കൊയിലാണ്ടിയില്‍ കോണ്‍ഗ്രസ് ഓഫീസിന് നേരെ ആക്രമണം; കൊടിമരം പിഴുതെടുത്ത് കൊണ്ടുപോയി


കൊയിലാണ്ടി: നഗരത്തിലെ കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം. റെയിൽവേ സ്റ്റേഷൻ റോഡിൽ സ്ഥിതി ചെയ്യുന്ന ബ്ലോക്ക് കോൺഗ്രസ് ഓഫീസായ സി.കെ.ജി സെന്ററിന് നേരെ രാത്രി ഒമ്പതരയോടെയാണ് ആക്രമണം നടന്നത്.

ഓഫീസിന്റെ ജനൽച്ചില്ലുകൾ എറിഞ്ഞു തകർത്ത അക്രമികൾ ഓഫീസിന് മുന്നിലുണ്ടായിരുന്ന കൊടിമരം പിഴുതെടുത്ത് കൊണ്ടുപോയി.

ഇടുക്കി എഞ്ചിനിയറിങ് കോളേജിൽ കൊല്ലപ്പെട്ട ധീരജിന്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കൊയിലാണ്ടിയിലൂടെ കടന്ന് പോയതിന് പിന്നാലെയായിരുന്നു കോൺഗ്രസ് ഓഫീസിന് നേരെ ആക്രമണം നടന്നത്.

കൊയിലാണ്ടി പൊലീസും കോൺഗ്രസ് നേതാക്കളും സംഭവസ്ഥലത്തെത്തി. ബ്ലോക്ക് കോൺഗ്രസ് ഓഫീസിന് നേരെയുള്ള ആക്രമണത്തില്‍ ശക്തമായി പ്രതിഷേധിക്കുന്നതായി കോണ്‍ഗ്രസ് ബ്ലോക്ക് പ്രസിഡന്റ് വി.വി.സുധാകരന്‍ പറഞ്ഞു. അക്രമത്തിന് പിന്നില്‍ സി.പി.എം പ്രവര്‍ത്തകരാണെന്ന് അദ്ദേഹം ആരോപിച്ചു.

[wa]

 

ധീരജിന്റെ മൃതദേഹവുമായുള്ള വിലാപയാത്ര കൊയിലാണ്ടിയിൽ-വീഡിയോ കാണാം: