാലും ഞങ്ങള്‍ വീടും സ്ഥലവും വിട്ടുതരില്ല’; എറണാകുളത്ത് സില്‍വര്‍ലൈനിനെതിരെ ജനരോഷം


കൊച്ചി: സില്‍വര്‍ ലൈന്‍ പദ്ധതിയ്‌ക്കെതിരായ എതിര്‍പ്പ് മറികടക്കാന്‍ മുഖ്യമന്ത്രി ജനപക്ഷവുമായി മുന്നോട്ടുപോകുമ്പോള്‍ പദ്ധതിയ്‌ക്കെതിരെ ജനരോഷം ശക്തം. എറണാകുളം ജില്ലയിലെ പദ്ധതി പ്രദേശമായ കീഴ്മാട് പഞ്ചായത്ത് നിവാസികള്‍ ജയിലില്‍ പോകേണ്ടിവന്നാലും പദ്ധതിക്കുവേണ്ടി വീടും സ്ഥലവും വിട്ടുതരില്ലയെന്നാണ് പറയുന്നത്.

സര്‍ക്കാര്‍ പാക്കേജ് പ്രഖ്യാപിച്ചിട്ടുണ്ട്. തങ്ങള്‍ക്ക് ഒരു തരത്തിലുള്ള പാക്കേജും ആവശ്യമില്ല. ഈ പദ്ധതിയില്‍ നിന്നും പിന്‍വാങ്ങുകയെന്നത് മാത്രമാണ് തങ്ങളുടെ ആവശ്യമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

കീഴ്മാട് പഞ്ചായത്തിലെ രണ്ടുവാര്‍ഡുകളെയാണ് പദ്ധതി ഏറ്റവുമധികം ബാധിക്കുക. എറണാകുളം ജില്ലയിലെ ആലുവ, കണയന്നൂര്‍, മൂവാറ്റുപുഴ താലൂക്കുകളിലായുള്ള ഭൂമിയാണ് പദ്ധതിക്കായി ഏറ്റെടുക്കുന്നത്.

വരുംദിവസങ്ങളില്‍ സര്‍വ്വേയും സാമൂഹിക ആഘാത പഠനവും ആരംഭിക്കാനിരിക്കെയാണ് ജനങ്ങള്‍ ശക്തമായി രംഗത്തുവന്നിരിക്കുന്നത്.’