സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധിച്ചേക്കും; യൂണിറ്റിന് 92 പൈസ വര്‍ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബിയുടെ ശുപാര്‍ശ


തിരുവനന്തപുരം: കേരളത്തില്‍ വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കും. ഈ വര്‍ഷത്തേക്ക് മാത്രമായി യൂണിറ്റിന് 92 പൈസ വര്‍ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി ശുപാര്‍ശ ചെയ്തു. അന്തിമ താരിഫ് പെറ്റീഷന്‍ വൈദ്യുതി റെഗുലേറ്ററി കമ്മീഷന് സമര്‍പ്പിച്ചു.

2022-23 സാമ്പത്തിക വര്‍ഷത്തേക്ക് മാത്രം യൂണിറ്റിന് ഒരു രൂപ വര്‍ധിപ്പിക്കണമെന്നാണ് ആദ്യം കെ.എസ്.ഇ.ബി ആവശ്യപ്പെട്ടത്. എന്നാല്‍ മന്ത്രിതല ചര്‍ച്ചകള്‍ക്കും വിവിധ സംഘടനകളുമായി നടത്തിയ ചര്‍ച്ചകള്‍ക്കും ശേഷം ഇത് 92 പൈസയാക്കാന്‍ ബോര്‍ഡ് തീരുമാനിക്കുകയായിരുന്നു.

അഞ്ച് വര്‍ഷം കൊണ്ട് യൂണിറ്റിന് ഒന്നര രൂപ വരെ വര്‍ധിപ്പിക്കണമെന്നാണ് ശുപാര്‍ശ. കെ.എസ്.ഇ.ബിയുടെ താരിഫ് പെറ്റീഷനില്‍ അന്തിമ തീരുമാനം വൈദ്യുതി റെഗുലേറ്ററി കമ്മീഷന്റെതാണ്. പൊതുജനങ്ങള്‍ക്കിടയില്‍ ചര്‍ച്ച ചെയ്ത ശേഷം തീരുമാനിക്കുന്ന തുക ഏപ്രില്‍ മാസം മുതല്‍ പ്രാബല്യത്തില്‍ വരും.

ഇതാദ്യമായാണ് ഒരു സാമ്പത്തിക വര്‍ഷത്തില്‍ ഇത്ര വലിയ തുക വര്‍ധിപ്പിക്കണമെന്ന് കെ.എസ്.ഇ.ബി ആവശ്യപ്പെടുന്നത്. വിലവര്‍ധനവിലൂടെ 2284 കോടി രൂപ അധികമായി കണ്ടെത്താനാണ് ബോര്‍ഡ് ലക്ഷ്യമിടുന്നത്.

നിലവിലെ താരിഫ് പ്രകാരം ഗാര്‍ഹിക ആവശ്യത്തിനുള്ള വൈദ്യുതിയുടെ നിരക്ക് യൂണിറ്റിന് 4.79 രൂപയാണ്. ശുപാര്‍ശ പ്രകാരമുല്‌ള വില വര്‍ധനവ് പ്രാബല്യത്തില്‍ വന്നാല്‍ ഇത് 5.66 രൂപയായി ഉയരും. 18 ശതമാനമാണ് വില വര്‍ധിക്കുക.