ചരക്ക് തീവണ്ടി പാളം തെറ്റിയ സംഭവം: എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റിയടക്കം അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി


കൊച്ചി: ആലുവയില്‍ ചരക്ക് തീവണ്ടി പാളം തെറ്റിയതിനെ തുടര്‍ന്ന് അഞ്ച് ട്രെയിനുകള്‍ റദ്ദാക്കി. എറണാകുളം-കണ്ണൂര്‍ ഇന്റര്‍സിറ്റി എക്‌സ്പ്രസ് അടക്കമുള്ള ട്രെയിനുകളാണ് റദ്ദാക്കിയത്.

കൊല്ലത്തേക്ക് 42 വാഗണ്‍ സിമന്റുമായി പോയ ചരക്ക് തീവണ്ടിയാണ് ഇന്നലെ അര്‍ധരാത്രിയോടെ പാളം തെറ്റിയത്. അപകടത്തില്‍ ആളപായമില്ല. ട്രെയിന്‍ എഞ്ചിന്‍ കഴിഞ്ഞ് രണ്ട് മൂന്ന് നാല് അഞ്ച് വാഗണുകളാണ് ആലുവ റെയില്‍വേ സ്റ്റേഷനിലെ പാളത്തില്‍വെച്ച് അപകടത്തില്‍പ്പെട്ടത്.

രാത്രി തന്നെ ട്രെയിന്‍ ഗതാഗതം പുനസ്ഥാപിക്കാന്‍ ശ്രമം നടന്നിരുന്നു. പുലര്‍ച്ച രണ്ടേകാലോടെ ഒരു പാതയില്‍ ട്രാഫിക് പുനസ്ഥാപിച്ച് ഒരുവരി പാതയിലൂടെ ട്രെയിന്‍ കടത്തിവിട്ടു തുടങ്ങി. ഗുരുവായൂര്‍ തിരുവനന്തപുരം ഇന്റര്‍സിറ്റി (16341), കോട്ടയം- നിലമ്പൂര്‍ എക്‌സ്പ്രസ് (16326), നിലമ്പൂര്‍- കോട്ടയം എക്‌സ്പ്രസ് (16325), ഗുരുവായൂര്‍-എറണാകുളം എക്‌സ്പ്രസ് (06439) എന്നിവയാണ് റദ്ദാക്കിയ ട്രെയിനുകള്‍.

പുനലൂരില്‍ നിന്നും ഇന്നലെ പുറപ്പെട്ട ഗുരുവായൂര്‍ എക്‌സ്പ്രസ് തൃപ്പൂണിത്തുറയില്‍ സര്‍വീസ് അവസാനിപ്പിച്ചു. കൂടാതെ ചെന്നൈ എഗ്മോറില്‍ നിന്ന് പുറപ്പെട്ട ഗുരുവായൂര്‍ എക്‌സ്പ്രസ് എറണാകുളത്തും സര്‍വീസ് അവസാനിപ്പിച്ചു.