കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവർമാർക്ക് ബിഗ് സല്യൂട്ട്; അന്തരിച്ച സഹപ്രവർത്തകന്റെ കുടുംബത്തിന് താങ്ങായി ഒരു നന്മയോട്ടം


കൊയിലാണ്ടി: ‘കൂടെയുണ്ടായിരുന്നപ്പോൾ അറിഞ്ഞിരുന്നില്ല ഇത്രയധികം വേദനകളുടെ പാതയിലൂടെയാണ് അവന്റെ യാത്രയെന്ന്. ഓട്ടോക്കൂട്ടം കൂടി സൊറ പറയുമ്പോഴും ജീവിതം ചർച്ച ചെയ്യുമ്പോഴും ശ്രീപ്രസാദ്‌ അതിലെ മൗനാസ്വാദകനായിരുന്നു. തന്റെ വേദനകൾ ആരും അറിയരുതെന്നുള്ള നിഷ്കർഷയായിരിക്കാം അതിനു പിന്നിൽ. അര്‍ബുധം ബാധിച്ച് മരണപ്പെട്ട കൊയിലാണ്ടിയിലെ ഓട്ടോ ഡ്രൈവര്‍ ശ്രീപ്രസാദിന്റെ ഓർമ്മകളിലേക്ക് ഓട്ടോക്കാരുടെ പ്രധിനിധി ഗോപിച്ചേട്ടൻ ഊളിയിട്ടു.

തങ്ങളുടെ സഹപ്രവർത്തകനായ അന്തരിച്ച ശ്രീപ്രസാദിന്റെ കുടുംബത്തിനായി ഇന്നത്തെ ഓട്ടം ഓടി കിട്ടുന്ന തുക മുഴുവൻ മാറ്റി വച്ചിരിക്കുകയാണ് കൊയിലാണ്ടിയിലെ ഓട്ടോക്കൂട്ടം. രാവിലെ എട്ടുമണിക്ക് മുതൽ വൈകിട്ട് എട്ടു മണി വരെ ഓടി കിട്ടിയ പണം സമാഹരിക്കുമ്പോഴാണ് ഗോപി കൊയിലാണ്ടി ന്യൂസിനോട് സംസാരിക്കുന്നത്. തങ്ങളിലൊരാൾക്കു വേണ്ടി സഹായമാകാൻ കഴിഞ്ഞതിന്റെ സന്തോഷം ആ വാക്കുകളിൽ ഏറെയുണ്ടായിരുന്നു.

‘ആറു വർഷത്തോളമായി ശ്രീപ്രസാദിനെ കാണാൻ തുടങ്ങിയിട്ട്, എന്നാൽ ഒരിക്കൽ പോലും അവൻ തന്റെ സങ്കടങ്ങളൊന്നും ആരോടും പറഞ്ഞിരുന്നില്ല. ക്യാൻസർ ബാധിതനായി വേദനയിൽ പുളയുമ്പോഴും അവൻ ജോലിക്കു വരുമായിരുന്നു, വേദന മുഴുവൻ കടിച്ചു പിടിച്ച് വളരെ സൗമ്യമായി യാത്രക്കാരെ അതാതു സ്ഥാനത്ത് എത്തിക്കുമായിരുന്നു അവൻ’ കുടുംബത്തിന്റെ ഏക അത്താണി ആയിരുന്നു അവൻ.

രണ്ടര മാസം മുൻപാണ് ശ്രീപ്രസാദ്‌ അന്തരിച്ചത്. ‘അവൻ പോയതോടെ ആ കുടുംബത്തിന്റെ അവസ്ഥ വളരെ ദയനീയമാണ്. എന്നാൽ അപ്പോഴും ഞങ്ങൾ വിവരങ്ങളൊന്നുമറിഞ്ഞിരുന്നില്ല.’ ശ്രീപ്രസാദിന്റെ സ്വദേശമായ മുചുകുന്നിലെ നല്ലവരായ നാട്ടുകാർ മൂടാടി പഞ്ചായത്ത് പ്രസിഡന്റിന്റെ നേതൃത്വത്തിൽ ഒരു കമ്മിറ്റി രൂപീകരിച്ചിരുന്നു. അവരാണ് ഞങ്ങളെ വിവരമറിയിച്ചത്.’ മുൻപ് അറിയാൻ കഴിഞ്ഞില്ല എന്ന സങ്കടം മുഴുവൻ ഗോപിയുടെ വാക്കുകളിലുണ്ടായിരുന്നു.

കണ്ണിനു കാഴ്‌ചയില്ലാത്ത ഭാര്യയും, ഒരു കുഞ്ഞും തന്റെ അമ്മയുമാണ് ശ്രീപ്രസാദിന്റെ വീട്ടിലുള്ളത്. ശ്രീയുടെ മരണത്തോടെ ജീവിതം എങ്ങനെ മുന്നോട്ടു പോകുമെന്നറിയാതെ പകച്ചു നിൽക്കുന്നവർക്കാണ് തങ്ങളുടെ ഒരു ദിവസത്തെ മുഴുവൻ സമ്പാദ്യം നൽകാൻ കൊയിലാണ്ടി ഓട്ടോക്കൂട്ടം തീരുമാനിച്ചത്.

‘ഈ വിവരമറിഞ്ഞ ഉടനെ തന്നെ ഓട്ടോക്കാരോടെല്ലാവരോടും പറയുകയും, ഭൂരിപക്ഷമാളുകളും ഒരേ സ്വരത്തിൽ ഇത് ചെയ്യാമെന്ന് സമ്മതിക്കുകയുമായിരുന്നു’ എന്ന് ഗോപി പറഞ്ഞു.

ഓട്ടോക്കാരുടെ ഇന്നത്തെ നന്മ സര്‍വീസ് കെ.കെ.രാധാകൃഷ്ണന്റെ അധ്യക്ഷതയില്‍ കൊയിലാണ്ടി ട്രാഫിക്ക് എസ് ഐ വി.എം.ശശിധരന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു. ഗോപി ഷെല്‍ട്ടര്‍, ചന്ദ്രന്‍,എ.കെ.ശിവദാസ് സംസാരിച്ചു.

സഹജീവികളോടുള്ള നന്മയും കരുതലും ഇനിയും നിലച്ചിട്ടില്ല എന്നതിന്റെ സാക്ഷ്യമാണ് കൊയിലാണ്ടിയിലെ ഓട്ടോകൂട്ടം. ഓട്ടോ ചേട്ടന്മാർക്ക് ഞങ്ങളുടെ ബിഗ് സല്യൂട്ട്.