ജനനം മുതൽ പോരാടി ജയിച്ചവൾ ഇനി അജയ; കോട്ടയത്ത് തട്ടിക്കൊണ്ടു പോയ കുഞ്ഞിന് പേരിട്ടത് രക്ഷിച്ച പോലീസ് ഓഫീസർ


കോട്ടയം: ജനിച്ച വീണപ്പോൾ തന്നെ അവളെ കാത്തിരുന്നത് ഒരു പോരാട്ടമായിരുന്നു, ലോകത്തെ അറിയുന്നതിന് മുൻപ്, നന്നായി ഒന്ന് കാണുന്നതിന് മുൻപ്പ തന്നെ അമ്മയിൽ നിന്ന് ഒരപരിചിത തട്ടി കൊണ്ട് പോവുക. എന്നാൽ അവൾ അതിനെയെല്ലാം അതിജീവിച്ചു. അവളുടെ രക്ഷകൻ തന്നെ അവൾക്കു നാമവും നൽകി, അജയ, ജനനം മുതല്‍ പോരാടി ജയിച്ചവൾ.

മെഡിക്കൽ കോളജിൽനിന്നു തട്ടിയെടുക്കപ്പെട്ട ശേഷം കണ്ടെത്തിയ കുട്ടിക്കാണ് അജയ എന്നു പേരിട്ടത്. കുഞ്ഞിനെ വീണ്ടെടുത്ത് നല്‍കിയ എസ്.ഐ എസ് റെനീഷ് ആണ് ഈ പേര് നിര്‍ദേശിച്ചത്. വീട്ടുകാരെല്ലാം സമ്മതിച്ചതോടെ ആ പേര് തന്നെ ഇടാൻ തീരുമാനിക്കുകയായിരുന്നുവെന്ന് കുട്ടിയുടെ അച്ഛൻ എസ്.ശ്രീജിത്ത് പറഞ്ഞു.

അമ്മയിൽ നിന്ന് അടർത്തിമാറ്റപ്പെട്ടെങ്കിലും ഉദ്യോഗസ്ഥരുടെ കൃത്യമായ ഇടപെടലുകളോടെ മണിക്കൂറുകൾക്കുള്ളിൽ തന്നെ അമ്മയുടെ സുരക്ഷിതത്വത്തിലേക്ക് അജയ തിരിച്ചെത്തി.

കുട്ടിയെ ആശുപത്രിയിൽ നിന്ന് തട്ടിക്കൊണ്ടുപോയതുമായി ബന്ധപ്പെട്ട് മെഡിക്കൽ കോളജ് ആർ.എം.ഒ ഡോ. ആർ.പി.രഞ്ജിന്‍റെ നേതൃത്വത്തിലുള്ള അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ദിവസം ആശുപത്രിയിൽ എത്തി കുട്ടിയുടെ മാതാപിതാക്കളെയും ബന്ധുക്കളെയും മന്ത്രി വീണ ജോർജ് കാണുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തിരുന്നു.

ആശുപത്രി ജീവനക്കാർക്ക് വീഴ്ചയുണ്ടായിട്ടില്ലെന്നാണ് പ്രാഥമിക നിഗമനം. പ്രാഥമിക അന്വേഷണ റിപ്പോർട്ട് ഉടൻ തന്നെ സൂപ്രണ്ടിന് കൈമാറും. കൂടുതൽ അന്വേഷണത്തിനായി ആരോഗ്യ വിദ്യാഭ്യാസ വകുപ്പ് ജോയിന്‍റ് ഡയറക്ടർ ഇന്ന് മെഡിക്കൽ കോളജിലെത്തും.

അതേസമയം കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ നീതുവിനെ ഏറ്റുമാനൂർ ഒന്നാംക്ലാസ് മജിസ്‌ട്രേട്ട് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. കോട്ടയത്തെ വനിതാ ജയിലിലേക്കാണ് മാറ്റിയിരിക്കുന്നത്. പ്രതിയെ ഇന്ന് ആശുപത്രിയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തും. ഡോക്ടറുടെ കോട്ട് വാങ്ങിയ മെഡിക്കൽ കോളജിന് സമീപത്തെ കടയിലും ഹോട്ടലിലും എത്തിച്ചും തെളിവെടുക്കും.

നീതുവിന്റെ കാമുകൻ ഇബ്രാഹിം ബാദുഷയെ ഇന്നു കോടതിയിൽ ഹാജരാക്കും.