കോവിഡ് ഇന്ത്യയിലെത്തിയിട്ട് ഇന്ന് രണ്ട് വര്‍ഷം; ആദ്യ രോഗി വുഹാനില്‍ നിന്നെത്തിയ തൃശൂര്‍ സ്വദേശിനിയായ മെഡിക്കല്‍ വിദ്യാര്‍ത്ഥിനി


കോഴിക്കോട്: ലോകത്തെയാകെ നിശ്ചലമാക്കിയ കോവിഡ് മഹാമാരിയുടെ മൂന്നാം തരംഗം ഇപ്പോള്‍ ആഞ്ഞടിക്കുകയാണ്. ചൈനയിലെ വുഹാനില്‍ നിന്ന് ഉത്ഭവിച്ച് ലോകമാകെ പരന്ന ഈ വൈറസിന്റെ പല വകഭേദങ്ങളെയും ഇക്കാലയളവില്‍ നമ്മള്‍ കണ്ടു.

ഇന്നേക്ക് കൃത്യം രണ്ട് വര്‍ഷം മുമ്പാണ് ഇന്ത്യയില്‍ ആദ്യ കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. വുഹാനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന തൃശൂര്‍ സ്വദേശിനിയായിരുന്നു ഇന്ത്യയിലെ ആദ്യ കോവിഡ് രോഗി. 2020 ജനുവരി 30 നായിരുന്നു ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്.

തൃശൂര്‍ ജില്ലാ ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡിലാണ് ഇവരെ പ്രവേശിപ്പിച്ചിരുന്നത്. രോഗിയെ നിരന്തരം നിരീക്ഷിക്കാന്‍ പ്രത്യേക മെഡിക്കല്‍ സംഘവും രൂപീകരിച്ചിരുന്നു. ഇവര്‍ക്ക് രോഗം ഗുരുതരമായിരുന്നില്ല.

പിന്നീടിങ്ങോട്ടുള്ള രണ്ട് വര്‍ഷത്തിനിടെ മൂന്ന് കോവിഡ് തരംഗങ്ങളാണ് രാജ്യത്ത് ആഞ്ഞടിച്ചത്. ഇന്ത്യയില്‍ പലയിടത്തും കാര്യങ്ങള്‍ കൈവിട്ട് പോയപ്പോഴും കേരളം കോവിഡിനെ ഫലപ്രദമായി നേരിട്ടിരുന്നു.

രാജ്യത്തെ ആദ്യ കോവിഡ് രോഗിക്ക് ഒരു വര്‍ഷത്തിന് ശേഷം വീണ്ടും കോവിഡ് സ്ഥിരീകരിച്ചിരുന്നു. വുഹാന്‍ സര്‍വ്വകലാശാലയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായിരുന്ന ഇവര്‍ ഡല്‍ഹിക്ക് പോകാനായി കോവിഡ് പരിശോധന നടത്തിയപ്പോഴാണ് വീണ്ടും പോസിറ്റീവാണെന്ന് അറിഞ്ഞത്. രണ്ടാം തവണയും ഇവര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നില്ല.