കോവിഡ് വ്യാപനം അതിരൂക്ഷം; സംസ്ഥാനത്ത് മതപരമായ ചടങ്ങുകള്‍ക്കും നിയന്ത്രണം; കോഴിക്കോടും അതിതീവ്ര വ്യാപനം


കോഴിക്കോട്: കോവിഡ്, ഒമിക്രോൺ അതി തീവ്ര വ്യാപനം മുൻ നിർത്തി സംസ്ഥാനത്ത് നിയന്ത്രണങ്ങൾ ശക്ത്തമാക്കുന്നു. ടി.പി.ആര്‍ 20ന് മുകളിലുള്ള ജില്ലകളില്‍ മതപരമായ ചടങ്ങുകളില്‍ പങ്കെടുക്കാന്‍ 50 പേര്‍ക്ക് മാത്രമായിരിക്കും അനുമതി നല്‍കുക. വിവാഹം, മരണാനന്തര ചടങ്ങുകള്‍ തുടങ്ങിയവ അടക്കമുള്ള പൊതു പരിപാടികളില്‍ പങ്കെടുക്കാവുന്നവരുടെ എണ്ണം 50 ആയി നിജപ്പെടുത്തിയതായുള്ള നിര്‍ദ്ദേശം മുൻപേ നല്‍കിയിരുന്നു.

പ്രതിദിന കോവിഡ് കേസുകളിലെ വര്‍ധനവും ടിപിആര്‍ ഉയരുന്നതും കണക്കിലെടുത്താണ് മതപരമായ ചടങ്ങുകള്‍ക്കും നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്. ഉത്സവ സീസൺ വരാനിരിക്കുന്ന പശ്ചാത്തലത്തിൽ കൂടിയാണ് സർക്കാരിന്റെ തീരുമാനം.

കേരളത്തില്‍ ഇന്ന് 18,123 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതോടെ ടെസ്റ്റ് പോസിറ്റീവ് നിരക്ക് 30.55 ശതമാനത്തിലേക്ക് ഉയര്‍ന്നു. പരിശോധിക്കുന്ന നാലിലൊന്നു പേര്‍ക്ക് കോവിഡ് എന്നതാണ് സ്ഥിതി. തിരുവനന്തപുരം, എറണാകുളം, തൃശൂര്‍, കോഴിക്കോട് ജില്ലകളില്‍ സ്ഥിതി രൂക്ഷമാണ്.

അതേ സമയം കോടതികളുടെ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണമായും ഓണ്‍ലൈനാക്കി. തിങ്കളാഴ്ച മുതല്‍ കോടതികള്‍ ഓണ്‍ലൈനിലൂടെ ആകും പ്രവര്‍ത്തിക്കുക. കോടതിയിലേക്ക് ജനങ്ങള്‍ പ്രവേശിക്കുന്നതും ജീവനക്കാര്‍ വരുന്നതും നിയന്ത്രിച്ചിട്ടുണ്ട്. നിയന്ത്രണങ്ങള്‍ 11-ന് പുനഃപരിശോധിക്കും.

അടുത്ത മൂന്നാഴ്ചയില്‍ രോഗ വ്യാപനം തീവ്രമാകും എന്നാണ് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് ജില്ലകളില്‍ സ്ഥിതി രൂക്ഷമാണ്.