കൊയിലാണ്ടി താലൂക്ക് ആശുപത്രി കടുത്ത നിയന്ത്രണങ്ങളിലേക്ക്; തിങ്കളാഴ്ച മുതല്‍ ജനറല്‍ ഒ.പി മാത്രം- വിശദാംശങ്ങള്‍ അറിയാം


കൊയിലാണ്ടി: കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ തിങ്കളാഴ്ച മുതല്‍ ഇനിയൊരു അറിയിപ്പുണ്ടാവുന്നതുവരെ ജനറല്‍ ഒ.പി മാത്രമേ ഉണ്ടാവുകയുള്ളൂവെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു. കോവിഡ് വ്യാപന സാഹചര്യത്തില്‍ നടന്ന ജില്ലാതലയോഗത്തില്‍ സ്ഥിതിഗതികള്‍ വിലയിരുത്തിയശേഷമാണ് തീരുമാനം.

ആശുപത്രിയിലെ ജീവനക്കാരിലടക്കം രോഗവ്യാപനം ശക്തമായ സാഹചര്യത്തിലാണിത്. നാല് ഡോക്ടര്‍മാര്‍ അടക്കം പതിനാറ് ജീവനക്കാരാണ് ആശുപത്രിയില്‍ കോവിഡ് പോസിറ്റീവായിട്ടുള്ളത്. വരുംദിവസങ്ങളില്‍ ഇത് വര്‍ധിക്കാന്‍ സാധ്യതയുണ്ട്. കൂടാതെ വീട്ടില്‍ കോവിഡ് രോഗികളുള്ള സാഹചര്യത്തില്‍ ജോലിക്ക് എത്താന്‍ കഴിയാത്തവരുമുണ്ട്.

രോഗലക്ഷണങ്ങള്‍ കാണുന്നവര്‍ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം ആശുപത്രിയിലേക്ക് എത്തിയാല്‍ മതിയെന്നും അല്ലാത്തവര്‍ വീട്ടില്‍ സ്വയം നിരീക്ഷണത്തില്‍ ഇരിക്കേണ്ടതാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. ലക്ഷണങ്ങളായി വരുന്നവരില്‍ വലിയൊരു ശതമാനവും കോവിഡ് രോഗികളാണ്. ഈ സാഹചര്യത്തില്‍ ലക്ഷണങ്ങളുള്ളവര്‍ കോവിഡ് രോഗികളാണെന്ന് സ്വയം തിരിച്ചറിഞ്ഞ് ആശുപത്രിയും സമൂഹത്തിലും വീടുകളിലും പെരുമാറണം. നേരത്തെ പിന്തുടര്‍ന്നുപോന്നിരുന്ന ക്വാറന്റൈന്‍ ശീലങ്ങള്‍ പിന്തുടരുകയും വേണം. ഏഴു ദിവസം ക്വാറന്റൈനില്‍ കഴിഞ്ഞശേഷം ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തണം. പോസിറ്റീവാണെങ്കില്‍ ക്വാറന്റൈന്‍ തുടരണം. നെഗറ്റീവാണെങ്കില്‍ ഏഴുദിവസം കൂടി കഴിഞ്ഞശേഷമേ പുറത്തിറങ്ങാവൂവെന്നും നിര്‍ദേശമുണ്ട്.

ഒമിക്രോണിന് വ്യാപന സാധ്യത കൂടുതലാണ്. ഗുരുതരാവസ്ഥ കുറവാണെങ്കിലും ഇപ്പോഴും മരണങ്ങള്‍ സംഭവിക്കുന്നുണ്ട്. ഇതിന്റെ കണക്കുകള്‍ കുറച്ചുകഴിഞ്ഞേ ലഭിക്കുകയുള്ളൂ. അതിനാല്‍ ജാഗ്രത കൈവിടരുത്. രോഗലക്ഷണമുള്ളവരുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തില്‍ പരിശോധനാ ഫലം വൈകുന്നുണ്ട്. ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തുമ്പോള്‍ ലാബില്‍ ആവശ്യത്തിന് ജീവനക്കാര്‍ ഇല്ലാത്തതുകൊണ്ടും പരിശോധനകള്‍ കുത്തനെ ഉയര്‍ന്നതിനാലും ഫലം കിട്ടുന്നത് വൈകും. ഈ സാഹചര്യത്തില്‍ ഫലം വരുന്നതുവരെ കര്‍ശനമായ നിരീക്ഷണത്തില്‍ കഴിയണമെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നവര്‍ ആര്‍.ആര്‍.ടി വളണ്ടിയര്‍മാരില്‍ നിന്നും മരുന്നുകള്‍ വാങ്ങുകയും രോഗലക്ഷണങ്ങള്‍ ഏറെ നാള്‍ നീണ്ടുനില്‍ക്കുകയോ ഗുരുതരമാകുകയോ ചെയ്യുന്ന സാഹചര്യത്തില്‍ ഡോക്ടറുടെ സഹായം തേടുകയോ ചെയ്യേണ്ടതാണ്.

കോവിഡ് സാഹചര്യത്തില്‍ ജീവനക്കാരുടെ അപര്യാപ്ത പരിഹരിക്കാനുള്ള നടപടികള്‍ എടുക്കണമെന്ന് യോഗത്തില്‍ ആശുപത്രി അധികൃതര്‍ ഡി.എം.ഒയെ അറിയിച്ചിട്ടുണ്ട്.

[vote]