ക്രമസമാധാനം മാത്രമല്ല, മുന്നിലെത്തുന്ന ഏത് വിഷയത്തിലും ഇടപെടും, കൊയിലാണ്ടിയില്‍ നടപ്പാക്കിയ പരിഷ്‌കാരങ്ങള്‍ പലതും കയ്യടി നേടി; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി വാര്‍ത്താ താരം പട്ടികയിലെ ജനകീയ സി.ഐ എന്‍.സുനില്‍കുമാര്‍


കൊയിലാണ്ടി: സബ് ഇന്‍സ്‌പെക്ടറായി കൊയിലാണ്ടി പൊലീസ് സ്റ്റേഷനിലെത്തി പിന്നീട് തന്റെ ഔദ്യോഗിക പദവി ഉപയോഗിച്ച് വിവിധങ്ങളായ വിഷയങ്ങളില്‍ ശ്രദ്ധേയമായ ഇടപെടല്‍ നടത്തിക്കൊണ്ട് കൊയിലാണ്ടിക്കാരുടെ ശ്രദ്ധയാകര്‍ഷിച്ച ഉദ്യോഗസ്ഥനാണ് സി.ഐ സുനില്‍കുമാര്‍. 2013ലാണ് സുനില്‍കുമാര്‍ എസ്.ഐയായി കൊയിലാണ്ടി സ്റ്റേഷനിലെത്തിയത്. ഇടയ്ക്ക് കുറച്ചുകാലം ഇവിടംവിട്ടുപോയെങ്കിലും സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായി തിരിച്ചെത്തിയ അദ്ദേഹം ജനകീയമായ പല ഇടപെടലുകളിലൂടെയും ജനമൈത്രി പൊലീസ് എന്ന പേര് അന്വര്‍ത്ഥമാക്കി.

ക്രമസമാധാനം, ഗതാഗതക്കുരുക്ക്, കുട്ടികളുടെ പഠനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ എന്നുവേണ്ട തന്റെ മുന്നിലെത്തുന്ന ഏത് വിഷയവും പരിഹരിക്കുന്നതിന് സി.ഐ സുനില്‍കുമാര്‍ മുന്നിലുണ്ടായിരുന്നു. പൊലീസ് എന്നത് ക്രമസമാധാനം പരിപാലിക്കാന്‍ മാത്രമുള്ള സംവിധാനമല്ലെന്നും പൊലീസ് വിചാരിച്ചാലും സമൂഹത്തിന് ഗുണപ്രദമായ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുമെന്നും സ്വന്തം സേവനത്തിലൂടെ തെളിയിച്ചയാളാണ് അദ്ദേഹം. അതിന് ഏറ്റവും വലിയ ഉദാഹരണമായിരുന്നു, അമ്മയുടെ മരണത്തെയും അച്ഛന്റെ തിരോധാനത്തെയും തുടര്‍ന്നുണ്ടായ സാമ്പത്തിക പ്രശ്‌നങ്ങള്‍ മൂലം പഠനം വഴിമുട്ടുമെന്നായ കൊയിലാണ്ടി ഗവ. ഗേള്‍സ് ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ഥിനിയ്ക്കുവേണ്ടി അദ്ദേഹം നടത്തിയ ഇടപെടല്‍. ഓണ്‍ലൈന്‍ പഠനാവശ്യത്തിന് മൊബൈല്‍ ഫോണ്‍ ഇല്ലാതെ വലഞ്ഞ പെണ്‍കുട്ടിയ്ക്ക് പൊലീസ് ഫോണ്‍ വാങ്ങി നല്‍കുകയായിരുന്നു.

നിത്യവുമുണ്ടാവുന്ന ഗതാഗതക്കുരുക്ക് കൊയിലാണ്ടി നഗരത്തിന്റെ ശാപമാണ്. കൊല്ലത്ത് തുടങ്ങുന്ന ഗതാഗതക്കുരുക്ക് മിക്കപ്പോഴും ചെങ്ങോട്ടുകാവിന് അടത്തുവരെ എത്തും. ഗതാഗതക്കുരുക്ക് കുറയ്ക്കാനുള്ള പദ്ധതികളില്‍ സി.ഐ സജീവ പങ്കാളിത്തമുണ്ടായിരുന്നു. ട്രാഫിക് പൊലീസിനൊപ്പം പൊലീസിന്റെ കൂടി സജീവമായ ഇടപെടല്‍ പല പ്രതിസന്ധി ഘട്ടങ്ങളിലും നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ സഹായകരമായിട്ടുണ്ട്. കോവിഡ് ലോക്ക്ഡൗണിനുശേഷം 2021 ജൂലൈയില്‍ കൊയിലാണ്ടി നഗരം ഗതാഗതക്കുരുക്കുകൊണ്ട് ശ്വാസംമുട്ടിയപ്പോള്‍ ട്രാഫിക് പൊലീസിനൊപ്പം സി.ഐ സുനില്‍കുമാറിന്റെ നേതൃത്വത്തില്‍ പൊലീസ് നേരിട്ട് ഗതാഗത നിയന്ത്രണത്തിന് മുന്നോട്ടുവരികയും ചെയ്തിരുന്നു.

