കോഴിക്കോട് ബീച്ചീല്‍ കൂട്ടുകാരനോടൊപ്പം ഇരുന്ന യുവാവിനെ കൊടുവാളുപയോഗിച്ച് വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം: പ്രതി പിടിയില്‍


കോഴിക്കോട്: ബീച്ചില്‍ കൂട്ടുകാരോടൊപ്പം ഇരുന്ന യുവാവിനെ വെട്ടിക്കൊലപ്പടുത്താന്‍ ശ്രമിച്ച കേസിലെ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു. വെസ്റ്റ്ഹില്‍ശാന്തിനഗര്‍ കോളനി ദ്വാരകയില്‍ രതീഷ് (38) നെയാണ് വെള്ളയില്‍ പൊലീസ് അറസ്റ്റ് ചെയ്തത്. ഡിസംബര്‍ മൂന്നിന് രാത്രിയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്.

ശാന്തിനഗര്‍ കോളനി ബീച്ചില്‍ സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന സുനിലിനെ മുന്‍ വൈരാഗ്യത്താല്‍ പ്രതി രതീഷ് കൊടുവാള്‍ കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. തലയ്ക്ക് വെട്ടേറ്റ സുനില്‍ ഓടി രക്ഷപ്പെട്ടതിനാലാണ് ജീവന്‍ നഷ്ടപ്പെടാതിരുന്നത്.

കോഴിക്കോട്ടു നിന്നു മുങ്ങിയ രതീഷ് തിരുവനന്തപുരത്ത് ഒളിവില്‍ കഴിഞ്ഞു. പൊലീസ് വിവരം അറിഞ്ഞു അവിടെ എത്തിയപ്പോള്‍ തമിഴ്‌നാട്ടിലേക്കു കടന്നു. ഇയാളെ പിടികൂടാനായി പൊലീസ് പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു. ചെന്നൈയില്‍ ഒളിവില്‍ താമസിക്കുന്ന വിവരം അറിഞ്ഞു പൊലീസ് അവിടേക്കു പോകാനൊരുങ്ങുമ്പോഴാണു രതീഷ് കോഴിക്കോട്ടെത്തിയത്. ചില സുഹൃത്തുക്കളെ കണ്ട് ഒളിവില്‍ താമസിക്കുന്നതിന് പണം സ്വരൂപിക്കാനായി രതീഷ് കോഴിക്കോട്ടു വരാന്‍ സാധ്യതയുണ്ടെന്ന വിവരത്തെ തുടര്‍ന്നു പൊലീസ് നിരീക്ഷണം നടത്തുമ്പോഴാണു കോഴിക്കോട് റെയില്‍വേ സ്റ്റേഷന്‍ പരിസരത്തു നിന്നു പിടികൂടിയത്. പ്രതിയുടെ പേരില്‍ തിരുവനന്തപുരം ജില്ലയിലെ നേമം, പൂജപ്പുര സ്റ്റേഷനുകളിലായി വധശ്രമത്തിനും, വീടുകയറി ആക്രമണം നടത്തിയതിനും, കവര്‍ച്ചക്കും, കൂട്ടക്കവര്‍ച്ചക്കിടെ ആയുധമുപയോഗിച്ച് മാരകമായ പരിക്കേല്‍പ്പിച്ചതിനും മറ്റുമായി നിരവധി കേസ്സുകള്‍ നിലവിലുണ്ട്.

വെള്ളയില്‍ പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ജി.ഗോപകുമാര്‍, എസ്‌ഐ യു.സനീഷ്, എഎസ്‌ഐ ദീപു കുമാര്‍, സീനിയര്‍ സിവില്‍ പൊലീസ് ഓഫിസര്‍ എന്‍.നവീന്‍, സിപിഒ മാരായ എം.ജയചന്ദ്രന്‍, കെ.പ്രസാദ് എന്നിവരടങ്ങിയ അന്വേഷണ സംഘമാണു രതീഷിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു. രതീഷ് ഒളിവില്‍ കഴിയുന്ന സമയത്തു പ്രതിയുടെ വീടിനു ആരോ തീ വച്ച സംഭവവും ഉണ്ടായിരുന്നു.