കൊയിലാണ്ടി മേഖലയില്‍ ആള്‍ത്താമസമില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചുള്ള മോഷണം പതിവാകുന്നു: വീടുപൂട്ടി പോകുന്നവരോട് പൊലീസിന് പറയാനുള്ളത് ഇതാണ്


കൊയിലാണ്ടി: കൊയിലാണ്ടി മേഖലയില്‍ ആളില്ലാത്ത വീടുകള്‍ കേന്ദ്രീകരിച്ചുളള മോഷണം പതിവാകുന്നു. ഏറ്റവും ഒടുവില്‍ തിരുവങ്ങൂരിലാണ് കഴിഞ്ഞദിവസം മോഷണം നടന്നിരിക്കുന്നത്. ഇരുപതിനായിരം രൂപയും പതിനാറ് പവന്‍ സ്വര്‍ണാഭരണങ്ങളുമാണ് ഇവിടെ നിന്നും നഷ്ടപ്പെട്ടത്.

ദിവസങ്ങള്‍ക്കു മുമ്പ് പെരുമാള്‍പുരത്ത് റിട്ടയേര്‍ഡ് അധ്യാപികയായ അംബികയും വീട്ടിലും കള്ളന്‍ കയറിയത് വീട്ടില്‍ ആരുമില്ലാതിരുന്ന സമയത്താണ്. എട്ടുപവന്‍ സ്വര്‍ണവും ഇരുപതിനായിരം രൂപയും ഇവിടെ നിന്നും നഷ്ടമായിരുന്നു. രണ്ടുദിവസം സഹോദരന്റെ വീട്ടില്‍ തങ്ങി വീട്ടില്‍ തിരികെയെത്തിയ സമയത്താണ് അംബിക മോഷണം നടന്ന വിവരം അറിഞ്ഞതുതന്നെ.

ജനുവരിയില്‍ മൂടാടി ഹില്‍ബസാറിലെ ഒരുവീട്ടിലും സമാനമായ രീതിയില്‍ മോഷണം നടന്നിരുന്നു. ഈ വീട്ടിലുള്ളവരെല്ലാം വിദേശത്തായിരുന്നു. വീട്ടിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ യാദൃശ്ചികമായി പരിശോധിച്ചപ്പോള്‍ വാതില്‍ തുറന്ന് കിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് മോഷ്ടാവിന്റെ ദൃശ്യം ശ്രദ്ധയില്‍പ്പെട്ടത്. ഇവിടെനിന്നും ആയിരത്തഞ്ഞൂറോളം രൂപ നഷ്ടമാവുകയും ചെയ്തിരുന്നു.

ഇത്തരം സംഭവങ്ങളില്‍ പലപ്പോഴും മോഷണം നടന്ന വിവരം വീട്ടുകാര്‍ അറിയുന്നത് ഏറെ വൈകിയായിരിക്കും. ഇതോടെ മോഷ്ടാക്കളെ പിടികൂടുന്നത് ബുദ്ധിമുട്ടാകും. ഏത് ദിവസമാണ് മോഷണം നടന്നതെന്നുപോലും കൃത്യമായി മനസിലാക്കാന്‍ കഴിയാത്ത അവസ്ഥ ചിലയിടങ്ങളിലുണ്ടായിട്ടുണ്ട്.

ആളില്ലാത്ത വീടുകളില്‍ മോഷണം പതിവാകുന്ന സാഹചര്യത്തില്‍ ആളുകള്‍ കുറേക്കൂടി ജാഗ്രത പാലിക്കണമെന്നാണ് കൊയിലാണ്ടി പൊലീസ് നിര്‍ദേശിക്കുന്നത്. ഇതുപോലുള്ള വീടുകള്‍ കേന്ദ്രീകരിച്ച് മോഷണം നടത്തുന്നവര്‍ നേരത്തെ വീടുകള്‍ കണ്ടുവെച്ച് രാത്രിസമയത്ത് വീടുകളിലെത്തി മോഷണം നടത്തുകയാണ് പതിവെന്നും പൊലീസ് പറയുന്നു. തുടര്‍ച്ചയായി പകല്‍സമയത്ത് ലൈറ്റുകള്‍ തെളിഞ്ഞുനില്‍ക്കുന്നതും, വീടുകളുടെ മുന്‍വശത്ത് പത്രങ്ങളും മറ്റും ചിതറിക്കിടക്കുന്നതുമൊക്കെ ശ്രദ്ധയില്‍പ്പെട്ടാല്‍ ഒറ്റനോട്ടത്തില്‍ ആളില്ലാത്ത വീടാണെന്ന് മനസിലാവും ഇത്തരം സാഹചര്യത്തില്‍ പൊലീസ് പൊതുവില്‍ ചില നിര്‍ദേശങ്ങള്‍ മുന്നോട്ടുവെക്കുന്നുണ്ട്.

വീടുപൂട്ടി പോകുന്നവരോട് പൊലീസിന് പറയാനുള്ളത്:

കുറച്ചധികം ദിവസം വീട്ടില്‍ ആളില്ലാതെ വരുമെങ്കില്‍ പോകുന്നതിനു മുമ്പ് ഇക്കാര്യം സ്ഥലത്തെ പൊലീസ് സ്റ്റേഷനില്‍ അറിയിക്കണം

വീടുകളിലെ ലൈറ്റുകളെല്ലാം അണച്ചുവെന്ന് ഉറപ്പുവരുത്തുക

വീട്ടില്‍ പത്രക്കെട്ടുകള്‍, കല്ല്യാണക്കുറികള്‍ തുടങ്ങിയ അലക്ഷ്യമായി കിടക്കുന്ന സാഹചര്യം ഒഴിവാക്കുക

വീട്ടില്‍ ആളില്ലാത്ത കാര്യം അയല്‍വീട്ടുകാരെ അറിയിക്കുക.