കൊയിലാണ്ടി നഗരത്തിന്റെ മുഖച്ഛായ മാറ്റുന്ന പ്രവര്‍ത്തനങ്ങള്‍ക്കും സി.ഐ മുന്നിട്ടിറങ്ങിയിരുന്നു. പൊലീസിന്റെ നേതൃത്വത്തില്‍ ട്രാഫിക് റൗണ്ട് എബൗട്ടില്‍ ചെട്ടിച്ചെട്ടികള്‍ സ്ഥാപിച്ചത് ഏറെ കയ്യടി നേടി. മെഡിക്കല്‍ പ്രവേശനത്തിനുള്ളനീറ്റ് പരീക്ഷ എഴുതാനാന്‍ എത്തിയ നാല് വിദ്യാര്‍ഥികള്‍ ഫോട്ടോ എടുക്കാന്‍ മറന്നപ്പോള്‍ അവര്‍ക്കുവേണ്ടി സി.ഐ സുനില്‍കുമാര്‍ നടത്തിയ ഇടപെടലുകളും ജനശ്രദ്ധ നേടിയിരുന്നു. വിദ്യാര്‍ത്ഥികള്‍ പൊലീസ് സഹായം തേടിയപ്പോള്‍ അവര്‍ക്ക് ഫോട്ടോ എടുത്തുനല്‍കാന്‍ വേണ്ട നടപടികള്‍ എടുക്കാന്‍ സി.ഐ സുനില്‍കുമാര്‍ സഹപ്രവര്‍ത്തകര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു.

കൊയിലാണ്ടി സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത പ്രധാനപ്പെട്ട നിരവധി കേസുകള്‍ സി.ഐയുടെ അന്വേഷണ മികവുകൊണ്ട് ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. സ്റ്റേഷനില്‍ വരുന്ന ആളുകള്‍ക്ക് ഇരിക്കാനും, അവര്‍ക്ക് കുടിവെള്ളം അടക്കമുള്ള സംവിധാനം ഒരിക്കിനല്‍കാനും സ്റ്റേഷന്റെ സൗകര്യം മെച്ചപ്പെടുത്തുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും മുന്നില്‍ നിന്നയാളാണ് അദ്ദേഹം.

സി.ഐയുടെ നേതൃത്വത്തിലുള്ള കൊയിലാണ്ടി പൊലീസിന്റെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളും ഏറെ അഭിനന്ദിക്കപ്പെട്ടിരുന്നു. കോവിഡ് പ്രതിരോധത്തിനായി വ്യാപാരികളെക്കൂടി ഉള്‍പ്പെടുത്തി ആരോഗ്യവകുപ്പിനൊപ്പം പൊലീസും ബോധവത്കരണത്തിന് മുന്നിട്ടിറങ്ങുന്ന കാഴ്ചയാണ് കൊയിലാണ്ടിയില്‍ കണ്ടത്. കൂടാതെ ലോക്ക്ഡൗണ്‍ കാലത്ത് പല സ്ഥലത്തും പൊലീസ് ഇടപെടല്‍ വ്യാപകമായ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചപ്പോള്‍ കൊയിലാണ്ടിയില്‍ അത്തരം പരാതികളൊന്നും ഉയര്‍ന്നില്ലയെന്നതും ശ്രദ്ധയര്‍ഹിക്കുന്ന കാര്യമാണ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് അവശ്യസാധനങ്ങള്‍ക്ക് ബുദ്ധിമുട്ടിയ പല കുടുംബങ്ങള്‍ക്കും പൊലീസ് ആവശ്യമായ ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചുനല്‍കിയതും നമ്മള്‍ കണ്ടതാണ്.

സി.ഐ എൻ.സുനിൽ കുമാറിന് വോട്ട് ചെയ്ത് കൊയിലാണ്ടിയുടെ വാർത്താ താരമായി തെരഞ്ഞെടുക്കാൻ ഇവിടെ ക്ലിക്ക് ചെയ്യൂ.